കുപ്പിച്ചില്ലും മഴവില്ലും

വിമർശനമാവാം എന്നാൽ നിന്ദ പാടില്ല എന്നുള്ളത് സംവാദങ്ങളിലേർപ്പെടുന്നവർ എപ്പോഴും സ്വാഗതം ചെയ്യേണ്ടൊരു മഹാതത്ത്വമാണ്. എന്നാൽ വിമർശനത്തിനും നിന്ദക്കുമിടയിലുള്ളത്, വളരെയേറെ ശ്രദ്ധിച്ചാൽപോലും വഴുക്കി വീഴാനിടയുള്ളൊരു നൂൽപാലമാണ്. അതുപോലെതന്നെയാണ് വിമർശനവും നിന്ദയും വേർതിരിയുന്ന അതിർത്തികളും!

സൂഫിസം മുമ്പും സംവാദവിധേയമായിട്ടുണ്ട്. ‘അനൽഹഖ്’ എന്ന സൂഫി ആശയലോകം അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ തന്നെ പിന്നീട് ആ കഥക്ക് ‘സംശയാസ്പദം’ എന്ന്പോലും തോന്നാവുന്ന ഒരു അടിക്കുറിപ്പ് നൽകുകയുണ്ടായി! എന്നാലിപ്പോൾ ശബ്നം നൂർജഹാൻെറ സൂഫി ചിന്തകളുടെ നേരെ, അതിൽനിന്നും വ്യത്യസ്തമായ രോഷപ്രകടനമാണ് ഇസ്‍ലാംമത പക്ഷത്തുനിന്നുള്ള ഒരുവിഭാഗം പണ്ഡിതരിൽനിന്ന് പൊതുവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ‘ഇസ്‍ലാം പ്രണയം സമർപ്പണം’ എന്ന പുസ്തകം പ്രധാനമായും ജലാലുദ്ദീൻ റൂമിയുടെ പ്രണയാർദ്രലോകത്തിലൂടെ അത്യന്തം ഹൃദ്യമായ ഒരനുഭൂതി യാത്രയാണ് നിർവഹിക്കുന്നത്. തത്ത്വവിവരണ വ്യഗ്രതയേക്കാൾ അതിൽ തിളങ്ങുന്നത് നിരുപാധിക സമർപ്പണത്തിൻെറ സൗന്ദര്യമാണ്. ‘നിൻെറ ജ്വലിക്കുന്ന ഒരേയൊരു നോട്ടത്തിൽ/എൻെറ സർവവും നീ കവർന്നെടുത്തില്ലേ...’

മതചിന്തകളിലെ ആശയവാദ സമീപനങ്ങൾ, സൂഫിസത്തിലെ ‘ഗുരു’സങ്കൽപം, തത്ത്വചിന്താതലത്തിലെ പെറുക്കിയെടുക്കൽ പ്രവണതകൾ എന്നിവയോട് യോജിപ്പില്ലാത്തവർക്കും സൂഫിസത്തിലെ പ്രിയം അനുഭവിക്കാനാവും. ഭക്തകവിത ആസ്വദിക്കാൻ ഭക്തി ആവശ്യമില്ലാത്തതുപോലെ, മഹാപർവതത്തിൻെറ ഔന്നത്യമറിയാൻ അതിൽ കയറേണ്ട കാര്യമില്ലാത്തതുപോലെ, സൂഫിവിമർശകർക്കും സൗന്ദര്യാനുഭവ ആഗ്രഹമുണ്ടെങ്കിൽ ആ മധുരമനോഹര മനോജ്ഞ സ്നേഹാനുഭൂതിയിൽ ആഴാനാവും.

