ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോകുന്നു
‘ഗാന്ധിജി നമ്മെയോർത്ത് അഭിമാനിക്കും’
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന്, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമീഷന്റെ ‘വോട്ട് മോഷണ’ത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഡൽഹിയിൽ ഒത്തുകൂടിയ പൗരരെ പൊലീസ് ഓടിച്ചിട്ടു പിടിക്കുകയും കൈയേറ്റം ചെയ്യുകയും ബസുകളിൽ കുത്തിനിറച്ച് കൊണ്ടുപോവുകയും ചെയ്തു. ഗാന്ധിജിയുടെ സമാധാന-അഹിംസാ മാർഗങ്ങളെക്കുറിച്ച് രാജ്യം സ്മരിക്കുന്ന അതേ ദിനത്തിൽ തന്നെയാണ് ജനങ്ങൾക്കുമേൽ ക്രൂരമായ ഈ ബലപ്രയോഗം നടന്നത്. സി.ആർ.പി.എഫ്, റാപിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയ കേന്ദ്ര സായുധസേനകൾക്കു പുറമെ നാലായിരത്തോളം ഉദ്യോഗസ്ഥരെയാണ് ഡൽഹി പൊലീസ് വിന്യസിച്ചത്. കൊണാട്ട് പ്ലേസിലും പരിസരത്തുമുള്ള 11 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും ചെയ്തു.
ഐസ നേതാവ് നേഹ ബോറ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സി.പി.എം നേതാവ് ബൃന്ദ കാരാട്ട്, ആപ് നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, സഞ്ജയ് സിങ് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത പൊലീസ്, ആർ.ജെ.ഡിയുടെ രാജ്യസഭാംഗം മനോജ് ഝായെപ്പോലും വെറുതെവിട്ടില്ല. കൊണാട്ട് പ്ലേസിലും ജന്തർ മന്തറിനടുത്തും മറ്റുമായി സംഭവങ്ങൾ കൗതുകത്തോടെ നോക്കിനിന്ന വഴിയാത്രക്കാരെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെപ്പോലും പിടിച്ചുകൊണ്ടുപോയി.
മാധ്യമപ്രവർത്തകരും പ്രതിഷേധക്കാരും ജനപഥിൽ ഒത്തുകൂടിയപ്പോൾ, ലാത്തിയും ഷീൽഡുമേന്തിയ റാഫ് ഉദ്യോഗസ്ഥരും കണ്ണീർവാതക വാഹനങ്ങളും ടോൾസ്റ്റോയ് മാർഗിലേക്കുള്ള അവരുടെ പ്രവേശനം തടഞ്ഞു. രാവിലെ പത്തരയോടെ, ‘‘റോഡിൽനിന്ന് ഒഴിഞ്ഞുപോവുക, അല്ലെങ്കിൽ നിങ്ങൾക്ക് പരിക്കേൽക്കാം’’ എന്ന അനൗൺസ്മെന്റ് മുഴക്കാൻ തുടങ്ങിയിരുന്നു പൊലീസ്.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാജസ്ഥാനിൽനിന്നെത്തിയ ആഞ്ചൽ എന്ന ഗവേഷക പറഞ്ഞു: ‘‘ഈ ഫാഷിസ്റ്റ് ഭരണകൂടം നമ്മിൽനിന്ന് കവർന്നെടുക്കാൻ ശ്രമിക്കുന്ന ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കാനാണ് നാം ഇവിടെ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കുമാണ് ഗാന്ധി നമ്മെ നയിച്ചത്. എന്നാൽ, ഇന്ന് നമ്മുടെ രാജ്യത്ത് എവിടെയാണ് സ്വാതന്ത്ര്യം? സ്ത്രീകൾ, ആദിവാസികൾ, ദലിതുകൾ, വോട്ടർമാർ എല്ലാവരുടെയും സ്വാതന്ത്ര്യം അപകടത്തിലാണ്. വോട്ട് ചെയ്യാനുള്ള അവകാശംപോലുമില്ലെങ്കിൽ പിന്നെ നമ്മൾ എങ്ങനെയാണ് സ്വതന്ത്രരാകുന്നത്?’’
ഇത്തരം പൊതുപ്രതിഷേധങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നവർ പലപ്പോഴും ചോദിക്കാറുള്ള അതേ ചോദ്യം ഞാൻ അവരോട് ചോദിച്ചു: ‘‘പൊലീസിനെയും മാധ്യമങ്ങളെയും സകല സംവിധാനങ്ങളെയും വരുതിയിലാക്കി വെച്ചിരിക്കുന്ന ഒരു സർക്കാരിനെതിരെ നമുക്ക് എന്ത് പ്രതീക്ഷയാണുള്ളത്?’’
ആഞ്ചലിന്റെ മറുപടി ഇതായിരുന്നു: ‘‘അവരുടെ പക്കൽ എല്ലാം ഉണ്ടായിരിക്കാം, എന്നാൽ ജനങ്ങളും ഇച്ഛാശക്തിയും നമുക്കൊപ്പമാണ്. സാധാരണക്കാരുടെ ശബ്ദമാണിത്. ഇതൊരു ജനകീയമുന്നേറ്റമാണ്; പാർശ്വവൽകൃതർ നയിക്കുന്ന ഈ മുന്നേറ്റത്തെ അടിച്ചമർത്താനാകില്ല!’’
ഇതേക്കുറിച്ച് ഗാന്ധിജിക്ക് എന്തായിരിക്കും തോന്നുക എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘‘ഗാന്ധിജി നമ്മെക്കുറിച്ച് ഏറെ അഭിമാനിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’
നിരവധി യൂട്യൂബർമാരും സ്വതന്ത്ര മാധ്യമപ്രവർത്തകരും അവിടെയെത്തിയിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിനുമുന്നിൽ മുട്ടുമടക്കിയിട്ടുണ്ടാകാം; എന്നാൽ ജനകീയ മാധ്യമപ്രവർത്തനം ഇന്നും സജീവമാണ്.
