ആറു പതിറ്റാണ്ടിന്റെ കലാസപര്യ; റംല പറഞ്ഞ് പാടിയ കഥകൾ

ആറുപതിറ്റാണ്ടുകാലം പാടിയും പറഞ്ഞും മലയാളികളുടെ ആസ്വാദന ഹൃദയങ്ങളെ ത്രസിപ്പിച്ച കലാകാരി റംലാബീഗം ഈ ലോകത്തുനിന്ന് വിടപറഞ്ഞിട്ട് മൂന്നാണ്ട് പിന്നിട്ടു. 1946 നവംബർ 31ന് ജനിച്ച റംല 2023 സെപ്റ്റംബർ 27നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1963 മുതൽ കഥപറഞ്ഞു തുടങ്ങിയ റംല 60 വർഷം കലാവേദികളിൽ സജീവമായിനിന്നു. പതിനായിരത്തോളം വേദികളിൽ പ്രത്യക്ഷപ്പെട്ടു. തൊട്ടതെല്ലാം പൊന്നാക്കി. യാഥാസ്ഥിതിക ബോധ്യങ്ങളെ തകർത്തെറിഞ്ഞു എന്നതാണ് റംലാബീഗം ഉയർത്തിയ പോരാട്ട വീര്യം.

ആസാദ് മ്യൂസിക് ക്ലബ്

നഗരത്തിന്‍റെ ഹൃദയതാളമറിയുന്ന ഒരിടം കൂടിയാണ് സക്കറിയ ബസാർ. തുറമുഖം ഓർമമാത്രമായി മാറിയെങ്കിലും ചുമട്ടുതൊഴിലാളികളും റിക്ഷാക്കാരും മറ്റ് ജോലികളുമായി ആലപ്പുഴ മാർക്കറ്റിനെ സജീവമാക്കി. പകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് തളരുന്നവർ എല്ലാ വേദനകളെയും മറക്കാൻ ലഹരിയായി ഉപയോഗിച്ചിരുന്നത് പാട്ടുകളെയായിരുന്നു. ഒഴിവ്ുവേളകളിലെല്ലാം പകലെന്നോ രാത്രിയെന്നോയില്ലാതെ അവർ കൂട്ടം കൂടിയിരുന്ന് പാട്ടുകൾ പാടി. അത്തരം പാട്ടുകൂട്ടങ്ങളിലൊന്നായ ആസാദ് ക്ലബിൽ പാട്ടുകാരിയായി തുടരുന്നതിനിടയിലാണ് കഥാപ്രസംഗം എന്ന ആശയം രൂപപ്പെടുന്നത്. ഏറ്റവും മനോഹരമായ കഥ തിരഞ്ഞെടുത്തു. അതിലെ ഈരടികൾക്ക് മാപ്പിളപ്പാട്ടിന്റെ അതിചാരുതയുള്ള ഈണങ്ങൾ രൂപപ്പെടുത്തി.

പാട്ടുപാടുന്നതുപോയെല്ല കഥപറയുന്നത്. മറന്നുപോയാൽ അതിവേഗം ആളുകൾക്ക് മനസ്സിലാകും. പലതവണ റംല ഒഴിയാൻ നോക്കി. പക്ഷേ, എല്ലാ പിന്തുണയും നൽകി ഒരു കലാസംഘം ഒപ്പം നിന്നപ്പോൾ ഒഴിഞ്ഞുമാറാനാകുമായിരുന്നില്ല. പിന്നീട് ആ കഥപറയൽ അനായാസമായിത്തുടർന്നു. പതിനായിരക്കണക്കിന് വേദികളിൽ ഇന്നും അനുകരിക്കാനാവാതെ ആ മധുരശബ്ദവും, ശൈലിയും അലയടിച്ചു.

ചരിത്രവും സാമൂഹിക കഥകളും

ഇസ്‍ലാമിക ചരിതങ്ങളും സാമൂഹിക കഥകളുമായി 23 ഓളം കഥകൾ റംലാബീഗം വേദിയിൽ അവതരിപ്പിച്ചു. കാസറ്റുകൾക്കുവേണ്ടി പറഞ്ഞ കഥകൾ വേറെയും. ബദറുൽ മുനീർ ഹുസുനുൽ ജമാൽ, റാണി സഫീരിയ, കർബയിലെ രക്തക്കളം, നബിചരിത്രം, പത്ത് കൽപനകൾ, ഈസാനബി, ഖൗസ് മുഹ്‍യുദ്ദീൻ, ഉമ്മ, ആസിയാബീവി, യൂസുഫ് കിസ്സ, കുഞ്ഞായി മുസ്‍ലിയാരും മങ്ങാട്ടച്ചനും, മക്കം ഫത്ഹ്, ഖദീജാ ബീവിയുടെ വഫാത്, ഖന്തഖ് യുദ്ധം, ബദർ യുദ്ധം, ഉഹ്ദ് യുദ്ധം, ഖൈബർ യുദ്ധം, ഹുത്തുഹുശ്ശാം, മക്കത്തെ രാജാത്തി, ഖലീഫ അലി(റ) വഫാത്, മൂസ നബിയും ഫിർഅൗനും, ഖാലിബ്ന് വലീദ്, നൂഹ് നബി, ഇബ്രാഹിം അദ്ഹം

