നേപ്പാളിൽ കലാപത്തിന് തീ കൊളുത്തിയതാര്?

ജൂലൈ അവസാന വാരം നേപ്പാളിലെ മധേശി-തരായ് മേഖലയിലുണ്ടായ വർഗീയ സംഘർഷം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള ഭരണകൂടം തുടക്കത്തിൽ മന്ദഗതിയിലാണ് പ്രവർത്തിച്ചതെന്ന് നേപ്പാളി മാധ്യമങ്ങളിലെ ഒരു വിഭാഗം വിമർശിച്ചപ്പോൾ, അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ക്രമസമാധാനം തിരികെ കൊണ്ടുവരുന്നതിൽ ശക്തവും ബഹുതലങ്ങളിലുള്ളതുമായ സുരക്ഷാ സംവിധാനം അവസാനം വിജയം കണ്ടു എന്നാണ്. അക്രമം പടരുന്നത് തടയാൻ അധികാരികൾ ആദ്യം നേപ്പാൾ പൊലീസിനെയാണ് ആശ്രയിച്ചത്.

പോലീസിന് അക്രമം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ, കലാപ വിരുദ്ധ പ്രവർത്തനങ്ങളുടെയും അതിർത്തി സുരക്ഷയുടെയും ചുമതലയുള്ള അർധസൈനിക വിഭാഗമായ ആംഡ് പൊലീസ് ഫോഴ്സിനെ വിന്യസിച്ചു. തുടർന്നും ജനക്കൂട്ടം കർഫ്യൂ ലംഘനം തുടർന്നതോടെ, നേപ്പാൾ ആർമിയുടെ യൂണിറ്റുകളെ വിളിച്ചു. കർഫ്യൂ കർശനമായി നടപ്പിലാക്കാനും പൊതു-സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കാനും അക്രമങ്ങൾ തടയാനും സായുധ വാഹനങ്ങളുടെ അകമ്പടിയോടെ സൈന്യത്തെ പ്രധാന നഗരങ്ങളിൽ വിന്യസിച്ചു.

ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സമാധാന ആഹ്വാനം നടത്തിയ പ്രധാനമന്ത്രി ബലേന്ദ്ര ഷാ, അക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. നേപ്പാൾ ഒരു മതേതര രാജ്യമാണെന്നും വിശ്വാസം ഏതുമാകട്ടെ, ഭയമില്ലാതെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആഭ്യന്തരമന്ത്രി സുദാൻ ഗുരുങ് സന്ദർശിക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

അസാധാരണമായ ആക്രമണം

മധേഷ്/തരായ് മേഖലയിലെ ചില ഭാഗങ്ങൾ മുമ്പും പ്രാദേശിക ഹിന്ദു-മുസ്‌ലിം സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, കലാപം മറ്റ് ജില്ലകളിലേക്ക് പടരുന്നത് അപൂർവമായിരുന്നു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും കുറവായിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണത്തെ അക്രമത്തിന്റെ വ്യാപനവും തീവ്രതയും നിരീക്ഷകരെ ഞെട്ടിച്ചു. ജൂലൈ 26 ന് വൈകുന്നേരം സുൻസരി ജില്ലയിലെ കപ്താൻഗഞ്ചിൽ ആരംഭിച്ച അക്രമം ദിവസങ്ങൾക്കുള്ളിൽ കൈലാളി, ജനക്പൂർ, ധനുഷ, മൊറാങ്, കോശി, മഹോത്തരി തുടങ്ങി ആറ് ജില്ലകളിലേക്ക് പടർന്നു. നേപ്പാളിലെ വലിയൊരു വിഭാഗം മുസ്‌ലിം സമൂഹം വസിക്കുന്നത് ഈ ജില്ലകളിലാണ്. പള്ളികൾ, മദ്രസകൾ, മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകൾ, വീടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവയായിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹോത്തരി ജില്ലയിൽ മദ്രസ ഇസ്‌ലാമിയ ഫൈസെ മില്ലത്ത് തകർക്കപ്പെടുകയും മതഗ്രന്ഥങ്ങൾ അവഹേളിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

2021 ലെ സെൻസസ് പ്രകാരം, 2.92 കോടി വരുന്ന നേപ്പാളി ജനസംഖ്യയിൽ 5.09 ശതമാനം അഥവാ ഏകദേശം 14.8 ലക്ഷം മനുഷ്യർ മുസ്‌ലിംകളാണ്. ഇവർ പ്രധാനമായും മധേഷ്, ലുംബിനി പ്രവിശ്യകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ 26,339 മുസ്‌ലിംകളുണ്ട് (നഗര ജനസംഖ്യയുടെ 1.29%). മല്ല രാജവംശത്തിന്റെ കാലത്ത് കാശ്മീരി മുസ്‌ലിം വ്യാപാരികൾ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ കാശ്മീരി മസ്ജിദും കാഠ്മണ്ഡുവിലാണ്.

