ജുഡീഷ്യറിയിലെ ലിംഗനീതിയും മുസ്‍ലിം വനിതാ പ്രാതിനിധ്യവും

“ലിബറൽ ജഡ്ജിയെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം സുപ്രീംകോടതിയിലേക്ക് 17 ജഡ്ജിമാരെ ശുപാർശ ചെയ്തു നിയമിച്ചപ്പോൾ, അതിൽ ഒരു വനിതയെപ്പോലും ഉൾക്കൊള്ളിച്ചില്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും ജഡ്ജിമാരെ നിയമിക്കാത്തപക്ഷം, നീതിനിർവഹണം ആവശ്യപ്പെടുന്ന സംവേദനക്ഷമത ഉൾക്കൊള്ളാൻ അവർക്ക് സാധിക്കില്ല. ഭൂരിഭാഗം ജഡ്ജിമാരും ഉന്നതജാതികളിൽപ്പെട്ടവരാണ്; സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ജഡ്ജിമാർ വേണം” - സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഉന്നയിച്ച വിമർശനമാണിത്.

ജഡ്ജിനിയമനങ്ങളിൽ വനിതകൾ അവഗണിക്കപ്പെടുന്നുവെന്ന ചർച്ച ഒരു ഘട്ടത്തിൽ സജീവമായി ഉയർന്നുവന്നിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപ് സുപ്രീംകോടതി ജഡ്ജിയായി വനിതകളെ പരിഗണിക്കാമായിരുന്ന ഘട്ടത്തിൽ, അവരെ തഴഞ്ഞ് ഭരണകൂടത്തിന് താൽപ്പര്യമുള്ളവരെ നിയമിച്ചതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകർ പ്രതിഷേധമുയർത്തിയെങ്കിലും അത് വൈകാതെ കെട്ടടങ്ങി. 2026 ഫെബ്രുവരിയിലെ കണക്കുകൾപ്രകാരം, രാജ്യത്തെ വിവിധ ഹൈകോടതികളിൽ സേവനമനുഷ്ഠിക്കുന്ന 813 ജഡ്ജിമാരിൽ 116 പേർ മാത്രമാണ് വനിതകൾ; അതായത് ഏകദേശം 14.27 ശതമാനം മാത്രം. സുപ്രീംകോടതിയിലാകട്ടെ നിലവിൽ രണ്ട് വനിതാ ജഡ്ജിമാർ മാത്രമാണുള്ളത്: ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് വി. മോഹനയും. ജഡ്ജിനിയമനത്തിൽ പൊതുവെ വനിതകൾ തഴയപ്പെടുമ്പോൾ, മുസ്‍ലിം വനിതകൾ പൂർണമായും മാറ്റിനിർത്തപ്പെടുന്നു. 2023-ലെ കണക്കുകൾപ്രകാരം രാജ്യത്തെ ഹൈകോടതി ജഡ്ജിമാരിൽ വെറും രണ്ടുപേർ മാത്രമാണ് മുസ്‍ലിം വനിതകളായുണ്ടായിരുന്നത്.

രാജ്യത്തിന്റെ മറ്റു മേഖലകളെ അപേക്ഷിച്ച് മുസ്‍ലിം വിഭാഗം സാമൂഹികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ടുനിൽക്കുന്ന കേരളത്തിലെ സാഹചര്യം പരിശോധിക്കാം. കേരള ഹൈകോടതിയിൽ ഇതുവരെ നിയമിക്കപ്പെടുകയോ സ്ഥലംമാറി വരികയോ ചെയ്ത 22 വനിതാ ജഡ്ജിമാർ ഇവരാണ്: അന്ന ചാണ്ടി (1959-67), പി. ജാനകി അമ്മ (1974-82),എം.ഫാത്തിമ ബീവി (1983-89), കെ.കെ. ഉഷ (1991-2001), സുജാത വി. മനോഹർ (1994 ചീഫ് ജസ്റ്റിസ്), ഡി. ശ്രീദേവി (1997-2001), ടി.കെ. ലക്ഷ്മിക്കുട്ടി (2000-04), കെ. ഹേമ (2004-10), എം.സി. ഹരിറാണി (2008-11), മഞ്ജുള ചെലൂർ (2011-14 ചീഫ് ജസ്റ്റിസ്), പി.വി. ആശ (2014-21), അനു ശിവരാമൻ (2015-24), മേരി ജോസഫ് (2015 മുതൽ), വി. ഷിർസി (2018-22), ആനി ജോൺ (2017-19), എം.ആർ. അനിത (2020-23), സോഫി തോമസ് (2021 മുതൽ), സി.എസ്. സുധ (2021-25), ശോഭ അന്നമ്മ ഈപ്പൻ (2022 മുതൽ), എം.ബി. സ്നേഹലത (2024 മുതൽ), ജെ. നിഷ ബാനു (2025 മുതൽ), എ.കെ. പ്രീത (2026 മുതൽ).