‘ജീവിതം കൈപിടിച്ചാനയിച്ചത് ആത്മസംഘർഷത്തിൻെറ വഴിത്താരയിലേക്കായിരുന്നു. അതുവരെ കൂട്ടുണ്ടായിരുന്ന, ആശ്രയമായിരുന്ന, ബോധ്യങ്ങളെയെല്ലാം അത് തട്ടിപ്പറിച്ചു. ഈ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് എന്തിനെന്നന്വേഷിച്ച് ഇറങ്ങിത്തിരിക്കേണ്ടി വന്നു. ചെയ്ത കുറ്റം എന്തായിരുന്നു എന്നറിയാതെ, പരിഹാരം കണ്ടെത്താതെ, ഒരു ചുവടു മുന്നോട്ടുനീങ്ങാൻ സാധിക്കില്ലായിരുന്നു. കൺമുന്നിൽ ജീവിതം സത്യാന്വേഷണ യാത്രയായി മാറി. ഉള്ളിലെ പക്ഷി പല താഴ്വരകളിൽ അലഞ്ഞുതിരിഞ്ഞു. വിദൂരതയിൽ നിന്നും ആ ദിവ്യസുഗന്ധം ഒഴുകി അരികിലെത്തുംവരെ യാത്ര തുടർന്നു. പ്രണയികളുടെ മഹാഗുരു ജലാലുദ്ദീൻ റൂമിയുടെ മൊഴികളുടെ സൗരഭ്യമായിരുന്നു അത്... ഈ ജ്ഞാനസപര്യയിൽ നുകർന്ന ഒരു തുള്ളി മധുവിനെക്കുറിച്ച് അറിയാതെ പാടിപ്പറഞ്ഞുപോകുന്ന ഒരു കുഞ്ഞുപക്ഷി മാത്രം ഞാൻ. ഏതൊന്നു ലഭിച്ചാലോ മറ്റൊന്നുമേ വേണ്ടാത്തത്, അതിനെ കീർത്തിക്കുകയല്ലാതെ ഇവിടെ മറ്റെന്തു ചെയ്യാനാണ്...’(‘ഇസ്‍ലാം പ്രണയം സമർപ്പണം’ ആമുഖത്തിൽനിന്ന്).

‘എല്ലാ പ്രമുഖ മതങ്ങളിലെയും കാതലായ ഉപദേശങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഈ കൃതി. ഒരു കാര്യത്തേയും നിഷേധിക്കാനോ പ്രതിരോധിക്കാനോ അല്ല, കൂടുതൽ നന്നായി മനസ്സിലാക്കാൻ, സമാനതാ-വൈജാത്യങ്ങൾ തിരിച്ചറിയാൻ. ഏറെക്കാലം നീണ്ട ശ്രമകരമായ പഠന-മനനങ്ങളുടെ ഫലമാണ് ഇത്. ബന്ധനമുക്തമായ ഭാവനയും കുശാഗ്രബുദ്ധിയും സയൻസിലെ അന്വേഷണ രീതിശാസ്ത്രവുമായി ഉള്ള പരിചയവും താങ്ങും തണലുമായി ഉണ്ട്. സത്യാന്വേഷണത്വര എത്ര എടുത്താലും തീരാത്ത പ്രചോദന കലവറയായും...’(‘പ്രണയത്തിൻെറ കൊടുമുടിയിൽ സംഭവിക്കുന്നത്’. അവതാരികയിൽ സി. രാധാകൃഷ്ണൻ).

ശബ്നം നൂർജഹാൻെറ, ‘ഇസ്‍ലാം പ്രണയം സമർപ്പണം’ എന്ന പല നിലകളിൽ ശ്രദ്ധേയമായ കൃതി മതതത്ത്വങ്ങളുടെ അപഗ്രഥനത്തേക്കാൾ കാവ്യാത്മകമായൊരു അനുഭൂതിയുടെ ആവിഷ്‍കാരമാണ്. ‘ഒരു ജനതയുടെ ചുമതല എൻെറമേൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി വിസ്മയിച്ചു ജീവിക്കുമായിരുന്നു’ എന്നു പറഞ്ഞ കാൽപനികമായ ഒരു നബിയെ എവിടെയാണ് നമുക്കു കളഞ്ഞുപോയത് എന്ന ശബ്നം നൂർജഹാൻെറ ഒരൊറ്റ ചോദ്യത്തിൽ, ആ കാവ്യാത്മക അനുഭൂതിയത്രയും സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. തത്ത്വചിന്താപരമായ വിയോജിപ്പുകൾ നിലനിൽക്കെ, ഈയൊരു കൃതിയിലെയും, പൊതുവിൽ ശബ്നം നൂർജഹാൻ അവതരിപ്പിക്കുന്ന ആശയങ്ങളുടെയും സവിശേഷത അത് അടിമുടി സ്നേഹസാന്ദ്രമാണ് എന്നുള്ളതാണ്.

