ഗാന്ധിയൻ ദർശനവും ഇന്ത്യൻ ജനാധിപത്യവും; വോട്ടവകാശത്തിന്‍റെ സുതാര്യതയും പൗരന്‍റെ അധികാരവും

എന്റെ ജീവിതമാണ് എന്റെ സന്ദേശം -മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇന്ത്യയുടെ പൊതുജീവിതത്തെയും ജനാധിപത്യത്തെയും വിലയിരുത്താനുള്ള മാനദണ്ഡമാണ്. അധികാരം ജനങ്ങളിലധിഷ്ഠിതമായിരിക്കണമെന്നും, സ്വാശ്രയത്വവും സത്യവും ഉറപ്പുവരുത്തുന്ന ഒരു ഇന്ത്യയായിരിക്കണം നിലനിൽക്കേണ്ടതെന്നും ഗാന്ധിജി സ്വപ്നം കണ്ടു. ഗാന്ധി ജയന്തി നമ്മെ ഓർമിപ്പിക്കുന്നത് അധികാരത്തേക്കാൾ സത്യത്തിനും, വ്യക്തിയേക്കാൾ സമൂഹത്തിനും, രാഷ്ട്രീയ വിജയത്തേക്കാൾ ജനങ്ങളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകണമെന്നാണ്.

അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിലൊന്നായ തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർപട്ടികയും ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. ജനാധിപത്യ രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും വലിയ രാഷ്ട്രീയ അധികാരമാണ് വോട്ട്. വോട്ടിന് പണമില്ല, പദവിയില്ല, ജാതിയില്ല, മതമില്ല, സമ്പത്തില്ല. ഭരണാധികാരിയും സാധാരണ തൊഴിലാളിയും കർഷകനും വിദ്യാർഥിയും അധ്യാപകനും ഒരേ വോട്ടവകാശത്തിന്റെ ഉടമകളാണ്. ഓരോ വോട്ടും തുല്യമായി പരിഗണിക്കപ്പെടുന്നുവെന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിത്തറ.

ഇന്ത്യൻ തെഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായ സ്വതന്ത്ര സ്ഥാപനമാണ്. അത്തരമൊരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ ജനവിശ്വാസമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ നിയമപരമായി ശരിയാണെന്നത് മാത്രം പോരാ. അവ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സുതാര്യമായിരിക്കുകയും വേണം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഒരേ മാനദണ്ഡം ബാധകമാണെന്ന ബോധ്യം ഉണ്ടാകണം.

ഏറ്റവും പ്രധാനമായി, ഒരു സാധാരണ വോട്ടർക്ക് തന്റെ വോട്ട് സുരക്ഷിതമാണെന്നും തന്റെ പേര് വോട്ടർപട്ടികയിൽ നിലനിൽക്കുന്നുണ്ടെന്നും ഉറപ്പുണ്ടാകണം. ഇന്ന് പ്രധാന ചർച്ചകളിലൊന്നാണ് സ്പെഷൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്.ഐ.ആർ. ഇലക്ഷൻ കമ്മീഷൻ നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വോട്ടർ പട്ടികയുടെ കരടിൽ നിന്ന് 13 കോടിയിലധികം പേരുകൾ നീക്കം ചെയ്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല സുപ്രധാന തീരുമാനങ്ങളും ഉത്തരവുകളും ഇറക്കിയതെന്ന് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം ചൂണ്ടിക്കാണിക്കുന്നു.

