2018ലെ മഹാപ്രളയത്തിനുശേഷം, കേരളത്തിന്റെ വെള്ളപ്പൊക്ക-ദുരന്ത വെല്ലുവിളികൾക്ക് ദീർഘകാലാടിസ്ഥാന പരിഹാരത്തിനായി ജാപ്പനീസ് വിദഗ്ധർ മുന്നോട്ടുവെച്ച പരിഹാരങ്ങൾ നടപ്പാക്കാൻ ഇനിയും വൈകരുതെന്ന്, ഈ സംഘത്തെ  നയിച്ച ലേഖകൻ ആവശ്യപ്പെടുന്നു

ഇത്തവണയും തുടരുന്ന അതിതീവ്ര മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കേരളത്തെ വീണ്ടും ഗുരുതര ദുരന്തസാഹചര്യത്തിലേക്ക് നയിക്കുകയാണ്. ഇതിനെ ഒറ്റപ്പെട്ട ഒരു മൺസൂൺ പ്രതിസന്ധിയായി മാത്രം കാണാനാവില്ല. 2018ലെ മഹാപ്രളയം, 2019ലെ വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുകളും, 2020ലെ പെട്ടിമുടി ദുരന്തം, 2024ലെ വയനാട് ഉരുൾപൊട്ടലും ആവർത്തിക്കുന്ന പ്രാദേശിക മണ്ണിടിച്ചിലുകളും വ്യക്തമാക്കുന്നത്, കേരളത്തിന്റെ ദുരന്തസാധ്യത ക്രമേണ ഉയരുകയാണെന്നാണ്.

പ്രകൃതിദുരന്തങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും, അവമൂലമുണ്ടാകുന്ന ജീവഹാനിയും നാശനഷ്ടങ്ങളും വലിയ തോതിൽ കുറക്കാൻ കഴിയും. അതിനായി മുൻകാല ദുരന്തങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രീയ ആസൂത്രണം, പ്രാദേശികതല മുന്നറിയിപ്പ് സംവിധാനങ്ങൾ, സമയബന്ധിതമായ ഒഴിപ്പിക്കൽ, സുരക്ഷിതമായ ഭൂവിനിയോഗ നയം, കാര്യക്ഷമമായ രക്ഷാപ്രവർത്തനം എന്നിവ അനിവാര്യമാണ്.

മാറുന്ന മഴയുടെ സ്വഭാവം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ദിവസങ്ങളിലായി ലഭിച്ചിരുന്ന മഴ ഇന്ന് പലപ്പോഴും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിതീവ്രമായി പെയ്യുന്നു. വളരെ ചെറിയ പ്രദേശത്ത് മണിക്കൂറിൽ 50 മുതൽ 80 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രാദേശിക അതിതീവ്ര മഴപ്രതിഭാസങ്ങൾ കൂടുതൽ സാധാരണമാകുകയാണ്.