ഇരുട്ട് കട്ടപിടിക്കുന്നൊരു കാലത്ത് ഒരുതുള്ളി വെളിച്ചമെങ്കിൽ അത്രയും കടന്നുവരുന്ന ഒരൊറ്റവഴിയും അടച്ചുകെട്ടരുത്. അനീതിക്കെതിരെ സമരോത്സുകമാവാൻ കഴിയാത്ത കാൽപനിക സ്നേഹംപോലും നമ്മുടെ കാലത്ത് അഭിവാദ്യം ചെയ്യപ്പെടണം. ആരെത്ര തലകുത്തിനിന്നാലും സർവമതങ്ങളെയും, മതരഹിത കാഴ്ചപ്പാടുകളെയും ഒരു കുടക്കുകീഴിൽ തത്ത്വചിന്താപരമായി ഒന്നിപ്പിക്കാനാവില്ല. എത്ര സദുദ്ദേശ്യപരമായാലും അത്തരമൊരു ഐക്യം അസാധ്യമാണ്. അതൊരു അനിവാര്യതയുമല്ല. എന്നാൽ, പരസ്പരം പലകാരണങ്ങളാൽ മതങ്ങൾക്കിടയിൽ വന്നുപെട്ട വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാൻ കഴിയും, കഴിയണം.

പരിമിതികൾക്കിടയിലും അത്തരമൊരു ശ്രമത്തിലാണ് ശബ്നം നൂർജഹാനും ഏർപ്പെട്ടിരിക്കുന്നത്. എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ തമ്മിൽതമ്മിൽ ഉണ്ടെങ്കിലും, നിരവധി സങ്കുചിതത്വങ്ങൾ ഉണ്ടെങ്കിലും, മതങ്ങൾ വേറെ, ജാതിവേറെ എന്ന തിരിച്ചറിവ് ഇന്ന് ഇന്ത്യനവസ്ഥയിലെ ഏത് അന്വേഷണങ്ങളിലും നിറയണം. ശംബൂകവധം, കഠോപനിഷത്തിൻെറ അപഗ്രഥനം തുടങ്ങി വിശകലനത്തിൻെറ ചില സന്ദർഭങ്ങളിൽ മതങ്ങളും ജാതിയും കൂടിക്കുഴഞ്ഞത്, ശബ്നം നൂർജഹാൻ സ്വപ്നം കാണുന്ന സ്നേഹ കാഴ്ചപ്പാടിന് മുറിവേൽപിക്കും.

ഡോക്ടർ ഹുസൈൻ മടവൂരും ശബ്നവും കുടുംബവും തമ്മിലുള്ള ബന്ധം മാതൃകാപരമാണ്. സൂഫി വഴികളോട് വിയോജിപ്പ് കൃത്യം വ്യക്തമാക്കിക്കൊണ്ടുതന്നെ ഡോ.ഹുസൈൻ മടവൂരിനും, സ്വന്തം നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ശബ്നത്തിനും ഒന്നിച്ചിരുന്ന സൗഹൃദത്തോടെ സംവാദം നിർവഹിക്കാൻ കഴിയുന്നതിനെയാണ് എന്നും ജനായത്തവാദികൾ ഉയർപ്പിടിക്കേണ്ടത്.

മതവിശ്വാസങ്ങളും, അതിനകത്തുതന്നെയുള്ള വ്യത്യസ്ത വിശ്വാസങ്ങളും അപരവിദ്വേഷമുക്തമാണെങ്കിൽ, ഓരോരുത്തരുടെയും അഗാധമായ സ്വയംബോധ്യത്തിൻെറ സത്യവാങ്മൂലങ്ങൾ എന്ന നിലയിൽ ആ ആശയങ്ങളൊക്കെയും സംവാദാത്മകമായി സ്വാഗതം ചെയ്യപ്പെടണം. അതിനുപകരം ഇസ്‍ലാം മതപക്ഷത്തെ ഒരു വിഭാഗത്തിൽപെട്ടവരിൽ ചിലർ അധിക്ഷേപ വഴിയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ശബ്നം നൂർജഹാൻ

ശബ്നത്തിനെതിരെയുള്ള അവരുടെ ഇടപെടൽരീതി ഇസ്‍ലാംമതത്തിനോ മലയാളി സമൂഹത്തിനോ അവർക്കുതന്നെയുമോ ഒരു ഉൾവെളിച്ചവും നൽകില്ല. ഒരാശയവും ആരുടേയും സ്വകാര്യ സ്വത്തല്ല. ബ്രെഹ്ത്ത് വിശദമാക്കിയതുപോലെ അത് പൂഴ്ത്തിവെക്കാനുള്ളതുമല്ല, പ്രചരിപ്പിക്കാനുള്ളതാണ്. ഇത്രയും കാലം വായിച്ചും പഠിച്ചും ചിന്തിച്ചും ഞാൻ കണ്ടെത്തിയതും അനുഭവിക്കുന്നതുമായ സത്യങ്ങൾ കൊട്ടയിലിട്ട് മൂടണോ എന്ന് ശബ്നം നൂർജഹാൻെറ ചോദ്യം അന്വേഷണ വേദികളിൽ തുടർന്നും ഇടിമുഴക്കങ്ങൾ സൃഷ്ടിക്കും.

