കുടിയേറ്റ തൊഴിലാളി രണ്ടാംതരം പൗരൻ ?

സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്നതിലടക്കം അതിഥി ​തൊ​ഴി​ലാ​ളി​ക​ളു​ടെ പങ്ക് ഇതിനകം തന്നെ ചർച്ചയായിട്ടുള്ളതാണ്. എന്നാൽ, അവരുടെ യ​ഥാ​ർ​ഥ ജീ​വി​ത​സാ​ഹ​ച​ര്യ​​മെന്താണ്? ഈ വിഷയത്തിൽ ഏറ്റവും ആധികാരികവും പുതിയതുമാണ് ‘ദ​ക്ഷി​ണേ​ന്ത്യ​ൻ അ​ന്ത​ർ​സം​സ്ഥാ​ന കു​ടി​യേ​റ്റ സ​ർ​വേ 2026’ (SIIMS 2026) റി​പ്പോ​ർ​ട്ട്. ദക്ഷിണേന്ത്യയിലെ കുടിയേറ്റ തൊഴിലാളികൾ നേ​രി​ടു​ന്ന ഘ​ട​നാ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും മറ്റും വെ​ളി​പ്പെ​ടു​ത്തു​ന്ന​ റിപ്പോർട്ടിന്റെ വിശകലനം.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സേവന മേഖലകളിലും കാർഷിക-മത്സ്യബന്ധന രംഗങ്ങളിലും നിർണായക സാന്നിധ്യമാണ് അന്തർസംസ്ഥാന തൊഴിലാളികൾ. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന ഈ തൊഴിലാളികളുടെ യഥാർഥ ജീവിതസാഹചര്യങ്ങളും അവർ നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും വെളിപ്പെടുത്തുന്നതാണ് ‘ദക്ഷിണേന്ത്യൻ അന്തർസംസ്ഥാന കുടിയേറ്റ സർവേ 2026’ (SIIMS 2026) റിപ്പോർട്ട്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റും (IIMAD) ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടും (UNFPA) സംയുക്തമായി പ്രഫ.എസ്. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, കേവലം സാമ്പത്തിക മാനങ്ങൾക്കപ്പുറം തൊഴിലാളികളുടെ സാമൂഹികവും നിയമപരവുമായ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു.

കുടിയേറ്റത്തിന്റെ സ്വഭാവവും സ്ഥിതിവിശേഷവും

ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന ലക്ഷ്യസ്ഥാന സംസ്ഥാനങ്ങളിലായി കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,824 കുടിയേറ്റ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കിയത്. ഇതിൽ കേരളത്തിലെ 11 ജില്ലകളിൽ നിന്നായി ഹോട്ടൽ-ആതിഥേയ മേഖല, കൃഷി, മത്സ്യബന്ധനം, ദിനബദ്ധ കൂലിവേല എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന 607 തൊഴിലാളികൾ പങ്കാളികളായി.

പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ് അതിഥി തൊഴിലാളികളുടെ വലിയൊരു പങ്കും (92.2%) ദക്ഷിണേന്ത്യയിലേക്ക് എത്തുന്നത്. കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. എന്നാൽ, ഇവർ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രയാസം കുടുംബവുമായുള്ള വേർപിരിയലാണ്; കേരളത്തിലെ അതിഥി തൊഴിലാളികളിൽ 76.6% പേരും കുടുംബമില്ലാതെ ഒറ്റക്കാണ് താമസിക്കുന്നത്, ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണ്.

