ഡോ. സിൽവിയ കൽപ്പഗം
(പ്രമുഖ ഗവേഷകയും സാമൂഹിക പ്രവർത്തകയുമാണ് ഡോ. സിൽവിയ കർപ്പഗം. പൊതുജനാരോഗ്യം, പോഷകാഹാരം, ആരോഗ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന അവരുടെ ജാതി, സാമൂഹിക അസമത്വം, ആരോഗ്യനയ പഠനങ്ങൾ ശ്രദ്ധേയമാണ്. ‘Care as a fraternal practice’ എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ മുഖ്യാതിഥിയായി എത്തിയ ഡോ. സിൽവിയയുമായി സഈദ് റഹ്മാൻ നടത്തിയ അഭിമുഖത്തിൽനിന്ന്)
ആരോഗ്യത്തെ ചികിത്സ മാത്രമായി കാണരുത്. അതിന് ആഴത്തിലുള്ള സാമൂഹിക മാനങ്ങൾ ഉണ്ട്. ഡോക്ടർമാർ രോഗശാന്തി നൽകുന്നവർ മാത്രമല്ല; സാമൂഹിക മാറ്റത്തിന്റെ പ്രവർത്തകരുമാകാം. ഗസ്സയിലെ ഡോക്ടർമാർ വ്യക്തിപരമായ അപകടസാധ്യതകൾക്കിടയിലും എന്തുകൊണ്ടാണ് അവരുടെ ജോലി തുടരുന്നതെന്ന് ചിന്തിക്കുക. അതാണ് വൈദ്യശാസ്ത്രം ഏറ്റവും അർഥപൂർണമാകുന്ന നിമിഷം.
പണം മാത്രമാണ് നിങ്ങളുടെ പ്രചോദനമെങ്കിൽ, അതിന് കൂടുതൽ അനുയോജ്യമായ മറ്റ് തൊഴിൽ മേഖലകളുണ്ട്. നിങ്ങൾ സമ്പാദിക്കുന്ന പണം എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കണം. പ്രതിമാസ ബോണസിനായി 12 ശസ്ത്രക്രിയകൾ നടത്തണമെന്ന ലക്ഷ്യം ഡോക്ടർമാർക്ക് നിശ്ചയിക്കുമ്പോൾ, ആ പണം പലപ്പോഴും ചികിത്സക്കായി സ്വത്ത് വിറ്റഴിച്ച രോഗികളിൽ നിന്നാണ് വരുന്നത്.
നിങ്ങളുടെ സ്വന്തം പ്രഫഷണൽ വിഭാഗത്തിനപ്പുറം ഐക്യദാർഢ്യം വളർത്തിയെടുക്കുക. 36 മണിക്കൂർ നീളുന്ന ഡ്യൂട്ടികളെ ഡോക്ടർമാർ എതിർക്കുമ്പോൾ, അതിലും കൂടുതൽ സമയം ജോലിചെയ്യുന്ന നഴ്സുമാരെ അവഗണിക്കാൻ കഴിയില്ല. ഡോക്ടർമാർ തൊഴിലാളികളും രോഗികളും സമൂഹവും ഉൾപ്പെടുന്ന ഒരു വലിയ സംവിധാനത്തിന്റെ ഭാഗമാണ്. ആ വിശാലമായ ഐക്യദാർഢ്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്.
എം.ബി.ബി.എസും എം.ഡിയുമാണ് ഞാൻ പൂർത്തിയാക്കിയത്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് മെഡിസിനോടു പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല. എം.ബി.ബി.എസ് പഠനകാലത്ത് മെഡിസിനിന് പുറത്തുള്ള പല കാര്യങ്ങളിലും ഞാൻ സജീവമായിരുന്നു. കൂടുതൽ ക്രമബദ്ധമായ സമയക്രമം ലഭിക്കുമെന്ന കാരണത്താലാണ് എം.ഡി തിരഞ്ഞെടുത്തത്. എന്നിരുന്നാലും എം.ഡി പഠനകാലത്തും ഞാൻ മെഡിസിനിന് പുറത്തുള്ള ലോകങ്ങളുമായി ബന്ധം നിലനിർത്തിയിരുന്നു.