ശബ്നം നൂർജഹാന് പറയാനുള്ളത് അവർ പറയട്ടെ, ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങളും പറയാം. ‘ഇസ്‍ലാം പ്രണയം സമർപ്പണം’ എന്ന ശബ്നം നൂർജഹാൻെറ ശ്രദ്ധേയമായ ആത്മീയാന്വേഷണത്തിന് ബദലായി അതിനേക്കാൾ ശ്രദ്ധേയമായൊരു ആത്മീയാന്വേഷണ ഗ്രന്ഥം അവരുടെ വിമർശകർക്ക് എഴുതാം. കീഴ്മേൽ മറിയുന്നൊരു കാലത്ത് ശബ്നം നൂർജഹാൻ ആവിഷ്കരിക്കുന്ന അപരവിദ്വേഷകറ പുരളാത്ത ആശയങ്ങളെ അവർക്കും അവർക്കൊപ്പമുള്ളവർക്കും ആവോളം ആഘോഷിക്കാം. അതിനോട് വിയോജിക്കുന്നവർക്കു സ്വന്തം വാദങ്ങൾകൊണ്ടതിനെ എതിർക്കുകയുമാവാം. സംവാദ സാധ്യതകൾ അടച്ചുകളയാത്ത വിധമുള്ള ഇടപെടലുകളാണ് വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നവർക്കിടയിൽ വികസിച്ചുവരേണ്ടത്. ഞങ്ങൾ വിയോജിക്കുന്നു, പക്ഷേ പറയാനുള്ള നിങ്ങളുടെ അവകാശത്തോട് ഞങ്ങൾ യോജിക്കുന്നു എന്ന് പറയേണ്ടിടത്ത്, വെല്ലുവിളികളും വ്യക്തി അധിക്ഷേപങ്ങളും കടന്നുവരുന്നത് സംവാദങ്ങളെ അസാധ്യമാക്കും.

വിമർശനമാവാം എന്നാൽ നിന്ദ പാടില്ല എന്നുള്ളത് സംവാദങ്ങളിലേർപ്പെടുന്നവർ എപ്പോഴും സ്വാഗതം ചെയ്യേണ്ടൊരു മഹാതത്ത്വമാണ്. എന്നാൽ വിമർശനത്തിനും നിന്ദക്കുമിടയിലുള്ളത്, വളരെയേറെ ശ്രദ്ധിച്ചാൽപോലും വഴുക്കി വീഴാനിടയുള്ളൊരു നൂൽപാലമാണ്. അതുപോലെതന്നെയാണ് വിമർശനവും നിന്ദയും വേർതിരിയുന്ന അതിർത്തികളും!

സിന്ദാബാദുകൾ ആവശ്യമായിത്തീരുന്നത് ഏതോ മൂർദ്ദാബാദുകളോടുള്ള പ്രതികരണം കൂടിയായിട്ടാണ്. ‘വളരട്ടങ്ങനെ വളരട്ടെ’ എന്ന വിളിക്കു പിറകിൽ, തകർക്കപ്പെടേണ്ട എന്തോ ഒന്നുകൂടി ഉണ്ടാവാം. പ്രോത്സാഹന ജനകമായ കൈയടികൾപോലും നിരുത്സാഹപ്പെടുത്തപ്പെടണം എന്ന് കരുതുന്നതിനെതിരെയുള്ള ഒരു മുഖത്തടികൂടിയാവാം! തത്ത്വചിന്താപരമായെങ്കിലും നിന്ദിക്കാൻ കൂടിയുള്ള അവകാശം ഉണ്ടായാലേ ആർക്കും നിർഭയമായി വിമർശനത്തിൽ ഏർപ്പെടാൻ കഴിയൂ. ഇല്ലെങ്കിൽ ‘അങ്ങനെ പറയാമോ’ എന്ന അബോധ ആശങ്കയിൽ പറയാനുള്ളതിൻെറ വീര്യമാകെ ചോർന്നുപോകാം. ആശയവിനിമയത്തിൽ ‘നിന്ദ’ ഒരു കാരണവശാലും ആദർശവത്കരിക്കാനോ ആഘോഷിക്കപ്പെടാനോ പാടില്ല. അതേസമയം ആശയസമ്മർദ ഫലമായി നിന്ദ കടന്നുവന്നാൽ പിന്നീടതിനെ എഡിറ്റ് ചെയ്ത് ഒഴിവാക്കാം. വിമർശനം പക്ഷേ ആർക്കായാലും ആവിധം ഒഴിവാക്കാനുള്ളതല്ല.