നീണ്ട തൊഴിൽ സമയവും കരാറില്ലാത്ത തൊഴിലും

സർവേ വിവരങ്ങൾ അനുസരിച്ച്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നത് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) 8 മണിക്കൂർ തൊഴിൽ മാനദണ്ഡങ്ങളെ മറികടന്ന്, ദിവസേന ശരാശരി 10.25 മണിക്കൂറാണ് കേരളത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ പ്രമുഖ തൊഴിൽ മേഖലയായ ഹോട്ടൽ/ആതിഥേയ രംഗത്ത് ഇത് 10.34 മണിക്കൂർ വരെ ഉയരുന്നു. കൂടാതെ, കേരളത്തിലെ തൊഴിലാളികളിൽ 74.5% പേരും താൽക്കാലിക സ്വഭാവമുള്ള ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത്. പഠനവിധേയമായ ആകെ തൊഴിലാളികളിൽ 86.4% പേർക്കും എഴുതപ്പെട്ട തൊഴിൽ കരാറുകളില്ല എന്ന വസ്തുത, വേതന ചൂഷണത്തിനും തൊഴിൽ സുരക്ഷിതത്വമില്ലായ്മക്കും വഴിവെക്കുന്നു.

ഭവന ലഭ്യതയും ക്ഷേമ പദ്ധതികളിലെ അജ്ഞതയും

കേരള സർക്കാർ ‘അപ്നാ ഘർ’ പോലുള്ള മാതൃകാപരമായ ഭവന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും, അനൗപചാരിക മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികളിലേക്ക് ഇവ എത്തിച്ചേരുന്നില്ല. പഠനത്തിലെ ഭവന ഗുണനിലവാര സൂചികയിൽ (Housing Adequacy Index - HAI) തമിഴ്‌നാടിനെയും (54.8) കർണാടകയെയും (48.4) അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്കോറാണ് കേരളത്തിന് ലഭിച്ചത് (46.7). കൂടുതൽ ആശങ്കയുണർത്തുന്ന വിഷയം അവകാശ ബോധ്യത്തിന്റെ കുറവാണ്. ‘ആവാസ്’ (AAWAZ) ഇൻഷുറൻസ് പദ്ധതി, പ്രവാസി ക്ഷേമനിധി ബോർഡ്, സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ പദ്ധതി തുടങ്ങിയ പുരോഗമനപരമായ പല പദ്ധതികളും കേരളത്തിലുണ്ടെങ്കിലും, കേരളത്തിലെ തൊഴിലാളികളിൽ വെറും 5.1% പേർക്ക് മാത്രമാണ് തൊഴിലവകാശങ്ങളെക്കുറിച്ചും സർക്കാറിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചും അറിവുള്ളത്. തമിഴ്‌നാട്ടിൽ ഇത് 26.4% ഉം കർണാടകയിൽ 14.0%ഉം ആണെന്നിരിക്കെ, കേരളത്തിന്റെ നയപ്രചാരണ സംവിധാനങ്ങളിലെ വലിയൊരു ഇടവേളയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

സാമൂഹിക പാർശ്വവത്കരണം

കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസമായി റിപ്പോർട്ട് രേഖപ്പെടുത്തുന്നത് ‘സാമൂഹിക പാർശ്വവത്കരണമാണ്’ (Social Exclusion - 68.4%). ഭാഷാപരമായ തടസ്സങ്ങൾ (81.3%), സാംസ്കാരിക വ്യത്യാസങ്ങൾ (79.6%), ആശയവിനിമയ ബുദ്ധിമുട്ടുകൾ എന്നിവ തൊഴിലാളികളെ പ്രാദേശിക സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീ കുടിയേറ്റ തൊഴിലാളികളും വേതന-ക്ഷേമ അസമത്വങ്ങളും

റിപ്പോർട്ട് പ്രകാരം, ദക്ഷിണേന്ത്യയിലേക്കുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളിൽ 20.6% സ്ത്രീകളാണ്. സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യം താരതമ്യേന കൂടുതലായി കാണപ്പെടുന്നത് കർണാടകയിലാണ്.

വിദ്യാഭ്യാസം, പ്രായം, തൊഴിൽ മേഖല തുടങ്ങിയ ഘടകങ്ങൾ നിയന്ത്രിച്ചുള്ള വിശകലനത്തിൽ, സ്ത്രീ കുടിയേറ്റ തൊഴിലാളികൾക്ക് പുരുഷന്മാരേക്കാൾ പ്രതിമാസം ശരാശരി 3,313 കുറവ് വേതനമാണ് ലഭിക്കുന്നത്. മേഖലാടിസ്ഥാനത്തിൽ ഈ വ്യത്യാസം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത് സ്ക്രാപ്പ് കലക്ഷനിൽ (34.3%), തുടർന്ന് ടെക്സ്റ്റൈൽ/ഗാർമെന്റ്സ് മേഖലയിൽ (28.1%) ആണ്. കാർഷിക മേഖലയിലാണ് വേതന വ്യത്യാസം ഏറ്റവും കുറവ് (9.8%).