ഇങ്ങനെ ഇസ്‍ലാമിക ചരിത്രത്തിലെ അത്യപൂർവ ഏടുകളെല്ലാം റംലാബീഗം കഥകളായി അവതരിപ്പിച്ചു. പള്ളിവെക്കാനും മദ്റസ പുതുക്കിപ്പണിയാനും ഹൗള് കെട്ടാനുമെല്ലാം ആ തലമുറക്ക് റംലയുടെ കഥ വേണമായിരുന്നു. അത് മാത്രമല്ല, ക്ഷേത്രങ്ങളിൽ നിന്നും സാംസ്കാരിക കലാ സംഘടനകളിൽ നിന്നും കഥ പറയാൻ ക്ഷണമുണ്ടായി. അങ്ങനെ കേശവദേവിെൻറ ‘ഓടയിൽനിന്നും’ കുമാരനാശാെൻറ ‘നളിനി’യും കാളിദാസെൻറ ‘ശാകുന്തളവും’ കഥാപ്രസംഗങ്ങളായി. കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്ര മൈതാനങ്ങളിൽ റംല കഥ പറഞ്ഞു. എല്ലാ ഭേദങ്ങളും മറന്ന് മലയാളികൾ റംലയെ സ്നേഹിക്കുകയായിരുന്നു.

റംലാ ബീഗത്തിന്റെ പാട്ടുകൾ

റംലാബീഗത്തിെൻറ പാട്ടുകൾ പാടി പ്രശസ്തരായ നിരവധി ഗായകരുണ്ട്. എന്നാൽ, വേറിട്ട സ്വരമായിരുന്നു റംലയുടേത്്. അനുകരിക്കുന്നവർക്ക് പോലും പൂർണമായും അവരെ പിന്തുടരാൻ സാധിക്കുമായിരുന്നില്ല. റംലാബീഗത്തിെൻറ കലാവഴികളിൽ അവർക്ക് താങ്ങായി നിന്ന ഒരുപാട്പേരുണ്ട്.

മലബാറിലേക്കെത്തിയ റംലാ ബീഗെത്ത ഏറെ ഇഷ്ടത്തോടെ ചേർത്തുപിടിച്ചതിൽ മുന്നിലുണ്ടായിരുന്നത് എം.കെ. മുനീർ ആയിരുന്നു. അദ്ദേഹമാണ് അവർക്ക് വീടൊരുക്കാനും ചികിത്സക്കുമൊക്കെ മുന്നിട്ടുനിന്നത്. റംലാബീഗത്തിെൻറ മരണ ദിവസവും അവിടെയെത്തി എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കാനും മുൻപന്തിയിലുണ്ടായിരുന്നവരിൽ മുനീറും ഉണ്ടായിരുന്നു. മറ്റൊരാൾ എം.ഇ.എസ് പ്രസിഡൻറ് ഫസൽ ഗഫൂർ ആണ്. അദ്ദേഹം കോഴിക്കോട് മാപ്പിളപ്പാട്ട് ലവേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് റംലാബീഗത്തിെൻറ മരണം വരെ അവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകിയത് പെരിന്തൽമണ്ണയിലെ എം.ഇ.എസ് ആശുപത്രിയിലായിരുന്നു. റംലാ ബീഗത്തിെൻറ കഥാപ്രസംഗ സംഘത്തിൽ പിന്നണിയിൽ ഉണ്ടായിരുന്നവർ പലരും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ആലപ്പി ഇഖ്ബാലും ആലപ്പി ഉസ്മാനും തബലയും ഹാർമോണിയവുമായി ഏറെക്കാലം ഒപ്പമുണ്ടായിരുന്നു.

ഒപ്പംനിന്ന ‘മാധ്യമം’

