സുചിത്ര ദുരൈ- (മുൻ നയതന്ത്രജ്ഞ) തായ്‌ലൻഡ്, കെനിയ രാജ്യങ്ങളുടെ മുൻ ഇന്ത്യൻ അംബാസഡർ ആണ് ലേഖിക
അയൽരാജ്യങ്ങളിലോ ലോകത്തിന്റെ ഏതെങ്കിലും കോണിലോ പ്രകൃതിദുരന്തങ്ങൾ വിതച്ച നാശനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസവുമായെത്തുന്ന ഫസ്റ്റ് റെസ്പോൺഡർ എന്ന പദവി ഇന്ത്യ അലങ്കരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 2004-ലെ വിനാശകാരിയായെത്തിയ സുനാമി മുതൽ അടുത്തിടെ വരെ ലോകത്തെമ്പാടും ഇന്ത്യ നടത്തിയ പ്രകൃതിദുരന്ത നിവാരണ ദൗത്യങ്ങൾ ആഗോളതലത്തിൽ രാജ്യത്തിന്റെ മാതൃകാപരമായ ശേഷിയും പങ്കും തെളിയിക്കുന്നതാണ്.
2004 ഡിസംബർ 26-ന് ചെന്നൈയിലെ മറീന ബീച്ചിലും ആന്തമാൻ നിക്കോബാർ ദ്വീപുകളിലും തമിഴ്‌നാട്-ആന്ധ്രാ തീരങ്ങളിലും വൻ നാശനഷ്ടം വിതച്ച സുനാമിയിൽ കാൽലക്ഷത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ സ്വന്തം രാജ്യത്തെ ദുരന്തനിവാരണത്തോടൊപ്പം തന്നെ ശ്രീലങ്ക, മാലദ്വീപ്, തായ്‌ലാന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ അതിവേഗം സഹായമെത്തിച്ചു. ഇതിനായി അഞ്ച് വൻകിട പ്രതിരോധ ദൗത്യങ്ങളാണ് ഇന്ത്യ ഒറ്റയടിക്ക് ആരംഭിച്ചത്. ദക്ഷിണേന്ത്യൻ തീരദേശ മേഖലകളിൽ 'ഓപ്പറേഷൻ മദദ്', ആന്തമാൻ & നിക്കോബാർ ദ്വീപുകളിൽ 'ഓപ്പറേഷൻ സീ വേവ്സ്', മാലദ്വീപിൽ 'ഓപ്പറേഷൻ കാസ്റ്റർ', ശ്രീലങ്കയിൽ 'ഓപ്പറേഷൻ റെയിൻബോ', ഇന്തോനേഷ്യയിൽ 'ഓപ്പറേഷൻ ഗംഭീർ' എന്നിവ ഇതിലൂടെ നടപ്പിലാക്കി. 40-ലധികം യുദ്ധക്കപ്പലുകൾ, സൈനിക വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, 20,000-ത്തിലധികം സൈനികർ എന്നിവ പങ്കെടുത്ത ഈ ദൗത്യം ഇന്ത്യയെ സുരക്ഷാ രംഗത്തെ മുൻനിര പങ്കാളിയാക്കി മാറ്റി. ഇതിന്റെ തുടർച്ചയായാണ് 2005-ൽ ദേശീയ ദുരന്തനിവാരണ നിയമം പ്രാബല്യത്തിൽ വരുന്നതും 'നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്' രൂപീകൃതമാകുന്നതും.
തുടർന്നുള്ള വർഷങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ സമാനതകളില്ലാത്ത ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തി. 2014-ൽ കുടിവെള്ള സംസ്കരണ പ്ലാന്റ് തകരാറിലായ മാലദ്വീപിന് 'ഓപ്പറേഷൻ നീർ' വഴി വ്യോമ-നാവികസേനകളുടെ സഹായത്തോടെ 1,500 ടണ്ണിലധികം കുടിവെള്ളമാണ് മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചുനൽകിയത്. 2015-ൽ ഭൂകമ്പം നാശം വിതച്ച നേപ്പാളിൽ 'ഓപ്പറേഷൻ മൈത്രി'യിലൂടെ ദുരന്തം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇന്ത്യ ആശ്വാസമെത്തിച്ചു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും താൽക്കാലിക ആശുപത്രികൾ നിർമ്മിക്കുകയും ചെയ്തതിനൊപ്പം രണ്ട് ശതകോടി ഡോളറിന്റെ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.