പഠനകാലത്ത് ഡോ. അംബേദ്കറുടെ Annihilation of Caste വായിച്ചത് ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു. ബംഗളൂരുവിലെ ഇംഗ്ലീഷ് സംസാരിക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ വളർന്ന ഞാൻ, സമൂഹത്തിന്റെ പല യാഥാർഥ്യങ്ങളിൽ നിന്നുമകന്ന ഒരു ലോകത്തായിരുന്നു. ആ പുസ്തകം വായിച്ചശേഷം സമൂഹത്തിൽ യഥാർഥത്തിൽ എന്താണ് നടക്കുന്നതെന്നും അതിൽ എത്രകുറച്ചാണ് നമ്മുടെ മെഡിക്കൽ പാഠ്യപദ്ധതിയിൽ പ്രതിഫലിക്കുന്നതെന്നും തിരിച്ചറിയാൻ തുടങ്ങി.
സിദ്ധാന്തപരമായ അറിവുകൾ ജീവിത യാഥാർഥ്യങ്ങളിൽ നിന്ന് പൂർണമായും വേർപെട്ട നിലയിലായിരുന്നു. അധ്യാപകരും മുതിർന്ന പ്രഫഷണലുകളും പ്രധാനമായും ചില പ്രത്യേക ജാതി-വർഗ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ. അതാണ് മുഴുവൻ സംവിധാനത്തെയും രൂപപ്പെടുത്തുന്നത്.
യു.കെയിൽ നിന്ന് മടങ്ങിയശേഷം ഞാൻ നിരവധി എൻ.ജി.ഒകളുമായും സിവിൽ സൊസൈറ്റി സംഘടനകളുമായും പ്രവർത്തിച്ചു. പക്ഷേ, അവിടെയും സമാനമായ ഘടനാപരമായ പ്രശ്നങ്ങൾ കണ്ടു. ഒരു എച്ച്.ഐ.വി പദ്ധതിയിൽ പ്രവർത്തിക്കുമ്പോൾ, ഒരു പങ്കാളിസ്ഥാപനത്തെ ഞാൻ വിമർശിച്ചതിന്, “അവരുമായി ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ട്; അതുകൊണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ പറയരുത്” എന്നാണ് പറഞ്ഞത്. അപ്പോഴാണ് ഈ ഘടനകൾക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയത്.
സോഷ്യൽ മീഡിയ എനിക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള ഒരു വേദി നൽകി. അതിലൂടെ ഞാൻ മറ്റുപല നെറ്റ്‌വർക്കുകളെയും കണ്ടെത്തി. അവ ഒരു ബദൽ സംവിധാനമായി പ്രവർത്തിച്ചു. സിവിൽ സൊസൈറ്റിക്കുള്ളിലും ചില വിഷയങ്ങൾ ചർച്ച ചെയ്യുന്നത് വിലക്കപ്പെട്ടതായിരുന്നു. ആ ബദൽ ഇടം സൃഷ്ടിച്ചതാണ് പിന്നീട് പുസ്തകം എഴുതുന്നതടക്കമുള്ള നിരവധി അവസരങ്ങൾ എനിക്ക് തുറന്നുകൊടുത്തത്. അത്തരം ഇടങ്ങൾ സൃഷ്ടിക്കാൻ ഒരു പരിധിവരെ സുരക്ഷയും പ്രത്യേകാവകാശവും ആവശ്യമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ശബ്ദങ്ങൾക്ക് ഇടം നൽകുന്നത് അത്യന്താപേക്ഷിതമാണ്.
എന്റെ വീടിനടുത്ത് ഒരിക്കൽ ഒരു വലിയ കുടിയൊഴിപ്പിക്കൽ നടന്നു. ഏകദേശം 1,600 വീടുകൾ പൊളിച്ചുനീക്കി. അവിടെ താമസിച്ചവരിൽ ഭൂരിഭാഗവും ദലിതരും മുസ്‍ലിംകളുമായിരുന്നു. ശുചീകരണ ജോലികൾ, ദൈനംദിന കൂലിപ്പണികൾ, മറ്റ് അടിസ്ഥാന സേവനങ്ങൾ തുടങ്ങി നഗരത്തിന് അത്യന്താപേക്ഷിതമായ തൊഴിൽ ചെയ്യുന്നവരായിരുന്നു അവർ.