ജപ്പാനിൽ ഇത്തരം പെട്ടെന്നുണ്ടാകുന്ന അതിതീവ്ര പ്രാദേശിക മഴയെ പൊതുവെ “ഗറില മഴ” എന്നു വിശേഷിപ്പിക്കാറുണ്ട്. മഴമേഘങ്ങൾ അതിവേഗം രൂപപ്പെടുകയും ചെറിയ പ്രദേശത്ത് ശക്തമായ മഴ പെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളക്കെട്ടും നഗരപ്രളയവും ചെറുനദികളിലെ കുത്തൊഴുക്കും സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം മഴ കൃത്യമായ സ്ഥലത്തും സമയത്തും മുൻകൂട്ടി പ്രവചിക്കുക കാലാവസ്ഥാ ശാസ്ത്രജ്ഞർക്കുപോലും വെല്ലുവിളിയാണ്. പടിഞ്ഞാറൻ ഘട്ടത്തിലെ ചെങ്കുത്തായ മലനിരകൾ, അവയിൽനിന്ന് വളരെ ചുരുങ്ങിയ ദൂരത്തിനുള്ളിൽ അറബിക്കടലിലേക്ക് ഒഴുകുന്ന നദികൾ, ഇടുങ്ങിയ താഴ്വരകൾ, ജനസാന്ദ്രമായ മധ്യപ്രദേശങ്ങൾ, താഴ്ന്ന തീരമേഖലകൾ എന്നിവ കേരളത്തിന്റെ പ്രത്യേകതയാണ്. ഈ ഭൂപ്രകൃതി മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ആഘാതം വർധിപ്പിക്കുന്നു. അതുകൊണ്ട് ഒരു പ്രദേശത്തെ ദുരന്തസാധ്യത വിലയിരുത്തുമ്പോൾ അന്നത്തെ മഴയുടെ അളവ് മാത്രം പരിഗണിച്ചാൽ മതിയാകില്ല. കഴിഞ്ഞ മൂന്ന് ദിവസത്തെയോ ഏഴ് ദിവസത്തെയോ ആകെ മഴ, മണ്ണിലെ ഈർപ്പം, ചരിവിന്റെ സ്വഭാവം, ഭൂമിയുടെ ഉപയോഗരീതി, സമീപത്തെ നീർച്ചാലുകളിലെ ഒഴുക്ക്, പഴയ മണ്ണിടിച്ചിൽ ചരിത്രം എന്നിവയും ഒരുമിച്ച് വിശകലനം ചെയ്യണം.

സഫലമാകുമോ ജപ്പാൻ- കേരള സാങ്കേതിക സഹകരണശ്രമം

2018ലെ മഹാപ്രളയത്തിനുശേഷം, കേരളത്തിന്റെ വെള്ളപ്പൊക്ക-ദുരന്ത വെല്ലുവിളികൾക്ക് ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ജപ്പാനിലെ വിവിധ സർക്കാർ വകുപ്പുകളെയും ജലവിഭവ-ദുരന്തനിവാരണ ഗവേഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് 2019ൽ മൂന്ന് വിദഗ്ധസംഘങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ ലേഖകൻ നേതൃത്വം നൽകിയിരുന്നു. അന്ന് ചീഫ് സെക്രട്ടറി മുതലുള്ള ഉന്നത നേതൃത്വങ്ങളുമായി നിരവധി ചർച്ചകളും സാങ്കേതിക യോഗങ്ങളും സംഘടിപ്പിച്ചു.

പ്രളയ പ്രവചന സംവിധാനം

ചർച്ചകളിൽനിന്ന് വ്യക്തമായ പ്രധാന വസ്തുതകളിലൊന്ന്, കാലാവസ്ഥാ പ്രവചനങ്ങൾ ലഭ്യമാണെങ്കിലും അവയെ അടിസ്ഥാനമാക്കി കേരളത്തിലെ ഓരോ നദിയിലെയും ജലാശയത്തിലെയും ജലനിരപ്പ് എത്ര ഉയരുമെന്ന് മുൻകൂട്ടി കൃത്യമായി നിർണയിക്കുന്ന സമഗ്രമായ പ്രളയ പ്രവചന സംവിധാനം സംസ്ഥാനത്ത് പരിമിതമാണെന്നതായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ നേരിട്ട് നദീപ്രവാഹവും വെള്ളപ്പൊക്ക സാധ്യതയും കാണിക്കുന്ന പ്രവർത്തനക്ഷമമായ പ്രവചനമാക്കി മാറ്റുന്നതിന് ആവശ്യമായ വിദഗ്ധശേഷിയും സാങ്കേതിക സംവിധാനവും കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും വ്യക്തമായി. മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം മാത്രം പോരാ. ആ മഴയുടെ ഫലമായി ഏതെല്ലാം നദീതടങ്ങളിൽ എത്രമാത്രം വെള്ളം ഒഴുകിയെത്തും, ഏത് സമയത്ത് നദികൾ അപകടനിരപ്പിലെത്തും, ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും, എത്ര വീടുകളെയും റോഡുകളെയും പാലങ്ങളെയും ബാധിക്കും എന്നിവയും മുൻകൂട്ടി അറിയാൻ കഴിയണം. അതാണ് യഥാർഥ പ്രളയ പ്രവചന സംവിധാനത്തിന്റെ ലക്ഷ്യം.