മാധ്യമപ്രവർത്തന വിദ്യാർഥിയായ മുഹമ്മദ് കൈഫ് പറഞ്ഞു: ‘‘ഞങ്ങളുടെ പ്രദേശത്തെ ബി.എൽ.ഒയെ കണ്ട് പ്രതിഷേധിക്കാൻ ചെന്നപ്പോൾ ഞങ്ങൾക്ക് നേരെ കൈയേറ്റമുണ്ടായി! ഈ രാജ്യം നമ്മളെല്ലാവരുടെയും കൂടിയല്ലേ? ‘ഈശ്വർ അല്ലാഹ് തേരേ നാം’ എന്നല്ലേ ഗാന്ധിജി പറഞ്ഞത്, എന്നിട്ടും എന്തിനാണ് ഈ വിവേചനം? സമാധാനപരമായി ശബ്ദമുയർത്താനാണ് നാം ഇവിടെ വന്നത്, പിന്നെയെന്തിനാണ് പൊലീസ് ഷീൽഡുകളും ലാത്തികളും പ്രയോഗിക്കുന്നത്?’’
വിദിഷ എന്ന മറ്റൊരു പെൺകുട്ടിയും സമാനമായ കാര്യമാണ് പങ്കുവെച്ചത്: ‘‘നമുക്ക് അഹിംസയുടെ മാർഗം പകർന്നുനൽകിയ മനുഷ്യനെ നാം സ്മരിക്കുന്ന അതേ ദിനത്തിൽത്തന്നെ ഇത്തരമൊരു അക്രമത്തിന് നാം ഇരയാകുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നത്?’’
യു.പി സിവിൽ സർവീസിന് തയാറെടുക്കുന്ന ഋതിക് എന്ന വിദ്യാർഥി തെരഞ്ഞെടുപ്പ് കമീഷനിലെ സുതാര്യതയില്ലായ്മയിലും പക്ഷപാതത്തിലും അങ്ങേയറ്റം രോഷാകുലനാണ്. കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളിലും ഋതിക് നിരാശ പ്രകടിപ്പിച്ചു:
‘‘ഏത് ലോകത്താണ് ഇന്ത്യ ‘വിശ്വഗുരു’ ആയിരിക്കുന്നത്? എത്രയോ സ്ഥലങ്ങളിൽ കുടിവെള്ളംപോലുമില്ല! പത്രസ്വാതന്ത്ര്യ സൂചികയിൽ നാം കൂപ്പുകുത്തിയിരിക്കുന്നു. നിങ്ങൾ യഥാർഥത്തിൽ ഒരു വിശ്വഗുരുവാണെങ്കിൽ എന്തിനാണ് ഇത്രയധികം കാര്യങ്ങൾ മറച്ചുവെക്കുകയും വിവരങ്ങൾ തിരുത്തുകയും ചെയ്യുന്നത്? നിങ്ങൾ പറയുന്നത് ഒന്നാണ്, ചെയ്യുന്നത് മറ്റൊന്നാണ്. പൊലീസിന്റെ ലാത്തിയടിയിൽനിന്ന് ഞാനും എന്റെ സുഹൃത്തുക്കളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.’’
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർഥിനി പറഞ്ഞു: ‘‘ഇങ്ങനെ ചെയ്യാൻ ഭരണഘടനാപരമായി ഇവർക്ക് അധികാരമുണ്ടോ? ഗാന്ധിജയന്തി ദിനത്തിൽ ഇത്തരമൊരു അക്രമം നടക്കുന്നത് വിചിത്രമാണ്. ഈ സർക്കാരിന് വോട്ട് ചെയ്തവരോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം; അവർ ഇന്ന് ഞങ്ങളെ ആക്രമിക്കുകയാണ്, നാളെ അവർ നിങ്ങളെയും ആക്രമിക്കും!’’
ഒരു യുവ യൂട്യൂബർ പറഞ്ഞു: ‘‘പൊലീസ് ഇത്തവണ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ മൊബൈൽ ഡാറ്റ വിച്ഛേദിച്ചപ്പോൾ ഞാൻ കഫേകളിലെ വൈ-ഫൈ ആണ് ഉപയോഗിച്ചിരുന്നത്, എന്നാൽ ഇക്കുറി അവർ കഫേകളിലെ കണക്ഷൻപോലും വിച്ഛേദിച്ചു. ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിരന്തരം അനൗൺസ്മെന്റുകൾ നടത്തുന്നുമുണ്ട്! ഞങ്ങൾ ഭീകരവാദികളല്ല; വോട്ടവകാശം എന്ന ഏറ്റവും അടിസ്ഥാനപരമായ പൗരാവകാശത്തിനുവേണ്ടിയാണ് നാം വാദിക്കുന്നത്!’’
തുടർന്ന് അവർ ഇതുംകൂടി കൂട്ടിച്ചേർത്തു: ‘‘സത്യത്തിൽ, ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഈ സർക്കാരിനെതിരെ തെരുവിലിറങ്ങി പോരാടുമായിരുന്നു.’’ അപ്പോഴേക്കും പൊലീസിന്റെ എല്ലാ പ്രതിരോധങ്ങളെയും അടിച്ചമർത്തലുകളെയും അവഗണിച്ച് കൊണാട്ട് പ്ലേസിലേക്ക് കൂടുതൽ കൂടുതൽ ജനങ്ങൾ ഒഴുകിയെത്തുന്നുണ്ടായിരുന്നു.
(വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.