അവരുടെ വീടുകൾ തകർത്തുനീക്കപ്പെട്ടപ്പോൾ വലിയതോതിൽ ഐക്യദാർഢ്യം ഉയർന്നുവന്നില്ല. സന്ദേശം വളരെ വ്യക്തമായിരുന്നു. നഗരത്തിന് അവരുടെ തൊഴിൽ ആവശ്യമാണ്, പക്ഷേ, അവരുടെ സാന്നിധ്യം വേണ്ട. നമുക്ക് ഒരു “സ്മാർട്ട് സിറ്റി” വേണം, എന്നാൽ അതിനെ നിലനിർത്തുന്ന മനുഷ്യരെ നഗരത്തിന്റെ അതിരുകളിലേക്ക് തള്ളിവിടുന്നു. ഞാൻ ഇതിനെ “നഗര ജാതിവാദം” എന്നാണ് വിളിക്കുന്നത്.
ഒരു ഡോക്ടർ എന്ന നിലയിൽ ആദ്യഘട്ടത്തിൽ എനിക്ക് ചെയ്യാനായത് ആർക്കെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുക മാത്രമായിരുന്നു. ചെറിയ പരിക്കുകൾ ഒഴികെ മിക്കവരും തങ്ങൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞു. എന്നാൽ, ഒന്നോ രണ്ടോ ആഴ്ചകൾക്കുശേഷം ആരോഗ്യപ്രശ്നങ്ങൾ പ്രകടമായിത്തുടങ്ങി. കുട്ടികളിൽ ആവർത്തിച്ചുള്ള അണുബാധകളും വയറിളക്കവും ഉണ്ടായി. പോഷകാഹാരക്കുറവ് വർധിച്ചു. പ്രായമായവർക്ക് മരുന്നുകൾ ലഭിക്കാതെയായി. സുരക്ഷിതമായ ശുചിത്വസൗകര്യങ്ങളുടെ അഭാവം കാരണം സ്ത്രീകൾ വെള്ളം കുടിക്കുന്നത് കുറച്ചു. അതുവഴി മൂത്രാശയ സംബന്ധമായും പ്രത്യുത്പാദനാരോഗ്യവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങൾ രൂപപ്പെട്ടു.
ആ അനുഭവം ആരോഗ്യത്തെ ചികിത്സയിൽ മാത്രം കേന്ദ്രീകരിച്ച് മനസ്സിലാക്കുന്ന സമീപനത്തെ ചോദ്യംചെയ്തു. വൈദ്യശാസ്ത്രം പ്രധാനമായും വ്യക്തിഗത രോഗങ്ങളുടെ ചികിത്സയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ആരോഗ്യം എന്നത് ചികിത്സ മാത്രമല്ലെന്ന് ഞാൻ അവിടെ തിരിച്ചറിഞ്ഞു. സുരക്ഷിതമായ പാർപ്പിടം, ശുചിത്വം, സുരക്ഷ, മാന്യത എന്നിവയും ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
ഇന്ത്യയിലെ പൊതുജനാരോഗ്യ നയങ്ങൾ, പ്രത്യേകിച്ച് പോഷകാഹാരവുമായി ബന്ധപ്പെട്ടവ, പലപ്പോഴും പൂർണമായി ശാസ്ത്രീയ അടിത്തറയിൽ അധിഷ്ഠിതമല്ല. ശാസ്ത്രത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അത് സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. എന്നിരുന്നാലും, നയരൂപീകരണത്തിൽ പലപ്പോഴും ഒരു ആധിപത്യ സാംസ്കാരിക മാതൃകയാണ് പ്രതിഫലിക്കുന്നത്. അതിൽ പ്രധാനമായും സസ്യാഹാര കാഴ്ചപ്പാടിനാണ് മുൻതൂക്കം ലഭിക്കുന്നത്.
ഇന്ത്യ പ്രധാനമായും സസ്യാഹാര സമൂഹമാണെന്ന ധാരണ വലിയൊരളവുവരെ ഒരു മിഥ്യയാണ്. സസ്യാഹാരം പൊതുവെ സാമ്പത്തികമായും സാമൂഹികമായും മുൻതൂക്കമുള്ള വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും ഇതേ വിഭാഗങ്ങളാണ് അവരുടെ ഭക്ഷണരീതികളെ ദരിദ്ര സമൂഹങ്ങൾക്കുമേൽ മാനദണ്ഡമായി അടിച്ചേൽപ്പിക്കുന്നത്.
സമ്പന്നരായ സസ്യാഹാരികൾക്ക് പാൽ, നട്ട് വർഗങ്ങൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ, ദരിദ്രർക്കായി രൂപപ്പെടുത്തുന്ന നയങ്ങൾ പലപ്പോഴും ധാന്യാധിഷ്ഠിതവും കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതുമായ ഭക്ഷണക്രമങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പോഷകവൈവിധ്യത്തിന് അവയിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.