ഈ പശ്ചാത്തലത്തിൽ, യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ജപ്പാനിൽ പ്രവർത്തിക്കുന്ന International Centre for Water Hazard and Risk Management -ICHARMന്റെ നേതൃത്വത്തിൽ കേരളത്തിന് അനുയോജ്യമായ ആധുനിക പ്രളയ പ്രവചന സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക പദ്ധതികൾ തയാറാക്കുകയുണ്ടായി. വേൾഡ് ബാങ്കിന്റെ ഇന്ത്യയിലെ പ്രതിനിധികൾ, ജപ്പാൻ എംബസി ഉദ്യോഗസ്ഥർ, കേരള സർക്കാർ പ്രതിനിധികൾ, ജപ്പാനിലെ ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങൾ എന്നിവ പങ്കെടുത്ത വിവിധ ചർച്ചകളിൽ ഈ നിർദേശങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ ചില പ്രധാന നദീതടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള ധാരണയും രൂപപ്പെട്ടു. അതിനാവശ്യമായ ചില പ്രാരംഭ നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ, വിവിധ ഭരണപരവും സാങ്കേതികവുമായ കാരണങ്ങളാൽ ഈ പദ്ധതി ഇതുവരെ പൂർണമായ തോതിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് കേരളം വീണ്ടും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടുന്ന സാഹചര്യത്തിൽ, ആ പദ്ധതിയുടെ പ്രസക്തി മുമ്പത്തേക്കാൾ വർധിച്ചിരിക്കുകയാണ്.

ആധുനിക പ്രളയ പ്രവചനം

ICHARM വികസിപ്പിച്ച പ്രളയ പ്രവചന സാങ്കേതികവിദ്യ ലോകത്തിലെ മുൻനിര ഏകീകൃത ജലദുരന്ത പ്രവചന സംവിധാനങ്ങളിലൊന്നാണ്. ശ്രീലങ്ക, മ്യാൻമർ, തായ്‍ലൻഡ് ഉൾപ്പെടെ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പ്രയോഗിക്കുകയും വെള്ളപ്പൊക്ക സാധ്യത ദിവസങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ഈ പ്രളയ പ്രവചന സംവിധാനം സങ്കീർണവും ശാസ്ത്രീയവുമായ ഒരു ഏകീകൃത പ്ലാറ്റ്ഫോമാണ്. ആഗോള കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ, ഉപഗ്രഹ നിരീക്ഷണ ഡേറ്റ, സമുദ്ര-അന്തരീക്ഷ മോഡലുകൾ, റഡാർ മഴവിവരങ്ങൾ, ഭാവി മഴ പ്രവചനങ്ങൾ, നദീതടങ്ങളുടെ ഭൂപ്രകൃതി, ഭൂവിനിയോഗം, മണ്ണിന്റെ സ്വഭാവം, നദികളുടെ വീതി-ആഴം, അണക്കെട്ടുകളിലെ ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ ഇതിൽ സംയോജിപ്പിക്കുന്നു. ഈ ബൃഹത്തായ വിവരങ്ങൾ ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകളുടെയും ഹൈഡ്രോളജിക്കൽ-ഹൈഡ്രോളിക് മോഡലുകളുടെയും സഹായത്തോടെ വിശകലനം ചെയ്യുമ്പോൾ, ഏതാനും ദിവസങ്ങൾ മുമ്പുതന്നെ ഏതെല്ലാം നദികളിൽ ജലനിരപ്പ് എത്രത്തോളം ഉയരാൻ സാധ്യതയുണ്ടെന്നും ഏത് സമയത്ത് അപകടനിരപ്പ് മറികടക്കാമെന്നും ഏതെല്ലാം പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടാമെന്നും പ്രവചിക്കാൻ സാധിക്കും.

പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയെയോ നദീതടത്തെയോ മാത്രം പൊതുവായി മുന്നറിയിപ്പ് നൽകുന്നതിനു പകരം, പഞ്ചായത്ത്, വാർഡ്, നദീതീരം, താഴ്ന്ന പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനാകും. അതിലൂടെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സമയബന്ധിതമായി മാറ്റിപ്പാർപ്പിക്കാനും വാഹനങ്ങളും രക്ഷാസേനയും മുൻകൂട്ടി വിന്യസിക്കാനും ആശുപത്രികൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും തയാറെടുപ്പ് നടത്താനും കഴിയും. ഇത്തരം മുൻകൂർ പ്രവചനങ്ങളും നിശ്ചിത സമയപരിധിയുള്ള മുന്നറിയിപ്പുകളും ലഭിക്കുമ്പോൾ ജീവഹാനിയും സ്വത്തുനാശവും ഗണ്യമായി കുറക്കാൻ സാധിക്കും.

ജലാശയ മാനേജ്മെന്റ്

പ്രളയ പ്രവചന സംവിധാനം ഫലപ്രദമാകണമെങ്കിൽ അതിനെ അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും പ്രവർത്തനവുമായി ബന്ധിപ്പിക്കണം. മഴയുടെ പ്രവചനവും നദികളിലേക്കുള്ള പ്രതീക്ഷിത നീരൊഴുക്കും പരിഗണിച്ച് അണക്കെട്ടുകളിലെ ജലനിരപ്പ് മുൻകൂട്ടി നിയന്ത്രിക്കാൻ കഴിയണം. ഇതിന്റെ ഭാഗമായി കേരളത്തിലെ അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട എൻജിനീയർമാർക്കും സാങ്കേതിക ഉദ്യോഗസ്ഥർക്കും ആധുനിക പ്രളയ പ്രവചനവും ജലാശയ മാനേജ്മെന്റും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാവശ്യമായ പ്രത്യേക പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. ജപ്പാൻ ഇന്റർനാഷനൽ കോഓപറേഷൻ ഏജൻസിയായ JICAയുടെ സഹകരണത്തോടെ പരിശീലന പരിപാടികൾ, സാങ്കേതിക പരിചയവിനിമയം, ജപ്പാനിലെ പ്രളയ നിയന്ത്രണ-അണക്കെട്ട് പ്രവർത്തന മാതൃകകളുടെ പഠനം എന്നിവ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇത് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നതിൽ മാത്രം ഒതുങ്ങാൻ പാടില്ല. സംസ്ഥാനത്തെ എൻജിനീയർമാർ, ജലശാസ്ത്രജ്ഞർ, കാലാവസ്ഥാ വിദഗ്ധർ, ഡേറ്റാ ശാസ്ത്രജ്ഞർ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ എന്നിവരെ പരിശീലിപ്പിച്ച് സംവിധാനം സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനും പരിഷ്കരിക്കാനും കഴിയുന്ന സ്ഥിരം വിദഗ്ധസംഘം രൂപവത്കരിക്കണം.

പ്രാദേശിക മുന്നറിയിപ്പ് പ്രധാനം

സംസ്ഥാനതല കാലാവസ്ഥാ മുന്നറിയിപ്പ് മാത്രം കേരളത്തെ സുരക്ഷിതമാക്കാൻ മതിയാകില്ല. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്, നദീതടം, മലഞ്ചെരിവ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങളാണ് കൂടുതൽ ഫലപ്രദം. ഓരോ പഞ്ചായത്തിലും ആവശ്യമായ തോതിൽ സ്വയം പ്രവർത്തിക്കുന്ന മഴമാപിനികൾ സ്ഥാപിക്കുകയും മഴവിവരങ്ങൾ തത്സമയം ശേഖരിക്കുകയും വേണം. മൂന്ന് മണിക്കൂർ, ആറു മണിക്കൂർ, 24 മണിക്കൂർ, മൂന്ന് ദിവസം, ഏഴ് ദിവസം എന്നീ കാലയളവുകളിലെ മഴയുടെ ആകെ അളവ് നിരീക്ഷിച്ച് പ്രാദേശിക അപകടനില നിർണയിക്കാൻ കഴിയണം.