സുവോളജി പഠിപ്പിക്കുന്ന ഫാറൂഖ് കോളജിലെ പ്രഗത്ഭയായ ഒരധ്യാപികക്ക് അവരാഗ്രഹിച്ചാലും, കുട്ടികൾ ആവശ്യപ്പെട്ടാലും, എന്തിന് മാനേജ്മെൻറ് അനുവാദം നൽകിയാലും ക്ലാസിൽ സൂഫിസം പഠിപ്പിക്കാൻ കഴിയില്ല. കാരണം അവർ ഇടപെടുന്ന ക്ലാസ് റൂം കാത്തിരിക്കുന്നത് ‘സുവോളജി’യാണ്, അല്ലാതെ സൂഫിസമല്ല. സൂഫിസത്തോടുള്ള വിമർശം, ഒരധ്യാപികക്കെതിരെയുള്ള അകാരണമായ ആക്ഷേപമായി മാറുന്നത് വ്യത്യസ്ത മതകാഴ്ചപ്പാടുകൾ പുലർത്തുന്നവർക്കും അല്ലാത്തവർക്കും അഭിമാനകരമല്ല.

വെറുപ്പും വിദ്വേഷവുമല്ല, അഗാധമായ സ്നേഹമാണ് ‘ഇസ്‍ലാം പ്രണയം സമർപ്പണം’ എന്ന പുസ്തകം അനുഭവിപ്പിക്കുന്നത്. അഗാധമായ സ്വയംബോധ്യത്തിൻെറ കാവ്യാത്മകതയിൽ ഉന്മത്തമായ ആ ഗ്രന്ഥത്തിലെ ഭാഷ, വിമർശകരുടെയും ഉള്ളുണർത്തും. ഒരു മിസ്റ്റിക്കിനെക്കുറിച്ച് ആദ്യം കേട്ടത്, ‘മിസ്റ്റിക്’(Mystic) ഒരു മിസ്റ്റൈക്(Mistake) ആണെന്നാണ്. അതിലുമുണ്ടൊരു ശരി! പിന്നീട് അറിഞ്ഞത്, അവർ ദൈവപ്രിയത്തിൽ ലഹരി പിടിച്ചവർ ആണെന്നത്രെ. ‘A mysic is a God intoxicated person’, എന്നതിൽ ഒരു കവിയലുണ്ട്. ആ അർഥത്തിലൊരു കവിതയും!

ശബ്നം നൂർജഹാൻെറ സൂഫി ആവിഷ്‍കാര പുസ്തകവുമായുള്ള എൻെറ ബന്ധം യാദൃച്ഛികമാണ്. മൂന്നുകൊല്ലം മുമ്പ് അതായത് രണ്ടായിരത്തി ഇരുപത്തി മൂന്നിൽ പുസ്തക പ്രകാശനം നിർവഹിക്കാനുള്ള അവസരമുണ്ടായി. ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ സർവ മതങ്ങളിലെയും സാധ്യതകളെ സ്വാഗതം ചെയ്യുകയും പരിമിതികളെ വിമർശിക്കുകയും ചെയ്യുന്ന സമീപനമാണ് പൊതുവിൽ പുലർത്താറുള്ളത്. തത്ത്വചിന്താപരമായി സർവമതങ്ങളുടെയും അടിസ്ഥാനം ‘ആശയവാദ’മായതിനാൽ ഒരു മാർക്സിസ്റ്റിനും, സാമാന്യമായി ഒരു മതത്തെയും തത്ത്വചിന്തയുടെ തലത്തിൽ വെച്ച് സമഗ്രമായി സ്വാഗതം ചെയ്യാൻ കഴിയില്ല. മതങ്ങൾക്ക് ആ അർഥത്തിൽ മാർക്സിസത്തെയും! ഭൗതികവാദം എന്തായാലും ഭൗതികവാദവും, ആശയവാദം എന്തായാലും ആശയവാദവുമാണല്ലോ! എന്നാൽ ‘അപരവിദ്വേഷവിമുക്തമായ’ മതപരമായ ആശയവാദ ആശയങ്ങൾക്കും, മതരഹിതമായ ഭൗതികവാദ ആശയങ്ങൾക്കും പരസ്പരം ആശ്ലേഷിക്കാൻ കഴിയും. തത്ത്വചിന്താതലത്തിലുള്ള വിയോജിപ്പുകൾ ‘സ്നേഹസംവാദമായും’, പ്രായോഗികമായ യോജിപ്പുകൾ ഉരുക്കുപോലെ ഉറച്ച് ഐക്യമായും മാറേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്.

