ഇന്ത്യ 80-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ വികസനഗാഥ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ ശൃംഖലകൾ എന്നിവ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നിരുന്നാലും, ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ എന്നതിന്റെ നിർവചനം തന്നെ മാറേണ്ടതുണ്ട്. ഭൗതികവും ഡിജിറ്റലുമായ ആസ്തികൾക്കൊപ്പം, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയിലും പ്രതിരോധശേഷിയിലും ദീർഘകാല സമൃദ്ധിയിലുമുള്ള ഒരു തന്ത്രപ്രധാന നിക്ഷേപമായി ആരോഗ്യമേഖലയും അംഗീകരിക്കപ്പെടണം.
ആരോഗ്യപരിപാലനം വെറുമൊരു സാമൂഹിക ഉത്തരവാദിത്തമോ ക്ഷേമച്ചെലവോ മാത്രമല്ല; ഇന്ത്യയെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ പ്രാപ്തമായ, കാര്യക്ഷമതയും കരുത്തുമുള്ള ഒരു തൊഴിൽശക്തിയുടെ അടിത്തറയാണത്. ആരോഗ്യമേഖലയുടെ സാമ്പത്തിക പ്രഭാവം ആശുപത്രികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഔഷധനിർമാണം, മെഡിക്കൽ സാങ്കേതികവിദ്യകൾ, രോഗനിർണയ സംവിധാനങ്ങൾ, ബയോടെക്നോളജി, ഹെൽത്ത്കെയർ ഐ.ടി, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു.
ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയിലെ 140 കോടിയിലധികം വരുന്ന ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, അക്കാദമിക് രംഗം, ഗവേഷണ-സാങ്കേതിക കമ്പനികൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണ്.
2026-27 കേന്ദ്ര ബജറ്റിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനായി 1.06 ലക്ഷം കോടി രൂപ വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണ്. കൂടാതെ, റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കാനുള്ള നീക്കം ആരോഗ്യമേഖലയെ ഉൽപ്പാദനക്ഷമമായ അടിസ്ഥാന സൗകര്യമായി തിരിച്ചറിയുന്നതിന്റെ വ്യക്തമായ സൂചനയാണ്. ക്ലിനിക്കൽ മികവ്, ഗവേഷണം, ഔഷധ നിർമാണം, നവീകരണം എന്നിവയിലെ കൂടുതൽ നിക്ഷേപങ്ങൾ ഈ സൗകര്യങ്ങൾ സാധാരണക്കാർക്ക് ഉൾപ്പെടെ പ്രാപ്യമാക്കാൻ സഹായിക്കും.
വിദഗ്ദ്ധരായ പ്രഫഷനലുകളെ സംഭാവന ചെയ്യുന്നതിനൊപ്പം ലോകോത്തര ആരോഗ്യ സേവനങ്ങൾ കയറ്റുമതി ചെയ്യാനുള്ള മികച്ച അവസരവും ഇന്ന് ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ 'മെഡിക്കൽ വാല്യൂ ട്രാവൽ' ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ രോഗികളെ ഇപ്പോഴും ആകർഷിക്കുന്നു. ഇത് ആരോഗ്യമേഖലക്ക് മാത്രമല്ല, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ മറ്റ് വ്യവസായങ്ങൾക്കും വലിയ ഉണർവ് നൽകുന്നു. ഈ മുന്നേറ്റം നിലനിർത്തുന്നതിന് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അത്യാധുനിക സാങ്കേതികവിദ്യകളിലും ഗവേഷണങ്ങളിലും തുടർന്നും നിക്ഷേപം നടത്തേണ്ടതുണ്ട്.
ആരോഗ്യമേഖലയിലെ ഓരോ നിക്ഷേപവും ഇന്ത്യയുടെ ഭാവിയെയാണ് കെട്ടിപ്പടുക്കുന്നത്. ഒരു ആശുപത്രി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു; ഒരു മെഡിക്കൽ കോളജ് മാനവവിഭവശേഷി വികസിപ്പിക്കുന്നു; ഗവേഷണങ്ങൾ നവീകരണത്തിലേക്ക് നയിക്കുന്നു; കൃത്യമായ രോഗപ്രതിരോധം ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു. ഇവയെല്ലാം ചേർന്ന് രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് അടിത്തറ പാകുന്നു.
ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ ബലത്തിൽ മാത്രം ഒരു വികസിത രാജ്യത്തിനും നിലനിൽക്കാനാകില്ല. അതിന് ആരോഗ്യമുള്ള പൗരരും മികച്ച ആരോഗ്യ സ്ഥാപനങ്ങളും അവയെ പരിപോഷിപ്പിക്കുന്ന സുശക്തമായ ആരോഗ്യ സംവിധാനവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇനി അപ്രസക്തമാണ്. മറിച്ച്, ആരോഗ്യപരിപാലനത്തെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രബിന്ദുവാക്കാതെ ‘വികസിത് ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്നതാണ് ഇന്നത്തെ നിർണായകമായ ചോദ്യം.
(ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.