നമ്മുടെ ആരോഗ്യപ്രശ്നങ്ങളിൽ വലിയൊരു പങ്കും അപര്യാപ്തമായ പോഷകാഹാരവുമായി ബന്ധപ്പെട്ടതാണ്. കുട്ടികൾ പോഷകാഹാരക്കുറവോടെ വളരുന്നു. പ്രായപൂർത്തിയായവരിൽ ശരീരഭാരം വർധിച്ചേക്കാം, പക്ഷേ അതിൽ വലിയൊരുഭാഗം പേശികളല്ല, കൊഴുപ്പാണ്. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും പരിഹാരമായി ആവർത്തിച്ച് മുന്നോട്ടുവെക്കപ്പെടുന്നത് മരുന്നുകളാണ്. പ്രതിമാസം 2000 മുതൽ 8000 രൂപവരെ ചെലവാകുന്ന മരുന്നുകൾ നിർദേശിക്കപ്പെടുന്നു. അതേസമയം, ഈ ആരോഗ്യപ്രശ്നങ്ങളുടെ അടിത്തറയായ പോഷകാഹാര സംബന്ധമായ കാരണങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു.
ഇന്ത്യയിലെ പല വെഗൻ പ്രവർത്തകരും (സസ്യാധിഷ്ഠിത ജീവിതശൈലി പ്രോൽസാഹിപ്പിക്കുന്നവർ) സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന അതേ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പൊതുവെ ഇംഗ്ലീഷ് സംസാരിക്കുന്ന, സാമ്പത്തികമായി സുരക്ഷിതരായ, ഭക്ഷണക്രമം സൂക്ഷ്മമായി ആസൂത്രണംചെയ്യാൻ സമയവും വിഭവങ്ങളും ഉള്ളവരാണ് അവർ.
നാം എന്താണ് ഭക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രത്യേക ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനും പ്രത്യേക രീതിയിലുള്ള ഭക്ഷണം തയാറാക്കാനും കഴിയുന്നതുതന്നെ വർഗപരമായ ഒരു പ്രത്യേകാവകാശമാണ്. സർക്കാർ ജോലിയോ മറ്റ് തിരക്കേറിയ തൊഴിൽ സാഹചര്യങ്ങളോ ഉള്ള ഒരാൾ സാധാരണയായി വേഗത്തിൽ തയാറാക്കാൻ കഴിയുന്ന ഭക്ഷണമാണ് തിരഞ്ഞെടുക്കുക. സമയംതന്നെയും ഒരു സാമൂഹിക-സാമ്പത്തിക സ്ഥാനത്തിന്റെ സൂചകമാണ്.
ഒരു മൃഗാവകാശ പ്രവർത്തകൻ “വെഗൻ ആകാൻ ആവശ്യമായ എല്ലാ സാധനങ്ങളും റേഷൻ കടകളിൽ ലഭ്യമാണ്” എന്ന് പറയുമ്പോൾ, അത് യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും റേഷൻ സംവിധാനങ്ങൾ തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സമൂഹങ്ങളോട് ഒരു പ്രത്യേക ഭക്ഷണരീതി സ്വീകരിക്കാൻ ആവശ്യപ്പെടുമ്പോൾ, അതിനാവശ്യമായ വിഭവങ്ങൾ അവർക്ക് ലഭ്യമാക്കാതിരിക്കുന്നത് ഒരു ധാർമിക പ്രശ്നം ഉയർത്തുന്നു.