പുതിയ വോട്ടർമാർക്കുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ അനധികൃതവും നിയമവിരുദ്ധവുമാണെന്ന് അവർ രേഖപ്പെടുത്തി. വോട്ടർ പട്ടികയുടെ സുരക്ഷ, പുതിയ വോട്ടർമാരെ ചേർക്കൽ, വെട്ടിമാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ ഈ കമ്മീഷണർമാർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ പേരുകൾ, സ്ഥലം മാറിയവരുടെ പേരുകൾ, ഇരട്ട എൻട്രികൾ തുടങ്ങിയവ നീക്കം ചെയ്യുന്നതും അർഹരായ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാഭാവിക നടപടിയുടെ ഭാഗമാണ്. എന്നാൽ, അതിനൊപ്പം മറ്റൊരു തുല്യപ്രധാനമായ ഉത്തരവാദിത്വമുണ്ട്, ഒരു യഥാർത്ഥ വോട്ടറുടെ പേര് തെറ്റായി ഒഴിവാക്കപ്പെടരുത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ വോട്ടർ സേവന സംവിധാനത്തിൽ പേര് പരിശോധിക്കാനും, തിരുത്തലുകൾ ആവശ്യപ്പെടാനും, അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനും, പരാതികൾ നൽകാനും, അപ്പീൽ നൽകാനും സംവിധാനങ്ങളുണ്ട്. ഇത് കൂടുതൽ ജനകീയവും ലളിതവുമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രായമായവർ, പ്രവാസികൾ, സാധാരണക്കാർ, സാങ്കേതിക പരിജ്ഞാനം കുറവുള്ളവർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകമായ നടപടികൾ ഉണ്ടാകണം. ഒരു പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല, വോട്ടർപട്ടികയിൽ നിന്ന് ഒരു പേര് ഒഴിവാകുന്നത് ഒരു രേഖയിലെ തെറ്റായി മാത്രം കാണാനാവില്ല. അത് ഒരു പൗരന്റെ ഭരണഘടനാപരമായ രാഷ്ട്രീയ പങ്കാളിത്തത്തെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് പേര് ഒഴിവാക്കുന്നതിന് മുമ്പ് വ്യക്തമായ അറിയിപ്പും വിശദീകരണവും നൽകണം. പരാതിപ്പെടാനും തെളിവുകൾ സമർപ്പിക്കാനും യുക്തമായ സമയം നൽകണം. തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള ഫലപ്രദമായ സംവിധാനവും ഉണ്ടായിരിക്കണം.

ഇത്തരം സുതാര്യത ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. എസ്.ഐ.ആർ സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീം കോടതിയിലും വാദങ്ങൾ ഉയർന്നിട്ടുണ്ട്. 2026 മേയ് 27-ലെ സുപ്രീം കോടതി വിധിയുടെ രേഖയിൽ എസ്.ഐ.ആർ പരിധി, പൗരത്വ നിർണയവുമായി ബന്ധപ്പെട്ട അധികാരപരിധി തുടങ്ങിയ വിഷയങ്ങളിൽ ഹർജിക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യത്യസ്ത വാദങ്ങൾ ഉന്നയിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു കാര്യമാണ്:

തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായിരിക്കണം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ നടപടിയും ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുകയും വേണം.ഒരു സ്ഥാപനത്തെ ശക്തിപ്പെടുത്തുക എന്നത് അതിനെ ചോദ്യം ചെയ്യരുത് എന്നല്ല. മറിച്ച്, ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശവും ഉത്തരങ്ങൾ നൽകാനുള്ള ഉത്തരവാദിത്വവും ഒരുപോലെ നിലനിൽക്കുമ്പോഴാണ് സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തമാവുന്നത്.

ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തയിൽ സാധാരണ മനുഷ്യനായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള നമ്മുടെ ചർച്ചകളിലും കേന്ദ്രസ്ഥാനത്ത് നിൽക്കേണ്ടത് സാധാരണ വോട്ടറാണ്.

ഒരു തൊഴിലാളിക്ക് തന്റെ പേര് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയുന്നുണ്ടോ?

ഒരു വയോധികന് തന്റെ പേര് ഒഴിവാക്കിയാൽ അതിനെതിരെ പരാതി നൽകാൻ സാധിക്കുമോ ?

ഒരു പ്രവാസിക്ക് വോട്ടവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് യഥാർത്ഥ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ അളവുകോൽ.

