ഫലസ്തീന്റെ പാഠപുസ്തകങ്ങളിൽ ഇസ്രായേൽ കൈകടത്തുമ്പോൾ
അധിനിവിഷ്ട കിഴക്കൻ ജറുസലേമിൽ പുതിയ അധ്യയനവർഷം ആരംഭിച്ചത് ഒരു പ്രധാന വിശേഷവുമായാണ്; ഇവിടുത്തെ 45,000 ഫലസ്തീൻ വിദ്യാർഥികൾ ഇക്കുറി പഠിക്കുന്നത് ഇസ്രായേൽ ഭരണകൂടം തയ്യാറാക്കിയ പാഠ്യപദ്ധതിയാണെന്ന വാർത്തയോടെ. അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്നുള്ള തങ്ങളുടെ അധ്യാപകർക്ക് ജറുസലേമിലേക്ക് കടക്കാൻ യാത്രാനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇവിടുത്തെ ക്രിസ്ത്യൻ സ്കൂളുകൾ പണിമുടക്കോടെയാണ് അധ്യയനവർഷത്തിലേക്ക് കടന്നത്.ഫലസ്തീനികളുടെ അവകാശങ്ങളിന്മേലുള്ള ഇസ്രായേലിന്റെ മറ്റൊരു കടന്നുകയറ്റമാണിത്. എന്നാൽ, ഫലസ്തീൻ അതോറിറ്റി തയ്യാറാക്കുന്ന പുസ്തകങ്ങളും അവരുടെ കീഴിൽ പരിശീലനം നേടിയ അധ്യാപകരും കുട്ടികളെ ‘‘വിദ്വേഷം പഠിപ്പിക്കുന്നു’’ എന്നതിനാൽ തികച്ചും ന്യായമായ ഇടപെടലാണ് നടത്തുന്നതെന്നാണ് ഇസ്രായേലിന്റെ വാദം.
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം, ഒരു പ്രദേശത്ത് അധിനിവേശം സ്ഥാപിച്ചവർക്ക് അവിടുത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാമെന്നല്ലാതെ പാഠ്യപദ്ധതിയിൽ കൈകടത്താൻ അവകാശമില്ല. അധിനിവേശശക്തികൾ നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായം മാറ്റി പുതിയ പാഠ്യപദ്ധതികൾ അടിച്ചേൽപ്പിക്കരുത് എന്ന് ജനീവ കൺവെൻഷൻ നടപ്പാക്കാൻ ചുമതലപ്പെട്ട അന്താരാഷ്ട്ര റെഡ് ക്രോസ് സമിതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും, ഫലസ്തീന്റെ മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ വിദ്യാഭ്യാസരംഗത്തും ഇസ്രായേൽ വ്യാപകമായി ഇടപെടുകയാണ്. കിഴക്കൻ ജറുസലേമിൽ നിന്നാരംഭിച്ച് വെസ്റ്റ് ബാങ്കിലേക്കും അടുത്ത കാലത്ത് ഗസ്സയിലേക്കും അത് വ്യാപിച്ചിരിക്കുന്നു. ഫലസ്തീൻ അതോറിറ്റിക്കുള്ള സാമ്പത്തികസഹായങ്ങൾ തടഞ്ഞുവെച്ചുകൊണ്ട് പാഠപുസ്തകങ്ങൾ തിരുത്താൻ സമ്മർദം ചെലുത്തണമെന്ന് വർഷങ്ങളായി അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും ഇസ്രായേൽ ആവശ്യപ്പെടുന്നു. ഗസ്സയിലെ സ്കൂൾ സൗകര്യങ്ങൾ തകർന്നടിഞ്ഞതോടെ, പാശ്ചാത്യസഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ വഴി തങ്ങൾക്കിഷ്ടമുള്ള സിലബസുകൾ അടിച്ചേൽപ്പിക്കാനും ഇസ്രായേലിന് സാധിക്കുന്നു.