കാർഷിക സമൂഹങ്ങൾ ചരിത്രപരമായി മൃഗങ്ങളുമായി സഹവർത്തിത്വത്തിലാണ് ജീവിച്ചുവന്നത്. ആ ബന്ധം വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമാണ്. അതിനെ യാന്ത്രികമായി ക്രൂരതയായി മാത്രം വിശേഷിപ്പിക്കാൻ കഴിയില്ല. വ്യാവസായിക രീതിയിലുള്ള മൃഗസംരക്ഷണം തീർച്ചയായും വിമർശനത്തിന് വിധേയമാണ്. എന്നാൽ, സസ്യാഹാരാധിഷ്ഠിത ഭക്ഷ്യസംവിധാനങ്ങളും പൂർണമായും പ്രശ്നരഹിതമല്ല. മണ്ണിലെ ലോഹമലിനീകരണം, ജലസേചന സംവിധാനങ്ങളിലെ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ അവിടെയും നിലനിൽക്കുന്നു. ഭക്ഷ്യസംവിധാനങ്ങളെക്കുറിച്ചുള്ള ഏത് സത്യസന്ധമായ ചർച്ചയും ഒരു സംവിധാനവും പൂർണമായും കുറ്റമറ്റതല്ല എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പോഷകാഹാര ലഭ്യത പലപ്പോഴും കുറ്റബോധം സൃഷ്ടിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അക്ഷയപാത്ര പോലുള്ള സംഘടനകൾ ചിലപ്പോൾ സ്കൂളുകളിലേക്ക് പ്രവർത്തകരെ അയച്ച് കുട്ടികളോട് മുട്ടയോ മാംസമോ കഴിക്കരുതെന്ന് പറയാറുണ്ട്. പിന്നീട് കുട്ടികൾ ഈ ആശയങ്ങൾ അവരുടെ കുടുംബങ്ങളിലേക്കും കൊണ്ടുപോകുന്നു.
ചിലർ ഇതിനെ ഒരു തരത്തിലുള്ള “തിരിച്ചുള്ള വിവേചനം” എന്ന രീതിയിലും അവതരിപ്പിക്കുന്നു. മറ്റുള്ളവർ മാംസം കഴിക്കുന്നതിനാൽ സസ്യാഹാരികൾ വിവേചനത്തിന് ഇരയാകുന്നു എന്നാണ് അവരുടെ വാദം. അങ്ങനെ വിവേചനം എന്ന ആശയംതന്നെ തലകീഴായി മാറുന്നു.
അഞ്ചുപേർ സസ്യാഹാരികളും തൊണ്ണൂറ്റിയഞ്ചുപേർ മാംസാഹാരികളുമാണെങ്കിൽ, യഥാർഥത്തിൽ ആരാണ് പൊരുത്തപ്പെടേണ്ടത്? എന്നാൽ, പ്രത്യേകമേശകൾ വേണമെന്ന ആവശ്യത്തിൽ ആരംഭിക്കുന്ന ഈ പ്രക്രിയ ക്രമേണ പ്രത്യേക അടുക്കളകൾ, പ്രത്യേക പാത്രങ്ങൾ, പ്രത്യേക ഇടങ്ങൾ എന്നീ ആവശ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇത് ജാതി വേർതിരിവിന്റെ അടിസ്ഥാന യുക്തിയെ തന്നെ പുനരാവിഷ്കരിക്കുന്നു.
ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഭക്ഷണരീതികൾ ശുദ്ധിയുടെയും ശ്രേഷ്ഠതയുടെയും പ്രതീകങ്ങളായി മാറുമ്പോൾ, അവ ജാതി ശ്രേണീകരണങ്ങളെയും സാമൂഹിക അസമത്വങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് വലിയ ഘടനാപരമായൊരു മാറ്റം സംഭവിച്ചുവെന്ന് ഞാൻ കരുതുന്നില്ല. വ്യക്തിഗത തലത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ, വ്യക്തികൾക്ക് മാത്രം മുഴുവൻ സംവിധാനത്തെയും മാറ്റിമറിക്കാൻ കഴിയില്ല. ആ ഉത്തരവാദിത്തം മുഴുവനായും അവരുടെ മേൽ ചുമത്തിയാൽ, അവർ ക്ഷീണിച്ചുപോകുകയോ ഒരിക്കൽ വിമർശിച്ചിരുന്ന അതേഘടനകളുടെ ഭാഗമായിത്തീരുകയോ ചെയ്യും.
ഉത്തരവാദിത്തം അധികാരസ്ഥാനങ്ങളിലുള്ളവർക്കുമുണ്ട്. പിന്തുണയും ഐക്യദാർഢ്യവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുമാത്രം വരേണ്ടതല്ല.
