എം.പി. പരമേശ്വരൻ
ഡോ. എം. പി. പരമേശ്വരൻ ചിന്തകനാണ്. പ്രചാരകനാണ്. പ്രവർത്തകനാണ്. ഇവ മൂന്നും സമഞ്ജസമായി മേളിക്കുന്ന മലയാളി ജീനിയസുകളുടെ മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ചിന്ത ശുദ്ധശാസ്ത്രത്തിലും (ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു) സാങ്കേതികവിദ്യയിലും നിന്ന് ഇവയുടെ പരിണാമത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിലേക്കും സാമൂഹ്യശാസ്ത്രങ്ങളിലേക്കും വ്യാപരിച്ചു. അത്രമേൽ വിപുലമായ ചിന്താമണ്ഡലത്തിന്റെ ഉടമ.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബിരുദം എടുത്ത ശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആണവ ശാസ്ത്രത്തിൽ പി.എച്ച്.ഡി എടുത്തു. 20 വർഷക്കാലം ഭാഭാ ആറ്റോമിക് സെന്ററിൽ ജോലി ചെയ്തു. 1975ൽ കേരളത്തിലേക്ക് തിരികെ വന്നു. രണ്ട് ലക്ഷ്യങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഒന്ന്, കേരളത്തിലെ ശാസ്ത്ര പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക. രണ്ട്, പാർട്ടിക്കുവേണ്ടി ചിന്ത പ്രസിദ്ധീകരണ ശാല സ്ഥാപിക്കുക. ഈ രണ്ട് പ്രവർത്തനങ്ങളും അടുത്ത മൂന്ന് പതിറ്റാണ്ട് കാലം അദ്ദേഹം ഒരുമിച്ച് കൊണ്ടുപോയി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളുടെ പര്യവസാനത്തിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും ഒരിക്കലും പാർട്ടി വിരുദ്ധൻ ആയില്ല. തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിച്ചു.
കേരളത്തിലെ ശാസ്ത്ര പ്രസ്ഥാനത്തിന്റെ വളർച്ചയിലും ദിശാബോധത്തിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ശാസ്ത്ര പ്രചാരണത്തിന് നൂതന വഴികൾ അദ്ദേഹം കണ്ടുപിടിച്ചു. അതേസമയം, ശാസ്ത്ര പ്രസ്ഥാനത്തിനുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന സംഭാവന എന്തെന്ന് ചോദിച്ചാൽ വികസനവുമായി ബന്ധപ്പെടുത്തി നൽകിയ പുതിയ ദിശാബോധമാണ്. ഒന്ന്, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ കൃഷിയിലും വ്യവസായത്തിലും വിന്യസിക്കണം. അതുവഴി ഉല്പാദനക്ഷമതയും ഉല്പാദനവും ഉയർത്തണം. രണ്ട്, ഇതിന്റെ നേട്ടങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകണം. സാധാരണക്കാർ ഗുണഭോക്താക്കൾ ആയിരുന്നാൽ മാത്രം പോരാ, അവരെ കർതൃ സ്ഥാ നത്തേക്ക് ഉയർത്തുകയും വേണം.
പണ്ടൊരിക്കൽ എന്നോടുചോദിച്ചു - ഭാവികേരളത്തെക്കുറിച്ചുള്ള സ്വപ്നം എന്താണ്? എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിങ്ങനെ നീണ്ട പട്ടിക ഞാൻ പറഞ്ഞു. “പോരടോ! എല്ലാവർക്കും ജനാധിപത്യംകൂടി വേണം. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല, എന്തുവേണമെന്നു തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കാളിത്തംകൂടി വേണം.”
വികസന ചിന്തയിൽ എം.പിയുടെ മൂന്നാമത്തെ സംഭാവന പരിസ്ഥിതി പരിഗണനക്ക് അടിവരയിട്ടു എന്നതാണ്. വികസനം സ്ഥായിയായിരിക്കണം. എന്ത് പദ്ധതി എടുക്കുമ്പോഴും മുൻപിൻ ബന്ധങ്ങളും, ദീർഘകാല, സാമൂഹിക പ്രത്യാഘാതങ്ങളും വിലയിരുത്തിയിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ എം.പി. പരമേശ്വരൻ ഉണ്ടായിരുന്നു. മേല്പറഞ്ഞ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ വികസന പ്രക്രിയയിൽ നേരിട്ട് ഇടപെടുന്നതിന് അധികാര വികേന്ദ്രീകരണം ഇടം സൃഷ്ടിക്കുന്നു എന്നത് അദ്ദേഹത്തെ ആവേശഭരിതനാക്കി.
കേരള വികസനത്തെ കുറിച്ച് പേര് വെച്ചും അല്ലാതെയും ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ എഴുതിയിട്ടുണ്ട്. അടിസ്ഥാന സമീപനം ലളിതമാണ്. വികസനമെന്നാൽ സമ്പത്തിന്റെ വളർച്ച മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാണ്. തീർന്നില്ല, ആ വളർച്ച ഇന്ന് ഉണ്ടായാൽ പോരാ നാളെയും ഉണ്ടാവും എന്ന ഉറപ്പുണ്ടാവണം. ഇത് ആസൂത്രണം ചെയ്യുന്നതിൽ ജനങ്ങൾക്ക് പങ്കാളിത്തം ഉണ്ടാവണം. ഈ ജന പങ്കാളിത്തം കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങളിലേക്ക് എത്തിക്കും, ഫലങ്ങൾ സൃഷ്ടിക്കും, കൂടുതൽ നല്ല പൗരന്മാർക്ക് രൂപം നൽകും. ഇതാണ് എം.പിയുടെ വികസന സങ്കൽപം. ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തിത്വങ്ങളിൽ ഒന്നാണ് എം.പി. ജനകീയാസൂത്രണത്തിലെ നേരിട്ടുള്ള പങ്കാളിത്തം മാത്രമല്ല അതിന് മുൻപ് ഒരു ദശാബ്ദ കാലം കേരളത്തിൽ നടന്ന തയാറെടുപ്പ് പരീക്ഷണങ്ങളെയും മുന്നിൽനിന്ന് നയിച്ചത് എം.പി. പരമേശ്വരൻ ആയിരുന്നു. അദ്ദേഹമായിരുന്നു സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. സാക്ഷരതയിൽ മുഴുകുന്നതിന് പകരം സാക്ഷരതക്ക് ശേഷം ഏറ്റെടുക്കേണ്ട ഭൂസാക്ഷരത പ്രസ്ഥാനത്തിന് അടിസ്ഥാനമാകേണ്ട വിഭവ ഭൂപഠനത്തിന് എന്നെ നിയോഗിച്ചത് എം.പി ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പഞ്ചായത്തുകളിൽ പ്രാദേശിക വികസന പരീക്ഷണങ്ങൾ നടന്നു. ജനകീയാസൂത്രണത്തിന്റെ തീരുമാനം എടുത്തശേഷം ഒത്തിരി രാവും പകലും അത് എങ്ങനെ വേണമെന്ന് എം.പിയെപ്പോലുള്ളവരോടൊക്കെ ചർച്ച ചെയ്താണ് കരടുപരിപാടി തയാറാക്കി ഇ.എം.എസിന് സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. സംസ്ഥാനതല റിസോഴ്സ പേഴ്സണുകളിൽ മൂന്നിലൊന്നെങ്കിലും പേർ പരിഷത്തിന്റെ പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു. പരിഷത്തിനെയാകെ സജീവമായി ജനകീയാസൂത്രത്തിലേക്ക് ഇറക്കുന്നതിൽ നിർണായക പങ്ക് എം.പി വഹിക്കുകയുണ്ടായി. പരിഷത്തിന്റെ എല്ലാതലങ്ങളിലെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. സെൻ കമ്മിറ്റി റിപ്പോർട്ട് തയാറാക്കുന്നതിൽ നിർണായക പങ്ക് എം.പിക്ക് ഉണ്ടായിരുന്നു. പരിഷത്തിന്റെ ക്ലാസുകളിൽ പങ്കെടുത്ത ആരും അദ്ദേഹത്തെ മറക്കില്ല. സങ്കീർണ കാര്യങ്ങൾ പോലും അതിലളിതമായി വിശദീകരിക്കാനുള്ള പാടവവും സ്വതസിദ്ധമായ നർമ്മബോധവും ആ ക്ലാസുകളെ ജീവസ്സുറ്റതാക്കി. ജനകീയസാക്ഷരതാ യജ്ഞം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരത് ജ്ഞാന്‍വിജ്ഞാന്‍ സമിതി രൂപവത്കരിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തു. ഇന്ത്യയിലെ ജനകീയ ശാസ്ത്രസംഘടനകളുടെ കൂട്ടായ്മയായ ഓള് ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക് രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയതും അദ്ദേഹം തന്നെ.ഭാവിയെക്കുറിച്ച് ഇതുപോലെ സ്വപ്നം കാണുന്ന ഒരാൾ വേറെയുണ്ടാവില്ല. ആ സ്വപ്നങ്ങളിൽ ഒരു ഭാഗം എന്നും ഉട്ടോപ്യകളിലാണ്. ആ ഉട്ടോപ്യയെ ഞാൻ വിശേഷിപ്പിക്കുക, എറിക് ഓളിൻ റൈറ്റിന്റെ ഭാഷയിൽ “റിയൽ ഉട്യോപ്യ” എന്നാണ്. വെറും സ്വപ്നമല്ല, ഇന്നത്തെ യാഥാർത്ഥ്യത്തിൽ കാലുറപ്പിച്ചുകൊണ്ടുള്ള നാളെയുടെ സ്വപ്നം.
ശുഭപ്രതീക്ഷകളും അതു നിറവേറ്റാനുള്ള പ്രവർത്തനങ്ങളുമാണ് ആ സ്വപ്നങ്ങളുടെ സവിശേഷത. കൂടുതൽ മെച്ചപ്പെട്ട സമൂഹത്തിനുവേണ്ടിയുള്ള സ്വപ്നങ്ങൾ. മൂല്യബോധമുള്ള, ജീവിതഗുണമേന്മയുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുന്ന എംപിയുടെ ആത്മകഥക്ക് "കാലഹരണമില്ലാത്ത സ്വപ്നങ്ങൾ" എന്ന പേരിട്ടത് തികച്ചും അർഥവത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.