ഉപഗ്രഹ നിരീക്ഷണം, കാലാവസ്ഥാ റഡാർ, ഭൂമിശാസ്ത്ര വിവരസാങ്കേതികവിദ്യ, ഡ്രോൺ നിരീക്ഷണം, മണ്ണിലെ ഈർപ്പമാപിനികൾ, നദികളിലെ സ്വയംപ്രവർത്തക ജലനിരപ്പുമാപിനികൾ എന്നിവ ഏകോപിപ്പിച്ചാൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുൻകൂട്ടി തിരിച്ചറിയാനുള്ള ശേഷി വർധിപ്പിക്കാം. പ്രാദേശിക മുന്നറിയിപ്പുകൾ, മൊബൈൽ സന്ദേശങ്ങൾ, സൈറൺ, പൊതുഘോഷണ സംവിധാനം, സമൂഹ മാധ്യമങ്ങൾ, വാർഡ് തല സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവ വഴി വേഗത്തിൽ ജനങ്ങളിലെത്തിക്കണം.

ഏകോപനം അനിവാര്യം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ല ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ്, ജലവിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, ഭൂഗർഭശാസ്ത്ര സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, സന്നദ്ധസംഘടനകൾ എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. കാലാവസ്ഥാ വകുപ്പിൽനിന്നുള്ള മഴ പ്രവചനവും ജലവിഭവ വകുപ്പിന്റെ നദീ-അണക്കെട്ട് വിവരങ്ങളും വൈദ്യുതി വകുപ്പിന്റെ ജലാശയ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പ്രാദേശിക വിവരങ്ങളും ഏകീകൃതമായി വിശകലനം ചെയ്യുന്ന സംസ്ഥാനതല സംവിധാനം ആവശ്യമാണ്. വകുപ്പുകൾ ഓരോന്നായി വിവരങ്ങൾ കൈവശംവെക്കുന്നതിനു പകരം, തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്ക് തത്സമയം ഉപയോഗിക്കാവുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കണം.

ഓരോ അപകടസാധ്യതാ മേഖലയിലും മുൻകൂട്ടി തയാറാക്കിയ ഒഴിപ്പിക്കൽ പാതകൾ, സുരക്ഷിത കേന്ദ്രങ്ങൾ, വയോധികർ, രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവരുടെ പട്ടിക, അടിയന്തര വാഹന സൗകര്യം, ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നശേഷം മാത്രം പദ്ധതികൾ ആലോചിക്കുന്ന രീതിക്ക് പകരം, ഓരോ മൺസൂണിനുമുമ്പും ക്യാമ്പുകൾ പരിശോധിക്കുകയും ശുചിമുറി, കുടിവെള്ളം, വൈദ്യുതി, ആരോഗ്യപരിചരണം, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സ്വകാര്യത, വളർത്തുമൃഗങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വേണം.

അണക്കെട്ടും ജലസംഭരണികളും

വെള്ളപ്പൊക്ക നിയന്ത്രണത്തിൽ അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും ഏകോപിത പ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്. മൺസൂൺ കാലത്ത് ആവശ്യമായ “ഫ്ലഡ് കുഷ്യൻ”നിലനിർത്തുകയും അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പുതന്നെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കുകയും വേണം. ഒരേ നദീതടത്തിലുള്ള വിവിധ അണക്കെട്ടുകൾ ഓരോന്നായി കൈകാര്യം ചെയ്യുന്നതിനു പകരം നദീതടതലത്തിലുള്ള ഏകോപിത ജലസംഭരണ മാനേജ്മെന്റ് ആവശ്യമാണ്.