മതങ്ങൾക്കകത്തും പുറത്തുമായി പലവിധ കാര്യങ്ങളെക്കുറിച്ചും തത്ത്വങ്ങളെക്കുറിച്ചുമുള്ള സംവാദങ്ങൾ ഇനിയും തുടരും, തുടരണം. വൈകാരിക വേലിയേറ്റങ്ങൾക്കിടയിൽ ആക്ഷേപങ്ങളും നിന്ദകളും കടന്നുവന്നേക്കും. അതുപക്ഷേ, ഒരു കാരണവശാലും തുടരാൻ പാടില്ല.

കേരളത്തിൻെറ സാംസ്കാരിക ചരിത്രത്തിൽ മായാത്ത ജ്ഞാനമുദ്ര പതിച്ച ഫാറൂഖ് കോളജിന് ഒരൗന്നത്യമുണ്ട്. അവിടെ അധ്യാപകനായി ജോലിചെയ്ത കാലയളവിൽ, ഒരു മതരഹിത മാർക്സിസ്റ്റ് എന്ന നിലയിൽ നിന്ദകളും ആക്ഷേപങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. മുസ്‍ലിം വിദ്യാർഥി സംഘടനകൾ എനിക്കെതിരെ നോട്ടീസ് ഇറക്കിയിട്ടുണ്ട്. ചന്ദ്രിക ദിനപത്രം എന്നെപ്പോലൊരു മതരഹിതനെ ഫാറൂഖ് കോളജ് പോലൊരു സ്ഥാപനത്തിൽ വെച്ചുപൊറുപ്പിക്കാൻ പാടില്ലെന്ന് മുഖപ്രസംഗമെഴുതിയിട്ടുണ്ട്. ‘സ്വർഗം നരകം പരലോകം’ എന്ന കൃതിയുടെ പേരിൽ കുറേ കാലത്തോളം കോളജ് പള്ളിയിൽനിന്ന് എല്ലാ വെള്ളിയാഴ്ചകളിലും എനിക്കെതിരെ ‘നല്ല’ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. പള്ളിയിൽ പോകുന്ന സുഹൃത്തുക്കൾ അവിടെ പറഞ്ഞ വിമർശനങ്ങൾ എന്നെ അറിയിക്കാറുമുണ്ട്. പക്ഷേ അപ്പോഴൊക്കെയും ഫാറൂഖ് കോളജ് അതിൻെറ ഔന്നത്യം ഉയർത്തിപ്പിടിക്കുക തന്നെയാണ് ചെയ്തത്.