വേതന അസമത്വത്തിനൊപ്പം, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ കൂടുതൽ തൊഴിൽ-ക്ഷേമ അരക്ഷിതാവസ്ഥയും റിപ്പോർട്ട് ചെയ്യുന്നു. വെൽഫെയർ ഡിപ്രൈവേഷൻ ഇൻഡക്സ് (WEI)ൽ സ്ത്രീകളുടെ സ്കോർ 56.5, പുരുഷന്മാരുടേത് 49.8 ആണ്. അതുപോലെ, ലേബർ മാർക്കറ്റ് വൾണറബിലിറ്റി ഇൻഡക്സ് (LMVI)ലും സ്ത്രീകളുടെ അരക്ഷിതാവസ്ഥ കൂടുതലാണ്; പ്രത്യേകിച്ച് മത്സ്യബന്ധന മേഖലകളിൽ ഈ വ്യത്യാസം ശ്രദ്ധേയമാണ്.

തൊഴിലവകാശങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുള്ള അവബോധത്തിലും വലിയ അന്തരമുണ്ട്. ഇത്തരം അവകാശങ്ങളെയും പദ്ധതികളെയുംകുറിച്ച് അറിവുള്ളത് സ്ത്രീ കുടിയേറ്റക്കാരിൽ 8.2% മാത്രമാണെങ്കിൽ, പുരുഷന്മാരിൽ ഇത് 14.0% ആണ്.

ഇതിനുപുറമേ, കുറഞ്ഞ വേതനമുള്ള അസംഘടിത തൊഴിൽ ചെയ്യുന്നതിനൊപ്പം വീട്ടുജോലിയും പരിചരണ ചുമതലകളും നിർവഹിക്കേണ്ടിവരുന്നത് സ്ത്രീ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിലെ തൊഴിൽ-കുടുംബ ചുമതലകളുടെ തുടർച്ചയെ കൂടുതൽ സങ്കീർണമാക്കുന്നു. ഈ ഉൽപാദന തൊഴിലും പുനരുൽപാദന/പരിചരണ ചുമതലകളും തമ്മിലുള്ള തുടർച്ച അവരുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും അധിക ഭാരം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭാവിയിലേക്കുള്ള നയപരമായ പാത

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിന്റെയും ചാലകശക്തിയായ ഈ തൊഴിലാളികളെ വെറുമൊരു തൊഴിൽ ശക്തിയായി മാത്രം കാണാതെ അവകാശങ്ങളുള്ള പൗരന്മാരായി ഉൾക്കൊള്ളേണ്ടതുണ്ട്. ദക്ഷിണേന്ത്യൻ അന്തർസംസ്ഥാന തൊഴിലാളി കുടിയേറ്റ റിപ്പോർട്ട് 2026 (ISSIMS) മുന്നോട്ടുവെക്കുന്ന ഭാവി നയപരിപ്രേക്ഷ്യത്തിന്റെ പ്രധാന ലക്ഷ്യം കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, തൊഴിൽ അവകാശങ്ങൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, ആരോഗ്യ പരിരക്ഷ, മാന്യമായ ജീവിത സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി ഏകോപിതവും ഉൾക്കൊള്ളുന്നതുമായ നയചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ്.