ഹിന്ദു സ്വയംസേവക് സംഘിന്റെ പങ്ക്

ഒരു പള്ളിയുടെ മിനാരത്തിൽ നിന്ന് പച്ച പതാക മാറ്റി പകരം കാവിപതാക സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പെട്ടെന്നുള്ള കാരണമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രാർഥനാ സമയത്ത് പള്ളിക്കടുത്തുകൂടെ ഉറക്കെയുള്ള ഡി.ജെ സംഗീതം മുഴക്കി ഹിന്ദു മതഘോഷയാത്ര കടന്നുപോയതോടെ സ്ഥിതിഗതികൾ വഷളായി. പ്രാർത്ഥന നടക്കുന്ന സമയത്ത് സംഗീതം നിർത്തണമെന്ന ആവശ്യം ഘോഷയാത്രക്കാർ വിസമ്മതിച്ചത് തർക്കമാവുകയും അത് വർഗീയ ഏറ്റുമുട്ടലായി ഇൻഡോ-നേപ്പാൾ അതിർത്തിയിലെ മധേശി-തരായ് മേഖലയിലുടനീളം പടരുകയും ചെയ്തു.

ഈ തർക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഹിന്ദു സ്വയംസേവക് സംഘിനെതിരെയുള്ള ആരോപണങ്ങളാണ്. സംഘർഷം വഷളാക്കുന്നതിൽ എച്ച്.എസ്.എസുമായി ബന്ധമുള്ള വ്യക്തികൾ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ആരോപിക്കുന്നു.

1990-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ പഠിച്ച നേപ്പാളി വിദ്യാർഥികളാണ് എച്ച്.എസ്.എസ് നേപ്പാൾ സ്ഥാപിച്ചത്. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന തെക്കൻ തരായ് സമതലങ്ങളിൽ, പ്രത്യേകിച്ച് ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ അയൽ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ഭാഷാപരവും സാംസ്കാരികവും കുടുംബപരവുമായ ശക്തമായ ബന്ധം പുലർത്തുന്ന മധേശി ഹിന്ദു വിഭാഗങ്ങൾക്കിടയിലാണ് ഈ സംഘടനക്ക് ശക്തമായ സാന്നിധ്യമുള്ളത്. പ്രധാന അടിത്തറ തരായ് മേഖലയിലാണെങ്കിലും, മലയോര മേഖലകൾ ഉൾപ്പെടെ നേപ്പാളിലെ ഏഴ് പ്രവിശ്യകളിലും എച്ച്.എസ്.എസിന് ശൃംഖലകളുണ്ട്.

2008 മേയ് 28-ന് ഭരണഘടനാ അസംബ്ലി രാജവാഴ്ച അവസാനിപ്പിക്കുകയും രാജ്യത്തെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാളായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് വരെ നേപ്പാൾ ഒരു ഹിന്ദു രാജ്യമായിരുന്നു. പുതിയ ഭരണഘടന നേപ്പാളിനെ ഒരു മതേതര റിപ്പബ്ലിക്കായി മാറ്റി. എന്നാൽ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ ശക്തികൾ നാടിനെ വീണ്ടും ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ വളർച്ച നേപ്പാളിലെ സമാന രാഷ്ട്രീയ തരംഗങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് 2024 നവംബറിൽ ‘സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ്’ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ‘‘നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണ’’മെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2015-ൽ യോഗി ആദിത്യനാഥ് അയച്ച കത്തും, നേപ്പാൾ എന്നും ഒരു ഹിന്ദു രാജ്യമായിരിക്കുമെന്ന് 2021-ൽ ബി.ജെ.പി വക്താവ് വിജയ് സോങ്കർ ശാസ്ത്രി നടത്തിയ പരസ്യ പ്രസ്താവനയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2024 ഫെബ്രുവരിയിൽ, നേപ്പാളിനെ രാജവാഴ്ചയുടെ സംരക്ഷണത്തിലുള്ള ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.പി.പി നേപ്പാൾ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

ആദ്യ 24-48 മണിക്കൂറിനുള്ളിൽ അക്രമത്തിന്റെ വേഗതയും വ്യാപ്തിയും വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടാകാമെങ്കിലും, ക്രമസമാധാനം തിരികെ കൊണ്ടുവരാൻ കർഫ്യൂ, അർധസൈനിക വിന്യാസം, സൈനിക സഹായം, വെടിവെപ്പ് എന്നിവയുൾപ്പെടെയുള്ള കർശന നടപടികൾ അവസാനം സ്വീകരിച്ചു എന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ, ചില നിർണായക ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമായിട്ടില്ല: ആരാണ് ഈ അക്രമം ആസൂത്രണം ചെയ്തതും ഏകോപിപ്പിച്ചതും? അക്രമത്തിന് ആളുകളെ കൂട്ടാൻ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടോ? പ്രഖ്യാപിച്ച അന്വേഷണം പൂർണമായും സ്വതന്ത്രവും സുതാര്യവും ആയിരിക്കുമോ? തകർക്കപ്പെട്ട സ്വത്തുക്കളുടെ നഷ്ടപരിഹാരവും പുനർനിർമാണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരയായ മുസ്‌ലിം സമൂഹത്തിന്റെ പരാതികൾ സർക്കാർ എങ്ങനെ പരിഹരിക്കും?

നേപ്പാളിലെ മതേതര ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സുപ്രധാനമാണ്.

Tags:    
News Summary - Who ignited the riots in Nepal?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.