വിമർശകർക്ക് പറയാനുള്ളത് അവരും എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞുകൊണ്ടേയിരുന്നു. കോളജധികാരികൾ അതിലൊട്ടും ഇടപെട്ടില്ല. എന്നാൽ പ്രധാനപ്പെട്ട ഒരിടപെടൽ നടന്നു. അന്ന് പ്രിൻസിപ്പലായിരുന്ന, ഇസ്‍ലാംമത പണ്ഡിതൻ കൂടിയായ വി. മുഹമ്മദ് മാഷ് ‘ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്, സൗകര്യപ്പെടുമ്പോൾ വീട്ടിലേക്കൊന്ന് വരണം’ എന്ന് പറഞ്ഞു. ഞാൻ ചെന്നു. സ്നേഹപൂർവം കൈപിടിച്ച് ഇരിക്കാൻ പറഞ്ഞു. ചായ തന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. എല്ലാം ഇസ്‍ലാംമതത്തിൻെറ മഹത്വം തന്നെ! ഞാൻ എല്ലാം കേട്ടിരുന്നു. അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതും പരസ്പര ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ടാണ്. നിങ്ങൾക്ക് മാർക്സിസത്തെക്കുറിച്ച് ധാരാളമറിയാം. എന്നാൽ, ഇസ്‍ലാമിനെക്കുറിച്ച് കാര്യമായി ഒന്നുമറിയില്ല. ഞാനെഴുതിയ മതവിമർശന ഗ്രന്ഥമായ ‘സ്വർഗം നരകം പരലോകം’ എന്ന പുസ്തകത്തോടുള്ള അദ്ദേഹത്തിൻെറ പ്രതികരണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഞാൻ പറഞ്ഞു: താങ്കൾ പറഞ്ഞതുപോലെ എനിക്ക് മാർക്സിസത്തെക്കുറിച്ച് അത്രമാത്രം അറിവില്ല. അതേപോലെ ഇസ്‍ലാമിനെക്കുറിച്ച് എനിക്ക് ഒട്ടും അറിവില്ലാതെയുമില്ല. അദ്ദേഹം ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു. പരസ്പരം കൈകൊടുത്തു പിരിഞ്ഞു. കോളജിൽ ഇൻറർവ്യൂവിന് വന്നപ്പോൾ അദ്ദേഹവും ഇൻറർവ്യൂബോർഡിൽ അന്ന് ഉണ്ടായിരുന്നു. ബാപ്പക്കൊപ്പമാണ് അന്ന് ഞാൻ ഇന്റർവ്യൂവിന് ചെന്നത്. ഇന്റർവ്യൂ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബാപ്പയോട് വി. മുഹമ്മദ്മാഷ് പറഞ്ഞു. മകൻെറ കാഴ്ചപ്പാടും കോളജും പൊരുത്തപ്പെടില്ല. ബാപ്പ പറഞ്ഞു: നിങ്ങളിവനെ നന്നാക്കണം. മുഹമ്മദ്മാഷ് ഒന്നും പറഞ്ഞില്ല. എന്നെയൊന്ന് നോക്കി. ബാപ്പ വീണ്ടും പറഞ്ഞു. പ്രാർഥിക്കണം. അദ്ദേഹം പറഞ്ഞു ‘പ്രാർഥിക്കാം’. ഒരുപക്ഷേ അന്ന് അദ്ദേഹത്തിൻെറ വീട്ടിൽനിന്ന് ഞാൻ ഇറങ്ങിയപ്പോൾ അദ്ദേഹവും അതെല്ലാം ഓർത്തിട്ടുണ്ടാവും.

മുമ്പ് പ്രീഡിഗ്രിക്ക് ഡോക്ടർ സി.പി. മേനോൻ എഴുതിയ ‘ചന്ദ്രനിലെത്തിയ ദൈവം’ എന്നൊരു പാഠം ഞങ്ങൾക്ക് പഠിപ്പിക്കാനുണ്ടായിരുന്നു. ആ പാഠഭാഗം പഠിപ്പിച്ചതിൻെറ പേരിൽ, ക്ലാസിൽ ദൈവവിരുദ്ധ ആശയം പ്രചരിപ്പിക്കുന്നു എന്ന രക്ഷിതാക്കളിൽ ചിലരുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചു. കിട്ടിയ പരാതികളെക്കുറിച്ച് വിവരിച്ചതിനുശേഷം ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ആ പാഠം പിൻവലിപ്പിക്കാനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്താൽ മതിയാവും എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ ഒന്ന് നോക്കി! ഞാനും! അതവിടെ തീർന്നു. അതാണ് ജനായത്തം. രക്ഷിതാക്കൾ പരാതിപ്പെട്ടത് കാര്യമറിയാതെയാണ്.

ക്ലാസ് മുറിയെ സംവാദാത്മകമാക്കാനാണ് അന്നുമുതൽ ശ്രമിച്ചുപോരുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്ന് തിരക്കിട്ട് തെളിയിക്കൽ അന്നും ഇന്നും എൻെറ മുൻഗണനാ വിഷയമല്ല. എന്നാൽ, പാഠത്തിലുള്ളതും, അതിൻെറ ആശയ പശ്ചാത്തലവും സംവാദാത്മകമായി ഓരോ അധ്യാപകരും അവതരിപ്പിക്കാൻ ബാധ്യതപ്പെട്ടവരാണ്. ചിന്തയുടെ ഒരു കനൽതരിയെങ്കിലും ഉൽപാദിപ്പിക്കാത്ത ഏതു ക്ലാസ്മുറിയും വിദ്യാഭ്യാസ പ്രക്രിയക്കൊരു ഭാരമാവും. ഫാറൂഖ് കോളജിൽനിന്നും എനിക്ക് ‘ഷോകോസ്’ നോട്ടീസ് കിട്ടിയത് പലരും കരുതുന്നതുപോലെ ദൈവവിമർശനത്തിൻെറ പേരിലായിരുന്നില്ല, സമരത്തിന് മുദ്രാവാക്യം വിളിച്ചുകൊടുത്തതിൻെറ പേരിലായിരുന്നു!