ഈ 22 പേരിൽ ആകെയുള്ള മുസ്‍ലിം നാമം ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടേതാണ്. 1983 ആഗസ്റ്റ് നാലിനാണ് ഫാത്തിമ ബീവി കേരള ഹൈകോടതി ജഡ്ജിയായി നിയമിതയാകുന്നത്. 1984 മാർച്ച് 14-ന് സ്ഥിരം ജഡ്ജിയായി. 1989 ഏപ്രിൽ 29-ന് കേരള ഹൈകോടതിയിൽനിന്ന് വിരമിച്ചശേഷം അതേവർഷം ഒക്ടോബർ ആറിന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. അവർ വിരമിച്ചിട്ട് ഇപ്പോൾ നീണ്ട 37 വർഷങ്ങൾ കഴിഞ്ഞു. ശേഷം നിയമിതരായ 19 വനിതാ ജഡ്ജിമാരിൽ ഒരാൾപോലും മുസ്‍ലിം വിഭാഗത്തിൽനിന്നുണ്ടായില്ല.

സ്വാഭാവികമായും ഒരു ചോദ്യമുയരാം: ജഡ്ജിനിയമനത്തിൽ മതപരമോ സമുദായപരമോ ആയ പ്രാതിനിധ്യം പരിഗണിക്കേണ്ടതുണ്ടോ? ഉന്നത നീതിന്യായവ്യവസ്ഥയിലെ ജഡ്ജിനിയമനങ്ങളിൽ സാമുദായിക സംവരണ വ്യവസ്ഥ നിലവിലില്ല. എന്നാൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത, അവസരസമത്വം, സാമൂഹികവൈവിധ്യം എന്നിവയുടെ പശ്ചാത്തലത്തിൽ ഉന്നത നീതിന്യായവ്യവസ്ഥയിലെ പങ്കാളിത്തത്തെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുകതന്നെ വേണം. ജഡ്ജിനിയമനങ്ങളുടെ പ്രാഥമികമാനദണ്ഡം നിയമ പരിജ്ഞാനവും പ്രവൃത്തിപരിചയവും നീതിബോധവുമാണ്. എന്നാൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള കഴിവുറ്റ വ്യക്തികൾക്ക് നീതിന്യായസംവിധാനത്തിന്റെ ഉന്നതതലങ്ങളിലേക്ക് എത്തിപ്പെടാൻ തുല്യാവസരം ലഭിക്കുന്നുണ്ടോ?. അധികാരസ്ഥാനങ്ങളിൽ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമുണ്ടാകേണ്ടത് സാമൂഹികനീതിയുടെ അനിവാര്യതയാണെന്നും, ജഡ്ജിനിയമനങ്ങളിൽ പട്ടികജാതിവിഭാഗങ്ങൾ തഴയപ്പെടുന്നുവെന്നും മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻതന്നെ തുറന്നുപറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.

ഇത് കേവലം മതപരമായ പ്രാതിനിധ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെയെല്ലാം സാന്നിധ്യം ഭരണഘടനാസ്ഥാപനങ്ങളുടെ വൈവിധ്യത്തെയും ജനാധിപത്യസ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്ന വിശാലമായ ചർച്ചയുടെ ഭാഗമാണ്. അതിപ്രഗൽഭരായ നിരവധി വനിതാ അഭിഭാഷകരും നിയമവിദഗ്ധരും രാജ്യത്തുണ്ടെങ്കിലും, അവരെ ഉന്നതകോടതികളുടെ ന്യായാധിപ സ്ഥാനത്തു നിന്ന് അകറ്റി നിർത്തുന്നത് കടുത്ത സ്ത്രീവിരുദ്ധതയും കൊടിയ അനീതിയുമാണ്. കേരള ഹൈകോടതിയിൽ 37 വർഷമായി മറ്റൊരു മുസ്‍‍ലിം വനിതാ ജഡ്ജി ഉണ്ടായിട്ടില്ലെന്നത് ഈ സമഗ്രചർച്ചയിലെ ഒരു വസ്തുത മാത്രമാണ്. ഇതിനെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സങ്കുചിതമായ അവകാശവാദമായി ചുരുക്കാതെ, ഭരണഘടനാസ്ഥാപനങ്ങളിലെ ജനാധിപത്യപരമായ ഉൾക്കൊള്ളൽ, അവസരസമത്വം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയുള്ള തുറന്ന ചർച്ചകൾക്കുള്ള തുടക്കമായി കാണണം. നീതിപീഠങ്ങളുടെ വാതിലുകൾ സമൂഹത്തിലെ സർവവിഭാഗങ്ങളിൽനിന്നുമുള്ള കഴിവുറ്റ മനുഷ്യർക്ക് തുല്യമായി തുറന്നുകിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഒരു ജനാധിപത്യസമൂഹത്തിന്റെ ചുമതലയാണ്.

(മെക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ) amrasheed20@gmail.com

Tags:    
News Summary - Diversity Deficit in Judiciary: Where Are the Women?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.