ഫലസ്തീൻ കുട്ടികൾ ‘‘വിദ്വേഷം പഠിക്കുന്നത് തടയാനാണ്’’ തങ്ങളുടെ ശ്രമം എന്ന ഇസ്രായേൽ വാദം അസത്യമാണ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ധനസഹായത്തോടെ ഫലസ്തീൻ-ഇസ്രായേലി ഗവേഷകർ ചേർന്ന് നടത്തിയ പഠനം പോലും തെളിയിക്കുന്നത്, ഫലസ്തീൻ പുസ്തകങ്ങൾ ഇസ്രായേലികളോട് വിദ്വേഷം വളർത്തുന്നില്ല എന്നാണ്. അപ്പോൾ ഫലസ്തീൻ പാഠപുസ്തകങ്ങൾക്കെതിരെ ഇസ്രായേൽ ഇത്രമാത്രം ശത്രുത കാണിക്കുന്നത് എന്തുകൊണ്ടായിരിക്കും? കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ വെട്ടിമാറ്റി വിതരണം ചെയ്ത പാഠപുസ്തകങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും: ഫലസ്തീന്റെ ദേശീയപതാക, ദേശീയഗാനം, അവരുടെ ചരിത്രം, പരമാധികാരം തുടങ്ങിയ ദേശീയ അടയാളങ്ങളെല്ലാം അതിൽനിന്ന് മായ്ച്ചുകളഞ്ഞിരിക്കുന്നു. 2025-ൽ പ്രൈമറി സ്കൂൾ പുസ്തകങ്ങളെക്കുറിച്ച് നടന്ന ഒരു പഠനം കാണിക്കുന്നത്, പലയിടത്തും ‘ഫലസ്തീൻ’ എന്നതിന് പകരം ‘ഇസ്രായേൽ’ എന്ന് മാറ്റിച്ചേർത്തതായും അധിനിവേശത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ വെട്ടിമാറ്റിയതായുമാണ്.
അധിനിവേശം, ഫലസ്തീൻ ചരിത്രം, സ്വയംനിർണയാവകാശം എന്നിവ സിലബസിൽ നിന്ന് നീക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അവ വിദ്വേഷം വളർത്തുന്നത് കൊണ്ടല്ല; മറിച്ച്, അവ കുട്ടികളിൽ ഫലസ്തീൻ എന്ന ദേശീയബോധം വളർത്തുന്നത് കൊണ്ടാണ്. ‘‘ഫലസ്തീൻ എന്നൊരു ജനതയേ ഇല്ല’’ എന്ന് തങ്ങളുടെ തുടക്കകാലം മുതൽ വാദിച്ചുപോരുന്ന ഇസ്രായേൽ ഭരണകൂടം എക്കാലവും ഭയപ്പെടുന്നതും ഈ ദേശീയബോധത്തെയാണ്. അതുകൊണ്ടുതന്നെ, കിഴക്കൻ ജറുസലേമിലെ സ്കൂളുകളിൽ നടക്കുന്ന ചെറുത്തുനിൽപ്പ് കേവലം പാഠപുസ്തകങ്ങൾക്കെതിരെയുള്ളതല്ല. അവിടുത്തെ രക്ഷിതാക്കളെയും അധ്യാപകരെയും ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്: ഇസ്രായേലി പാഠ്യപദ്ധതി അംഗീകരിക്കുക എന്നാൽ ജറുസലേമിന് മേലുള്ള ഇസ്രായേലിന്റെ അധികാരം അംഗീകരിക്കലും, ഫലസ്തീൻ സ്വത്വത്തെ സ്വയം ഇല്ലാതാക്കലുമാണ്. അധിനിവേശം, നക്ബ, അഭയാർഥിപ്രശ്നം, ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം തുടങ്ങിയ ചരിത്രയാഥാർഥ്യങ്ങൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ, ആ ചരിത്രത്തിൽ വേരൂന്നിയ ഫലസ്തീന്റെ രാഷ്ട്രീയനിലനിൽപ്പ് തന്നെ ഭാവിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ഫലസ്തീൻ പുസ്തകങ്ങൾ നിരന്തരം സെൻസർ ചെയ്യുന്ന ഇസ്രായേൽ, സ്വന്തം സ്കൂളുകളിൽ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത് എന്ന് ചോദിക്കാൻ പാശ്ചാത്യരാജ്യങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഓസ്ലോ കരാറിനു ശേഷം ഇസ്രായേലിൽ ഇറങ്ങിയ ചരിത്ര-ഭൂമിശാസ്ത്ര പുസ്തകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ഭാഷാശാസ്ത്രജ്ഞ നൂറിത് പെലെദ് എൽഹാനാൻ കണ്ടെത്തിയത്, അവയിൽ വംശീയമായ മുൻവിധികളും ഫലസ്തീനികളെ പൂർണമായി തമസ്കരിക്കുന്ന സമീപനവുമാണുള്ളത് എന്നാണ്. ഫലസ്തീനികളുടെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് ഒന്നുമറിയാതെ, അവരെ ഭയപ്പെടാനും വെറുക്കാനും മാത്രം ശീലിച്ചാണ് ഓരോ ഇസ്രായേലി കുട്ടിയും സ്കൂൾ കഴിഞ്ഞ് നിർബന്ധിത സൈനികസേവനത്തിനിറങ്ങുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
യഹൂദ സ്കൂളുകളിലെ 123 പാഠപുസ്തകങ്ങൾ വിശകലനം ചെയ്തുകൊണ്ട് യായേൽ ടെഫ്-സെക്കർ നടത്തിയ പഠനവും സമാനമായ കാര്യങ്ങളാണ് പറയുന്നത്. യഹൂദർ എപ്പോഴും ഇരകളാണെന്ന ബോധവും ശക്തമായ വംശീയകാഴ്ചപ്പാടുകളും ഈ പുസ്തകങ്ങൾ മുന്നോട്ടുവെക്കുന്നു. അതിൽ ഫലസ്തീൻ നിലപാടുകൾക്ക് യാതൊരു സ്ഥാനവുമില്ല. അറബ് നാടുകളുമായുള്ള സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്യുമ്പോഴും അധിനിവേശത്തെക്കുറിച്ച് നിർവികാരമായി മാത്രമാണ് പുസ്തകങ്ങൾ സംസാരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ‘യഹൂദ്യ’, ‘ശമര്യ’ തുടങ്ങിയ ഇസ്രായേലി പേരുകളിലാണ് പുസ്തകങ്ങളിൽ അടയാളപ്പെടുത്തുന്നത്.
ഫലസ്തീൻ സ്വത്വത്തെ മാറ്റിമറിച്ച ‘നക്ബ’യെ ഇസ്രായേൽ സിലബസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പഠിച്ച റോയ് വെയ്ൻട്രോബ് ഉൾപ്പെടെയുള്ള ഗവേഷകരുടെ കണ്ടെത്തലും ശ്രദ്ധേയമാണ്. ഇസ്രായേലി പുസ്തകങ്ങളിൽ ഈ വിഷയം തുലോം തുച്ഛമായി മാത്രമേ പരാമർശിക്കുന്നുള്ളൂ; മാത്രമല്ല, 1948-ലെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ചെയ്ത ക്രൂരതകളെ ന്യായീകരിക്കാനാണ് മിക്ക പുസ്തകങ്ങളും ശ്രമിക്കുന്നത്. സങ്കീർണമായ ചരിത്രങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് കൊണ്ടുമാത്രം, അന്ന് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളെയോ അനീതികളെയോ തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്ക് ലഭിക്കണമെന്നില്ല എന്ന് ഈ പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, ഈ സിലബസ് വിവാദം വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അത് അധികാരത്തിന്റെ രാഷ്ട്രീയമാണ്. ഒരു ജനതയുടെ ഭൂമിയും സഞ്ചാരസ്വാതന്ത്ര്യവും ബജറ്റുമെല്ലാം നിയന്ത്രിക്കുന്ന ശക്തി, തങ്ങളുടെ കുഞ്ഞുങ്ങളോട് ആ യാഥാർഥ്യം വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷയെക്കൂടി വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ സ്കൂൾ ക്ലാസ് മുറികളും യുദ്ധക്കളങ്ങളായി മാറുകയാണ്.
(ഗവേഷകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.