ഇത്രയുമിപ്പോൾ ഓർമിച്ചത് ശബ്നം നൂർജഹാൻെറ കാര്യത്തിലും പലവിധ കോലാഹലങ്ങൾ ഉണ്ടായിട്ടും അന്ന് എൻെറ കാര്യത്തിൽ ഫാറൂഖ് കോളജ് പുലർത്തിയ അതേ ഔന്നത്യം ഇന്നും ഞങ്ങളുടെയൊക്കെ കോളജ് പുലർത്തുന്നു എന്ന അഭിമാനം ഒരിക്കൽകൂടി പങ്കുവെക്കാനാണ്. കോളജിൽ ഒരു കാര്യത്തിലും ഒരു ന്യൂനതയുമില്ല എന്ന അർഥത്തിലല്ല, പലതരം ജനായത്ത ഇടപെടലുകളിലൂടെ കോളജ് അതിനെയെല്ലാം അതിവർത്തിക്കാൻ ശ്രമിച്ചുപോരുന്നുണ്ട് എന്ന അർഥത്തിലാണ് ഇങ്ങനെ പറയുന്നത്. വി. മുഹമ്മദ് മാഷ് എന്നോട് അന്ന് ഇടയാത്തതിന് കാരണം അദ്ദേഹം ആഴത്തിൽ സ്വാംശീകരിച്ച അദ്ദേഹത്തിൻെറ മൂല്യബോധമാവണം. തന്നിൽ താഴെയുള്ളവരോട്, കുട്ടികളോട്, രോഗികളോട്, വൃദ്ധരോട്, സ്ത്രീകളോട്, ഫലവൃക്ഷങ്ങളോട് യുദ്ധകാലത്തുപോലും ക്രൂരത അരുതെന്നാണ് മതതത്ത്വം.

ഒരു സ്ത്രീയായതുകൊണ്ടാണ് തനിക്കെതിരെ ഇവ്വിധം ആക്ഷേപങ്ങൾ ഉയരുന്നതെന്ന തോന്നൽ ശബ്നം നൂർജഹാന് ഉണ്ടായെങ്കിൽ, ഒരാധുനിക കാലത്ത് അതേറെ സങ്കടകരമാണ്. വ്യത്യസ്ത ആശയങ്ങളോട് വിയോജിക്കുന്നതിനുപകരം പലപ്രകാരത്തിലുള്ള അധിക്ഷേപങ്ങളാണ് ഇപ്പോൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തെ മലീമസമാക്കുന്നത്. ഒരേ മതത്തിലെത്തന്നെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സംവാദങ്ങൾ സാധ്യമാവുമെങ്കിൽ, അതേ മതങ്ങളിലെ വ്യക്തികൾക്കും വ്യത്യസ്താഭിപ്രായങ്ങൾ പുലർത്താനും സംവാദങ്ങളിൽ ഏർപ്പെടാനും സ്വാതന്ത്ര്യമുണ്ടാവണം.

മതാനുകൂല-എതിർവിശ്വാസങ്ങൾ ആരുടേതായാലും സ്വയം ബോധ്യത്തിൻെറ ആഴങ്ങളിൽനിന്നും ഉറന്നൊഴുകുമ്പോൾ അവർക്കകത്ത് ഏറെ ഊർജം നൽകും. അടിച്ചേൽപിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും, അതെത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നി പരീക്ഷണങ്ങളെ അതിജീവിക്കാനോ ആവിധം സ്വന്തം അകത്തുപോലും ഉൗർജം ഉൽപാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാർ പ്രബോധനത്തിൻെറ പാതയിലൂടെ പൂക്കൾ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളിൽ മുള്ളുകൾ വിതറിയാണ് കടന്നുപോകുന്നത്. ‘നീ ഓർമിപ്പിക്കുന്നവൻ മാത്രമാണെന്ന’ മതതത്ത്വം അവർ മറന്നുപോയതാവുമോ?

Tags:    
News Summary - Embracing the Poetic Spirituality and Open Dialogue of Sufism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.