അവർ കൊണ്ട വെയിലാണ് നാം ആസ്വദിക്കുന്ന തണൽ

​ഏതൊരു സമൂഹത്തിന്റെയും അടിത്തറ പണിതുയർത്തുന്നത് അവിടുത്തെ മുതിർന്ന തലമുറയാണ്. അവരുടെ അധ്വാനവും ത്യാഗവും അനുഭവ സമ്പത്തുമാണ് ഇന്നു നാം അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ കാതൽ. എന്നാൽ ആയുസ്സിന്റെ സായാഹ്നത്തിൽ ഈ തലമുറ അനുഭവിക്കുന്ന ഒറ്റപ്പെടലും അവഗണനയും തികച്ചും വേദനാജനകമാണ്.

ഐക്യരാഷ്ട്രസഭ പൊതുസഭയുടെ തീരുമാനപ്രകാരം 1991മുതലാണ് ഒക്ടോബർ ഒന്ന് ലോക വയോജന ദിനമായി ആചരിക്കാൻ തുടങ്ങിയത്.

വ്യക്തികേന്ദ്രീകൃത കുടുംബ സംവിധാനങ്ങളുടെ വളർച്ചയും മക്കളുടെ വിദേശ ജോലികളും കാരണം പല മുതിർന്ന പൗരരും സ്വന്തം വീടുകളിലും വൃദ്ധസദനങ്ങളിലും തികച്ചും ഒറ്റപ്പെടുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക തളർച്ചക്കുമൊപ്പം മാനസികമായ അവഗണനയും ചൂഷണവും കൂടി നേരിടേണ്ടി വരുന്നത് ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.

​മക്കളാൽ അവഗണിക്കപ്പെടുന്ന,വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന മാതാപിതാക്കളുടെ കണ്ണീരൊപ്പാനും അവർക്ക് അർഹമായ നീതിയും സംരക്ഷണവും ഉറപ്പാക്കാനുമായി ഒരു എളിയ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ഈ കുറിപ്പുകാരൻ നടത്തുന്ന നിയമപോരാട്ടങ്ങളും നിമിത്തമായിട്ടുണ്ട്.

2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം സർക്കാർ തലത്തിൽ നിരന്തരമായി ഇടപെടലുകൾ നടത്തി. വൃദ്ധസദനങ്ങളിലുള്ള അന്തേവാസികളുടെ ബന്ധുക്കളെയും മക്കളെയും കണ്ടെത്താൻ സർക്കാറും സാമൂഹികനീതി വകുപ്പും പ്രത്യേക നിർദ്ദേശങ്ങളും ഉത്തരവുകളും ഇറക്കുന്നതിൽ ഈ പോരാട്ടം നിർണായകമായി. കണ്ണൂർ ജില്ലയിൽ മാത്രം ഉപേക്ഷിക്കപ്പെട്ട 60-ഓളം മാതാപിതാക്കളെ കണ്ടെത്തി മക്കളുടെ കൂടെ തിരിച്ചയച്ച്, അന്തസ്സോടെ ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കാൻ ഇതുവഴി സാധിച്ചു.

വൃദ്ധമാതാപിതാക്കൾക്ക് സംരക്ഷണം ഒരുക്കാത്തവർക്കെതിരെ മെയിന്റനൻസ് ഓഫീസർമാർ വഴി ശക്തമായ നിയമനടപടി സ്വീകരിക്കാനും നിർബന്ധിത ജീവനാംശം ഈടാക്കാനും വകുപ്പ് തലത്തിൽ സർക്കുലറുകൾ പുറപ്പെടുവിക്കാൻ സാധിച്ചത് ഈ രംഗത്തെ വലിയൊരു നാഴികക്കല്ലാണ്.

​ഇന്ത്യയിൽ തന്നെ ആദ്യമായി പ്രത്യേക വയോജന ക്ഷേമ വകുപ്പ് രൂപവത്കരിച്ച കേരളത്തിന്റെ തീരുമാനം വയോജന സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പോന്നതാണ്. ഈ വകുപ്പ് വഴി അടിയന്തരമായി നടപ്പാക്കേണ്ട ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു

ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് പരാതികൾ നൽകാനും അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈനും പ്രത്യേക വയോജന സംരക്ഷണ സേനയും രൂപവത്കരിക്കണം. എല്ലാ വാർഡുകളിലും ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ കണക്കെടുപ്പ് നടത്തുകയും അവർക്കായി ആധുനിക സൗകര്യങ്ങളുള്ള സായംപ്രഭ/പകൽവീടുകൾ ആരംഭിക്കുകയും വേണം.

സൗജന്യ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും മറവിരോഗം പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങളും സർക്കാർ തലത്തിൽ ഒരുക്കണം.

അതിനോടൊപ്പം തന്നെ വൃദ്ധസദനങ്ങളിൽ അനാഥരാക്കപ്പെടു ന്ന മാതാപിതാക്കൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാനും മക്കളിൽ നിന്ന് ജീവനാംശം ഈടാക്കാനും പഞ്ചായത്ത്/നഗരസഭാ തലത്തിൽ സൗജന്യ നിയമസഹായ സെല്ലുകൾ നിർബന്ധമാക്കണം. അങ്ങിനെ ഓരോ മനുഷ്യർക്കും വാർധക്യത്തിൽ മാന്യമായും സന്തോഷത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമൊരുങ്ങട്ടെ.

Tags:    
News Summary - Building a Shield of Dignity, Care, and Legal Protection for Senior Citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.