ദുരന്തസാധ്യതാ പരിശോധന വേണം

കേരളത്തിലെ റോഡുകൾ, തുരങ്കങ്ങൾ, റിസോർട്ടുകൾ, ക്വാറികൾ, ഭവനപദ്ധതികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, വ്യവസായപദ്ധതികൾ എന്നിവക്ക് പരിസ്ഥിതി അനുമതിയോടൊപ്പം സമഗ്രമായ ദുരന്തസാധ്യതാ വിലയിരുത്തലും നിർബന്ധമാക്കണം. മലഞ്ചെരിവുകളിൽ വെട്ടിമാറ്റുന്ന മണ്ണും പാറയും എവിടെ നിക്ഷേപിക്കുന്നു, സ്വാഭാവിക നീർച്ചാലുകൾ തടസ്സപ്പെടുന്നുണ്ടോ, മഴവെള്ളം ഒഴുകാനുള്ള സൗകര്യമുണ്ടോ, ചരിവുകൾ എങ്ങനെ സംരക്ഷിക്കുന്നു, നിർമാണകാലത്ത് അടിയന്തര ഒഴിപ്പിക്കൽ എങ്ങനെ നടത്തും തുടങ്ങിയ കാര്യങ്ങൾ പദ്ധതിയുടെ തുടക്കത്തിൽതന്നെ പരിശോധിക്കണം.

ദുരന്തമുണ്ടായശേഷം ഉത്തരവാദിത്തം അന്വേഷിക്കുന്നതിനു പകരം, അപകടസാധ്യത മുൻകൂട്ടി കണ്ടെത്തി പദ്ധതി രൂപകൽപനയിൽ മാറ്റം വരുത്തുകയാണ് ഉചിതം.

ജനപങ്കാളിത്തം പ്രധാനം

സർക്കാറിനോ ശാസ്ത്രജ്ഞർക്കോ രക്ഷാസേനക്കോ മാത്രം ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ കഴിയില്ല. ജനപങ്കാളിത്തം അതിന്റെ അടിസ്ഥാനമാണ്. ഓരോ കുടുംബത്തിനും ഒരു അടിയന്തര പദ്ധതി ഉണ്ടായിരിക്കണം. പ്രധാന രേഖകൾ, മരുന്നുകൾ, കുടിവെള്ളം, ടോർച്ച്, മൊബൈൽ ചാർജർ, വസ്ത്രങ്ങൾ, ആവശ്യമായ ഭക്ഷണം എന്നിവ ഉൾപ്പെട്ട അടിയന്തരസഞ്ചി തയാറാക്കിവെക്കണം. സമൂഹതലത്തിൽ പരിശീലനം നേടിയ സന്നദ്ധസംഘങ്ങളെ രൂപവത്കരിക്കുകയും പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനം, വയോധികരെ മാറ്റിപ്പാർപ്പിക്കൽ, അടിയന്തര ആശയവിനിമയം തുടങ്ങിയ മേഖലകളിൽ സ്ഥിരമായ പരിശീലനം നൽകുകയും വേണം.

പുനർനിർമാണം ശാസ്ത്രീയമാകണം

ദുരന്തത്തിന് ശേഷം തകർന്ന വീടുകളും റോഡുകളും അതേ സ്ഥലത്തും അതേ രീതിയിലും പുനർനിർമിക്കുന്നത് അപകടം ആവർത്തിക്കാൻ ഇടയാക്കും. പുനർനിർമാണത്തിന് മുമ്പ് ആ പ്രദേശത്തിന്റെ ഭൗമശാസ്ത്രവും ജലപ്രവാഹവും മണ്ണിടിച്ചിൽ സാധ്യതയും പരിശോധിക്കണം. തുടർച്ചയായി വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഉയർന്ന അടിത്തറയുള്ള വീടുകൾ, വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ, നദീതട സംരക്ഷണം, നിർമാണനിയന്ത്രണം എന്നിവ പരിഗണിക്കണം. അതീവ അപകടസാധ്യതയുള്ള മലഞ്ചെരിവുകളിൽനിന്നുള്ള സ്ഥിരമായ പുനരധിവാസവും ഗൗരവമായി ആലോചിക്കണം.