ജനാധിപത്യം തെരഞ്ഞെടുപ്പ് ദിവസം മാത്രം സംഭവിക്കുന്നതല്ല, തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മാത്രം ഓർക്കേണ്ട ഒന്നല്ല. വോട്ടർപട്ടിക തയാറാക്കുന്ന ദിവസം മുതൽ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെയും, അതിനുശേഷവും ജനാധിപത്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യൻ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണങ്ങളിലൊന്നാണ്. അതിന്റെ ശക്തി പാർട്ടികളിലോ നേതാക്കളിലോ അല്ല, മറിച്ച് ഓരോ ഇന്ത്യൻ പൗരന്റെയും വോട്ടിലാണ്. അത് സ്വതന്ത്രമായും തുല്യമായും വിശ്വാസയോഗ്യമായും രേഖപ്പെടുത്തപ്പെടുന്നു എന്നുറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ കടമയാണ്.

അധികാരം ജനങ്ങളിലധിഷ്ഠിതമായിരിക്കണമെന്നും, സ്വാശ്രയത്വവും സത്യവും ഉറപ്പുവരുത്തുന്നതുമായിരിക്കണം ഭാരതമെന്ന് മഹാത്മാഗാന്ധി സ്വപ്നം കണ്ടു. അവസാനത്തെ പൗരന്റെയും രാഷ്ട്രീയ അവകാശം സംരക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്. അതിനാൽ, ഒരു സാധാരണ പൗരന്റെ പോലും വോട്ടവകാശം ഒഴിവാക്കപ്പെടില്ലെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൂർണ്ണ വിശ്വാസവും സുതാര്യതയും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഗാന്ധിയൻ ആശയങ്ങളോടും ഭരണഘടനയോടും നമുക്ക് പുലർത്താൻ കഴിയുന്ന ഏറ്റവും വലിയ നീതി.

ഹാപ്പി ഗാന്ധി ജയന്തി

രാജാവ് ദൈവമാണ്

വിമർശനമരുത് -

സ്തുതിച്ചേക്കാം..

രാഷ്ട്രപിതാ ഘാതകൻ

അഭിനവ ഹീറോയാണ് -

നമിച്ചേക്കാം..

വംശവെറി

ബുൾഡോസറായും

കുറുവടിയായും

തെരുവുകളിൽ

ജീവനെടുക്കുന്നു -

ഉള്ളാൽ ചിരിച്ചേക്കാം..

ഒരു കീറു മരുഭൂമിയിൽ

ബോംബറുകളിൽ നിന്ന് ബാക്കിയായ

കുഞ്ഞുങ്ങൾ

വിശപ്പു തിന്ന്

മരിച്ചു കൊണ്ടേയിരിക്കുന്നു -

കണ്ണടച്ചേക്കാം..

നീതിയെന്നത്

ശക്തന്റെ വ്യാഖ്യാനങ്ങളും

ദുർബലന്റെ

നിസഹായതയുമായി

തരം താഴ്ന്നെന്നാരോ -

കണ്ടില്ലെന്നു നടിച്ചേക്കാം.

നാട് വെന്താലെന്ത്

ആരു ചത്താലെന്ത്;

എന്റെ യാത്രകൾ

എന്റെ ഭക്ഷണം

എന്റെ ക്ഷണ നേര ഗർവുകൾ -

സ്റ്റാറ്റസിടണം

എത്രപേർ കണ്ടുവെന്ന്

ഓരോ നിമിഷവും നോക്കിയാനന്ദിക്കണം

പൊള്ളു പറഞ്ഞും

കണ്ണിറുക്കിയുമല്ലാതെ

എങ്ങിനെ

നാലു കാശുണ്ടാക്കും

സത്യാന്വേഷണങ്ങളൊക്കെ

പിന്നെയാക്കാം...

ഓ മറന്നു;

ഒക്ടോബർ 2 -

നാലു വരകൾ കൊണ്ടു തീർത്ത്

ചിലവ് കുറച്ചൊരു

പോസ്റ്ററിട്ടേക്കാം -

ഹാ...പ്പി ഗാന്ധി ജയന്തി.

Tags:    
News Summary - Election Commission and Voter List Reforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.