2025-ൽ ഭൂകമ്പത്തിൽ തകർന്ന മ്യാന്മറിലേക്ക് 'ഓപ്പറേഷൻ ബ്രഹ്മ'യിലൂടെ 750 മെട്രിക് ടണ്ണിലധികം ദുരന്തനിവാരണ സാമഗ്രികളും മെഡിക്കൽ ടീമുകളെയും അയച്ചപ്പോൾ, ഡിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയ്ക്ക് 'ഓപ്പറേഷൻ സാഗർ ബന്ധു'വിലൂടെ 1,000 ടണ്ണിലധികം ഭക്ഷണ സാധനങ്ങളും മരുന്നുകളും നൽകി. 2023-ലെ ശക്തമായ ഭൂകമ്പത്തിന് ഇരയായ തുർക്കിയെയ്ക്കും സിറിയയ്ക്കും 'ഓപ്പറേഷൻ ദോസ്ത്' വഴി 250-ലധികം വരുന്ന രക്ഷാപ്രവർത്തകരെയും സ്നിഫർ നായ്ക്കളെയും മെഡിക്കൽ സംഘത്തെയുമാണ് അയച്ചത്. 2026 ജൂണിൽ ഭൂകമ്പ ബാധിത വെനസ്വേലയിലേക്ക് സി-17 വിമാനങ്ങളിൽ 30 ടൺ ദുരന്തനിവാരണ സാമഗ്രികളും 41 അംഗ രക്ഷാപ്രവർത്തന വിദഗ്ധരുടെയും മെഡിക്കൽ സംഘത്തെയും അയച്ച് ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം വീണ്ടും വിപുലീകരിച്ചു. കൂടാതെ, കോവിഡ് മഹാമാരി കാലത്ത് 'വാക്സിൻ മൈത്രി' പദ്ധതിയിലൂടെ 99 രാജ്യങ്ങൾക്കും ഐക്യരാഷ്ട്രസഭയ്ക്കും 30 കോടി ഡോസ് വാക്സിൻ നൽകാനും ഇന്ത്യ മുന്നോട്ടുവന്നു.
ഇന്ത്യയുടെ ദുരന്തനിവാരണ സമീപനം പെട്ടെന്നുള്ള ഒരു പ്രതികരണം എന്നതിലുപരി വിദേശകാര്യ പ്രതിരോധ നയത്തിന്റെ കാതലായ ഭാഗമായി മാറിപ്പറഞ്ഞിരിക്കുകയാണ്. 2015-ൽ പ്രഖ്യാപിച്ച 'സാഗർ' നയം വഴി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയ ഇന്ത്യ, 2019-ലെ 'ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്' വഴി മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. തുടർന്ന് 2025 മാർച്ച് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'മഹാസാഗർ' നയം ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തിന്റെ വീതി വർദ്ധിപ്പിച്ചു.
കൂടാതെ, പ്രകൃതിദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 60 രാജ്യങ്ങൾ അംഗങ്ങളായ സി.ഡി.ആർ.ഐ എന്ന അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് രൂപം നൽകാനും ഇന്ത്യ മുൻകൈ എടുത്തു. സ്വാർത്ഥ താല്പര്യങ്ങളില്ലാതെ, ആവശ്യാനുസരണം വേഗത്തിൽ സഹായങ്ങൾ എത്തിക്കുന്നതിലൂടെ പ്രകൃതിദുരന്തങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ ലോകത്തിന്റെ വിശ്വസ്തനായ സുഹൃത്തായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.