ഇനി വൈകിക്കരുത്

2018ലെ മഹാപ്രളയത്തിനു ശേഷം ആരംഭിച്ച സാങ്കേതിക ചർച്ചകളും ICHARM, JICA തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണശ്രമങ്ങളും ചരിത്രരേഖകളായി മാത്രം തുടരാൻ പാടില്ല. അന്ന് തിരിച്ചറിഞ്ഞ ആവശ്യകതകൾ ഇന്ന് കൂടുതൽ അടിയന്തരമായിരിക്കുകയാണ്.

കേരളത്തിലെ തെരഞ്ഞെടുത്ത പ്രധാന നദീതടങ്ങളിൽ ആധുനിക പ്രളയ പ്രവചന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കണം. തുടർന്ന് ലഭിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പ്രധാന നദീതടങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കാം. ഇതോടൊപ്പം മഴമാപിനികൾ, ജലനിരപ്പു മാപിനികൾ, റഡാർ വിവരങ്ങൾ, അണക്കെട്ട് ഡേറ്റ, ഉപഗ്രഹവിവരങ്ങൾ എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കണം. പദ്ധതി നടപ്പാക്കുന്നതിനൊപ്പം കേരളത്തിലെ സർവകലാശാലകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പ്രളയ പ്രവചനത്തിലും ജലാശയ മാനേജ്മെന്റിലും വിദഗ്ധരായ പുതിയ തലമുറയെ വളർത്തണം.

ജാഗ്രതയിൽനിന്ന് പ്രതിരോധശേഷിയിലേക്ക്

ഇപ്പോൾ കേരളം നേരിടുന്ന ദുരന്തസാഹചര്യം ഒരു താൽക്കാലിക മുന്നറിയിപ്പ് മാത്രമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ അതിതീവ്ര മഴയും പ്രളയവും മണ്ണിടിച്ചിലും അപൂർവ സംഭവങ്ങളായി കാണാനാവില്ല. അവ ആവർത്തിച്ച് സംഭവിക്കാവുന്ന യാഥാർഥ്യങ്ങളാണ്.

ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുക എന്നതിൽനിന്ന് ദുരന്തത്തിന്റെ ആഘാതം മുൻകൂട്ടി കുറക്കുക എന്ന സമീപനത്തിലേക്ക് കേരളം മാറണം. ശാസ്ത്രീയമായ ഭൂവിനിയോഗം, പ്രാദേശിക മുന്നറിയിപ്പ് സംവിധാനം, ആധുനിക പ്രളയ പ്രവചനം, നദീതടതല ജലനിയന്ത്രണം, സുരക്ഷിത നിർമാണരീതി, കാര്യക്ഷമമായ ഒഴിപ്പിക്കൽ, സമൂഹതല പരിശീലനം എന്നിവ ഒരുമിച്ച് നടപ്പാക്കിയാൽ മാത്രമേ ഭാവിയിലെ ജീവഹാനിയും നാശനഷ്ടവും കുറക്കാൻ കഴിയൂ.

(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധനായ ലേഖകൻ, ജപ്പാൻ യുനെസ്കോയുടെ ഇന്റർനാഷനൽ സെന്റർ ഫോർ വാട്ടർ ഹസാർഡ് ആൻഡ് റിസ്ക് മാനേജ്മെന്റിലെ വിസിറ്റിങ് സയന്റിസ്റ്റ് കൂടിയാണ്)

മു​ന്ന​റി​യി​പ്പു​ക​ൾ ജീ​വ​ൻ​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ൾ

റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ വെ​റും ഭ​ര​ണ​പ​ര​മാ​യ അ​റി​യി​പ്പു​ക​ള​ല്ല. ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ളാ​ണ്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ അ​ല​ർ​ട്ടു​ക​ളു​ടെ യ​ഥാ​ർ​ഥ അ​ർ​ഥം മ​ന​സ്സി​ലാ​ക്കാ​തെ സാ​ധാ​ര​ണ മ​ഴ​മു​ന്ന​റി​യി​പ്പാ​യി മാ​ത്രം കാ​ണു​ന്നു.

-റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ അ​തി​തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത മാ​ത്ര​മ​ല്ല, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, മ​ര​ങ്ങ​ൾ വീ​ഴ​ൽ, വൈ​ദ്യു​തി ത​ട​സ്സം, റോ​ഡ് ഗ​താ​ഗ​തം മു​ട​ങ്ങ​ൽ, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റ​ൽ തു​ട​ങ്ങി​യ അ​നു​ബ​ന്ധ അ​പ​ക​ട​ങ്ങ​ളും പ്ര​തീ​ക്ഷി​ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും വേ​ണം.

-രാ​ത്രി​യാ​കു​ന്ന​തു​വ​രെ കാ​ത്തി​രു​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ൽ പ​ല​പ്പോ​ഴും കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. ക​ന​ത്ത മ​ഴ, വൈ​ദ്യു​തി ത​ട​സ്സം, റോ​ഡ് ത​ക​ർ​ച്ച, കു​ത്തൊ​ഴു​ക്ക്, ദൃ​ശ്യ​പ​രി​മി​തി എ​ന്നി​വ രാ​ത്രി​കാ​ല ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടാ​ക്കും. അ​തി​നാ​ൽ, മു​ൻ​ക​രു​ത​ൽ ഒ​ഴി​പ്പി​ക്ക​ലാ​ണ് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സ​മീ​പ​നം.

ഇ​ടി​യാ​നി​ട​യു​ള്ള​പ്പോ​ൾ...

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മൂ​ന്നോ നാ​ലോ ദി​വ​സം തു​ട​ർ​ച്ച​യാ​യി ക​ന​ത്ത മ​ഴ ല​ഭി​ക്കു​മ്പോ​ൾ അ​തി ജാ​ഗ്ര​ത വേ​ണം. മ​ല​ഞ്ചെ​രി​വു​ക​ളി​ലോ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലോ പു​തി​യ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ടു​ക, മ​ണ്ണ് താ​ഴ്ന്നു​പോ​കു​ക, മ​ര​ങ്ങ​ളോ വൈ​ദ്യു​തി​ത്തൂ​ണു​ക​ളോ ചെ​രി​യു​ക, കി​ണ​റു​ക​ളി​ലെ​യും ഉ​റ​വ​ക​ളി​ലെ​യും വെ​ള്ള​ത്തി​ന്റെ നി​റം മാ​റു​ക, ചെ​റി​യ നീ​ർ​ച്ചാ​ലു​ക​ളി​ൽ അ​സാ​ധാ​ര​ണ​മാ​യി ച​ളി​വെ​ള്ളം ഒ​ഴു​കു​ക, ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ൾ​ക്കു​ക തു​ട​ങ്ങി​യ​വ മ​ണ്ണി​ടി​ച്ചി​ലി​ന്റെ സൂ​ച​ന​ക​ളാ​കാം.

ഇ​ത്ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ സ്ഥി​തി​ഗ​തി​ക​ൾ സ്വ​യം പ​രി​ശോ​ധി​ക്കാ​നോ കാ​ത്തു​നി​ൽ​ക്കാ​നോ ശ്ര​മി​ക്കാ​തെ ഉ​ട​ൻ പ്ര​ദേ​ശം വി​ട്ട് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റു​ക​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യും ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ക​യും വേ​ണം.

Tags:    
News Summary - കേ​ര​ള​ത്തി​നു​മേ​ൽ ഗ​റി​ല മ​ഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.