ഇതിന്റെ ഭാഗമായി, കുടിയേറ്റ തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ സംസ്ഥാനഭേദമന്യേ റേഷൻ, ആരോഗ്യം, പാർപ്പിടം, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സാർവത്രികവും പോർട്ടബിളുമായ സാമൂഹിക സുരക്ഷാ സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ‘വൺ നാഷൻ വൺ റേഷൻ കാർഡ്’ (ONORC) മാതൃകയിൽ മറ്റ് ക്ഷേമപദ്ധതികളെയും സംസ്ഥാന അതിർത്തികൾക്കതീതമായി ബന്ധിപ്പിക്കുന്നത് ഇതിന് സഹായകരമാകും. അതോടൊപ്പം, ദേശീയ ഇ-ശ്രം (e-Shram) പോർട്ടലിനെ സംസ്ഥാന തൊഴിൽ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുടമകൾ എന്നിവയുമായി സംയോജിപ്പിച്ച് കുടിയേറ്റ തൊഴിലാളികളുടെ പുതുക്കിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത ഡിജിറ്റൽ രജിസ്ട്രേഷൻ സംവിധാനം വികസിപ്പിക്കണം. തൊഴിലോ താമസസ്ഥലമോ മാറുമ്പോൾ വിവരങ്ങൾ എളുപ്പത്തിൽ പുതുക്കുന്നതിനായി ഡിജിറ്റൽ സഹായകേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്.

കുടിയേറ്റം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് തൊഴിലാളികളെ അയക്കുന്ന സംസ്ഥാനങ്ങളും തൊഴിൽ നൽകുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള അന്തർസംസ്ഥാന ഏകോപനം ശക്തിപ്പെടുത്തേണ്ടതും നിർണായകമാണ്. ഇതിനായി തൊഴിലാളികളെ അയക്കുന്ന പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും തൊഴിലവസരങ്ങൾ നൽകുന്ന കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും തമ്മിൽ തൊഴിലാളികളുടെ രജിസ്ട്രേഷൻ, സുരക്ഷ, വേതനം, താമസം, സാമൂഹിക സുരക്ഷ, തിരിച്ചുപോക്ക് തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്ന ധാരണപത്രങ്ങളും (MoUs) ഏകോപന സംവിധാനങ്ങളും രൂപവത്കരിക്കണം. കുടിയേറ്റത്തെ ഒരു പ്രാദേശിക പ്രശ്നമായി മാത്രം കാണാതെ രാജ്യത്തിന്റെ തൊഴിൽ വിപണിയുടെയും വികസന പ്രക്രിയയുടെയും ഭാഗമായാണ് പരിഗണിക്കേണ്ടത്; അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത നയരൂപവത്കരണവും ആവശ്യമാണ്.

തൊഴിൽ മേഖലയിലെ ഔപചാരികവത്കരണവും നിയമപരമായ പരിരക്ഷയും മറ്റൊരു പ്രധാന നയമേഖലയാണ്. വാക്കാലുള്ള തൊഴിൽ കരാറുകൾക്കുപകരം എഴുതപ്പെട്ട തൊഴിൽ കരാറുകൾ പ്രോത്സാഹിപ്പിക്കുകയും, വേതന നിഷേധം, അനിയന്ത്രിതമായ ജോലിസമയം, നിയമവിരുദ്ധമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ തടയുന്നതിനായി തൊഴിൽ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുകയും വേണം. നിയമാനുസൃത മിനിമം വേതനം, സമയബന്ധിതമായ വേതന വിതരണം, ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള വേതന വിതരണം, സുരക്ഷിതമായ തൊഴിൽ സ്ഥലങ്ങൾ, നിയമാനുസൃതമായ ജോലി സമയപരിധി എന്നിവ ഉറപ്പാക്കുന്നതിന് തൊഴിൽ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ലിംഗസമത്വവും ലിംഗസെൻസിറ്റിവായ നയങ്ങളും കുടിയേറ്റ തൊഴിലാളി നയത്തിന്റെ അവിഭാജ്യ ഘടകമാകണം. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതന വ്യത്യാസം കുറക്കുകയും തുല്യ മൂല്യമുള്ള ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം, സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം, പ്രസവാനുകൂല്യങ്ങൾ, സുരക്ഷിതമായ കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും (WASH), ശിശുപരിപാലന കേന്ദ്രങ്ങൾ, തൊഴിലിടങ്ങളിലെ പീഡനത്തിനെതിരായ പരാതിപരിഹാരവും നിയമസഹായവും ലഭ്യമാക്കണം. പ്രത്യേകിച്ച് കുറഞ്ഞ വേതനമുള്ള അസംഘടിത തൊഴിൽ നിർവഹിക്കുന്നതിനൊപ്പം വീട്ടുജോലിയും കുടുംബ പരിചരണ ചുമതലകളും വഹിക്കേണ്ടിവരുന്ന സ്ത്രീകളുടെ തൊഴിലും പരിചരണ ചുമതലകളും തമ്മിലുള്ള തുടർച്ച പരിഗണിച്ചുകൊണ്ടുള്ള നയ ഇടപെടലുകൾ ആവശ്യമാണ്.