സൗദി അറേബ്യയിലേക്ക് ആദ്യമായി പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുന്നു. അതൊരു മോഹമായി മനസ്സിൽ കിടന്നിരുന്നുവെന്ന് റംല പറഞ്ഞിരുന്നു. ഖൽബിൽ പ്രതീക്ഷയായി മിന്നിനിൽക്കുന്ന പരിശുദ്ധ ഹറമിലൊന്നെത്തണമെന്ന ആഗ്രഹവും അവർക്കുണ്ടായിരുന്നു. ഒരിക്കൽ കുന്ദമംഗലം സി.കെ. ആലിക്കുട്ടി, റംലാബീഗത്തോട് പറഞ്ഞു. ഇവിടെ വരുന്ന പത്രക്കാരോട് ആരൊടെങ്കിലും നിങ്ങളുടെ ഈ ആഗ്രഹം പറയൂ. അത് പുറംലോകമറിയട്ടെ. നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് കാത്തിരിക്കുന്ന ആയിരങ്ങളുണ്ട്. ആ വാക്കുകൾ സത്യമായി. ‘മാധ്യമം’ പത്രം തെന്നയാണ് ഇവിടെയും തുണയായത്. ഒരു അഭിമുഖത്തിൽ തെൻറ ഈ മോഹത്തെക്കുറിച്ച് അവർ പറഞ്ഞു. ‘മാധ്യമ’ത്തിൽ അത് വാർത്തയായിവന്നു. റംലാബീഗത്തെ സ്നേഹിക്കുന്നവർ അതറിഞ്ഞതോടെ അവരുടെ മോഹം പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങി. ജിദ്ദയിലെ മാപ്പിള കലാപ്രവർത്തകരായ മുസ്തഫ തോളൂരും മുസ്തഫ താനൂരുമായിരുന്നു സംഘാടകർ. ഉംറക്കായി റംലാത്തയെ ജിദ്ദയിലെത്തിക്കുക. ഒപ്പം അവരുടെ പാട്ടുകളും കേൾക്കാം. ഇതറിഞ്ഞ റംലാബീഗത്തിെൻറ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. എരഞ്ഞോളി മൂസയും എം.എ. ഗഫൂറും കൂടെയുണ്ടായിരുന്നു.

ഐ.സിയുവിൽനിന്ന് ഹറമിലേക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു റംലാബീഗം. യാത്ര പുറപ്പെടാൻ ദിവസങ്ങൾ മാത്രം. പെട്ടെെന്നാരു ദിവസം വൈകുന്നേരം നെഞ്ചിലൊരു വേദന. ശരീരം വെട്ടിവിയർക്കുന്നു. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. പക്ഷേ, സമയം പോകുന്തോറും വേദന അധികരിച്ചുകൊണ്ടേയിരുന്നു. സംഗതി പന്തിയല്ലെന്ന് തോന്നിയപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. പരിശോധനയിൽ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തോടെ സാധാരണ ജീവിതത്തിലേക്ക് ബീഗം തിരിച്ചുവന്നു. പക്ഷേ, രക്തക്കുഴലിൽ അപകടകരമായ േബ്ലാക്കുണ്ടെന്നും അത് നീക്കാൻ ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചു. അതേസമയം സൗദിയിലേക്ക് പുറപ്പെടേണ്ട ദിവസമെത്തിയിരിക്കുന്നു.

കാത്തുകാത്തിരുന്നു കിട്ടിയ അവസരമാണ്. പരിശുദ്ധ ഖഅ്ബയുടെ ചാരെ പോകണം. ആ ‘കില്ല’ പിടിച്ചൊന്ന് പ്രാർഥിക്കണം. റംലാബീഗം ആശുപത്രി കിടക്കയിൽ നിന്നെഴുന്നേറ്റു. ‘എവിടെയാണെങ്കിലും മരണം സുനിശ്ചിതം. അത് സൗദിയിലാണെങ്കിൽ കൂടുതൽ ഉത്തമം. ഏതായാലും ഞാൻ പോയി വരാം. വിധിയുണ്ടെങ്കിൽ വന്നിട്ട് ചികിത്സ തുടരാം’ എന്ന് പറഞ്ഞു. എല്ലാവരും ഭയത്തോടെ നിന്നു. പക്ഷേ, ബീഗത്തിന് പതർച്ചയുണ്ടായിരുന്നില്ല. പിേറ്റന്ന് കരിപ്പൂരിൽനിന്ന് എരഞ്ഞോളി മൂസക്കും എം.എ. ഗഫൂറിനും കുടുംബത്തിനുമൊപ്പം അവർ ജിദ്ദയിലേക്ക് വിമാനം കയറി.

ജിദ്ദയിലുള്ള സംഘാടകരും അതീവ ജാഗ്രതയിലായിരുന്നു. അവശയായെത്തുന്ന റംലാബീഗത്തെയാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ, ഒട്ടും ആശങ്കപ്പെടുത്താതെ ചിരിയോടെ അവർ വന്നിറങ്ങി.

ആലപ്പുഴ സ്വദേശിയും ഗായകനുമായ മിർസാഷെരീഫിെൻറ വീട്ടിൽ താമസമൊരുങ്ങി. മൂന്ന് പരിപാടികളിൽ പെങ്കടുത്ത് മക്കയിലെത്തി ഉംറയും ചെയ്താണ് അന്ന് റംലാബീഗം മടങ്ങിയത്. അകലെ നിലാവിെൻറ ഛായയിൽ മിനാരങ്ങൾ തിളങ്ങിനിൽക്കുന്നു. അവിടെയിരുന്ന് അവർ പാടി. ഒരു ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ തനിക്ക് അളവറ്റ കാരുണ്യങ്ങൾ ചൊരിഞ്ഞ റബ്ബിനെക്കുറിച്ച് അവർ ഹൃദയംതുറന്ന് പാടി. പാടിവന്നപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

Tags:    
News Summary - Remembering Kathaprasangam Legend Ramla Beegam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.