ആവശ്യമായ പിന്തുണയില്ലെങ്കിൽ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വ്യക്തികൾ പോലും ആധിപത്യ ഭാഷകളും ആഖ്യാനങ്ങളും പുനരുലപാദിപ്പിക്കാൻ തുടങ്ങും. അതുകൊണ്ടാണ് പ്രാതിനിധ്യത്തെ പൊതുവായ “മെറിറ്റ്” എന്ന ഭാഷയിലൂടെ അല്ല, മറിച്ച് അനുകൂല നടപടികളുടെ (affirmative action) ഭാഗമായി മനസ്സിലാക്കേണ്ടത്. സ്വകാര്യ കോച്ചിങ്, കുടുംബബന്ധങ്ങൾ, തലമുറകളിലൂടെ കൈമാറപ്പെടുന്ന പ്രത്യേകാവകാശങ്ങൾ എന്നിവ അദൃശ്യമായി തുടരുമ്പോൾ, “മെറിറ്റ്” എന്ന ആശയം ബൗദ്ധികമായി സത്യസന്ധമല്ല.
പോഷകാഹാരത്തെയും സസ്യാഹാരത്തിന്റെ രാഷ്ട്രീയത്തെയും കുറിച്ചുള്ള ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് ഞാൻ. ആഗസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ അറിവുകളെ നയപരമായ ഇടപെടലുകളാക്കി മാറ്റുക എന്നതാണ് എന്റെ ദീർഘകാല ലക്ഷ്യം.
ആന്തരാവയവ മാംസങ്ങളും ഉണക്കമീനുകളും ഉൾപ്പെടുന്ന പരമ്പരാഗത ഭക്ഷണരീതികൾ വളരെ ഉയർന്ന പോഷകമൂല്യമുള്ളവയായിരിക്കാം. എന്നിരുന്നാലും നയചർച്ചകളിൽ പലപ്പോഴും സാംസ്കാരിക ഭക്ഷണരീതികളുടെ ഒരേയൊരു രൂപം മാത്രമാണ് പരിഗണിക്കപ്പെടുന്നത്.
ഇതിലെ വൈരുധ്യം വ്യക്തമാണ്. ചില ഭക്ഷണങ്ങളുടെ പോഷകമൂല്യം ശാസ്ത്രം അംഗീകരിച്ചേക്കാം, സമൂഹങ്ങൾ അവ ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാം, എന്നിരുന്നാലും അവയെ നിരോധിക്കാൻ സംസ്ഥാനത്തിന് കഴിയുന്നു. പ്രശ്നം സമൂഹത്തിലോ ശാസ്ത്രത്തിലോ അല്ല. സാംസ്കാരികവും ജാതിപരവുമായ മുൻവിധികൾ ശാസ്ത്രീയ തെളിവുകളെ മറികടക്കുമ്പോഴാണ് പ്രശ്നം രൂപപ്പെടുന്നത്.
കൂടുതൽ നീതിപൂർണവും ഫലപ്രദവുമായ പൊതുജനാരോഗ്യ സംവിധാനം സൃഷ്ടിക്കാൻ ആദ്യം വേണ്ടത് പ്രശ്നങ്ങളെ സത്യസന്ധമായി അംഗീകരിക്കലാണ്. പലപ്പോഴും സംവിധാനത്തിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളെ വ്യാജവാർത്തകളായി തള്ളിക്കളയാറുണ്ട്.
കൃത്യമായ വിവരശേഖരണവും സുതാര്യമായ സംവിധാനങ്ങളും ആവശ്യമാണ്. ആരോഗ്യപരിചരണം പൊതുസംവിധാനമായി തുടരണം. കാരണം, ലാഭാധിഷ്ഠിത ആരോഗ്യസംവിധാനങ്ങൾക്ക് ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹികഘടകങ്ങളെ ഗൗരവമായി അഭിമുഖീകരിക്കാൻ പലപ്പോഴും കഴിയാറില്ല.
ചികിത്സ മാത്രം മതിയാകില്ല. വിദ്യാഭ്യാസം, ശുദ്ധജലം, ശുചിത്വം, പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം എന്നിവയെല്ലാം ആരോഗ്യത്തിന്റെ ഭാഗമാണ്. പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളും അനിവാര്യമാണ്. രാഷ്ട്രീയ ഇച്ഛാശക്തി പലപ്പോഴും പൊതുസമ്മർദത്തിലൂടെയാണ് രൂപപ്പെടുന്നത്.
അതോടൊപ്പം പരിഹാരങ്ങൾ പാശ്ചാത്യ മാതൃകകളിൽ മാത്രമേ ഉള്ളൂ എന്ന ധാരണയും നാം ഉപേക്ഷിക്കണം. താരതമ്യേന കുറഞ്ഞ വിഭവങ്ങളുള്ള പല രാജ്യങ്ങളും പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.