കുടിയേറ്റ തൊഴിലാളികളുടെ മാന്യമായ പാർപ്പിടവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകണം. ചെലവുകുറഞ്ഞ വാടകവീടുകൾ, പ്രത്യേകിച്ച് Affordable Rental Housing Complexes (ARHC) പോലുള്ള സംവിധാനങ്ങൾ, വികസിപ്പിക്കുകയും തൊഴിലുടമകൾ നൽകുന്ന താമസസൗകര്യങ്ങളിൽ സുരക്ഷ, ശുചിത്വം, തിരക്ക്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും വേണം. അപകടസാധ്യതയേറിയ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി ബഹുഭാഷാ ആരോഗ്യസേവനങ്ങൾ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, മൊബൈൽ മെഡിക്കൽ പരിശോധനാ സംവിധാനങ്ങൾ, തൊഴിലിട ആരോഗ്യ-സുരക്ഷാ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതും അനിവാര്യമാണ്.

അവസാനമായി, എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഒരേ രീതിയിലുള്ള ഇടപെടലുകൾക്കുപകരം തൊഴിൽമേഖലാ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള നയങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. സ്ക്രാപ് ശേഖരണം, സ്ഥിരതയില്ലാത്ത ദിവസവേതന തൊഴിൽ, കൃഷി, മത്സ്യബന്ധനം, ഗാർമെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽസുരക്ഷ, ആരോഗ്യ സംരക്ഷണം, വേതന സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവക്കായി പ്രത്യേക മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും രൂപവത്കരിക്കണം.

ഈ മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും അപകടസാധ്യതകളും വ്യത്യസ്തമായതിനാൽ, മേഖലാ-നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷാ ബന്ധിപ്പിക്കൽ, തൊഴിൽ അവകാശ ബോധവത്കരണം എന്നിവ ഉൾപ്പെടുന്ന ലക്ഷ്യബദ്ധമായ ഇടപെടലുകളാണ് കൂടുതൽ അനുയോജ്യം. മൊത്തത്തിൽ, കുടിയേറ്റ തൊഴിലാളികളെ ഒരു താൽക്കാലിക തൊഴിൽശക്തിയായി മാത്രം കാണാതെ, സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ആരോഗ്യവും മാന്യമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കപ്പെടേണ്ട അവകാശധാരികളായി പരിഗണിക്കുന്ന സമഗ്രമായ സമീപനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

അന്തർസംസ്ഥാന കുടിയേറ്റം താൽക്കാലിക പ്രതിഭാസമല്ലെന്നും, മറിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരമായൊരു സവിശേഷതയാണെന്നും ,അതുകൊണ്ടുതന്നെ, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് (SDGs) അനുസൃതമായി, കുടിയേറ്റ തൊഴിലാളികളുടെ മാന്യമായ ജീവിതവും അവകാശങ്ങളും ഉറപ്പാക്കുന്ന നയസമീപനമാണ് കേരളം മുന്നോട്ടുവെക്കേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രഫ. എസ്. ഇരുദയരാജന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ നവാസ് എം. ഖാദർ പ്രോജക്ട് കോഓഡിനേറ്ററായും, രോഹിത് ഇരുദയരാജൻ ഡേറ്റ അനലിസ്റ്റായും പ്രവർത്തിച്ചു.

Tags:    
News Summary - Migrant Workers in Kerala Face Long Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.