പ്രശാന്ത് പിസെ, ഇന്ത്യൻ അംബാസഡർ, ഒമാൻ

ഇന്ത്യയുടെ 80 ആമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും പ്രിയപ്പെട്ട ഒമാനി സുഹൃത്തുക്കൾക്കും ഇന്ത്യയുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ മഹത്തായ നിമിഷം മാതൃരാജ്യത്തും ഒമാൻ സുൽത്താനേറ്റ് ഉൾപ്പെടെ ലോകമെമ്പാടുമുള്ളതുമായ എല്ലാ ഇന്ത്യക്കാർക്കും അങ്ങേയറ്റത്തെ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്. 2047-ഓടെ ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, നാം സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ ആഘോഷിക്കുകയാണ്. അതോടൊപ്പം കൂടുതൽ ശക്തവും, സ്വയംപര്യാപ്തവും, നൂതനവും, ഭാവിയെ നേരിടാൻ സജ്ജവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാൻ പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ ഇത് പ്രചോദിപ്പിക്കുന്നു.

1947-ൽ സ്വാതന്ത്ര്യം നേടിയതു മുതൽ കൊളോണിയൽ ഭരണത്തിന്റെ ഭാരമൊഴിഞ്ഞ ഒരു കാർഷിക രാജ്യത്തിൽ നിന്നും ആഗോള ശക്തിയായും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും ഇന്ത്യ വലിയൊരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ, ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക, പോളിയോ നിർമ്മാർജനം ചെയ്യുക, കോവിഡ് മഹാമാരി സൃഷ്ടിച്ച നിർണായക പ്രതിസന്ധികളെ മറികടന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി കൈവരിച്ചുകൊണ്ട് ശക്തമായ ഒരു സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുക എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയമായ നാഴികക്കല്ലുകൾ രാജ്യം കൈവരിച്ചു. ലോകോത്തര ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ സ്ഥാപനം, ബഹിരാകാശ പര്യവേക്ഷണത്തിലെ സുപ്രധാന മുന്നേറ്റങ്ങൾ, അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക ഉൾപ്പെടുത്തലിനെയും പുനർനിർമ്മിച്ച ഡിജിറ്റൽ വിപ്ലവം എന്നിവയിലെല്ലാം പ്രതിഫലിക്കുന്നത് ആധുനികവൽക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ നിരന്തരമായ പ്രയാണമാണ്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുള്ള സങ്കീർണ്ണതകളിലൂടെ രാജ്യം കടന്നുപോകുമ്പോഴും, വിദ്യാഭ്യാസ ലഭ്യതയിലും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ജനങ്ങളുടെ ശരാശരി ആയുസ്സും സാക്ഷരതാ നിരക്കും ഗണ്യമായി ഉയർന്നു. ഇന്ന്, സാമ്പത്തിക പ്രതിരോധശേഷി, ആധുനിക ചിന്താഗതി, ജനാധിപത്യ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ആഗോള വേദിയിലെ ഒരു നിർണായക ശക്തിയായി ഇന്ത്യ നിലകൊള്ളുന്നു.

വിപ്ലവകര മുന്നേറ്റവുമായി ഇന്ത്യ

കഴിഞ്ഞ ഒരു ദശകത്തിനിടെ, ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തദ്ദേശീയമായ നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇതിലൂടെ ഡിജിറ്റൽ ഉപഭോക്തൃ വിപണി എന്ന നിലയിൽ നിന്നും ആഗോള സാങ്കേതിക നിർമ്മാണ ഹബ്ബായി രാജ്യം മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, സൂപ്പർകമ്പ്യൂട്ടിംഗ് തുടങ്ങിയ ദൗത്യങ്ങളെ മുൻനിർത്തിയുള്ള പദ്ധതികളിൽ രാജ്യം വലിയ തോതിൽ നിക്ഷേപം നടത്തിവരികയാണ്. തന്ത്രപരമായ നയപരമായ പിന്തുണയിലൂടെയും വൻതോതിലുള്ള കണക്റ്റിവിറ്റി വിപുലീകരണത്തിലൂടെയും രാജ്യം വിശ്വസനീയമായ ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഭരണപരിഷ്കാരങ്ങളും സാങ്കേതിക ജനാധിപത്യവൽകരണവും പൗരകേന്ദ്രീകൃത നയങ്ങളും തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഭാരതീയരുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ആഗോള വാണിജ്യ രംഗത്ത് കേവലം ഒരു പങ്കാളി എന്ന നിലയിൽ നിന്നും നേതൃത്വ പദവിയിലേക്കുള്ള ശക്തമായ ചുവടുവെപ്പാണ് ഇന്ത്യയുടെ വ്യാപാര യാത്ര വ്യക്തമാക്കുന്നത്. ഒമ്പത് സുപ്രധാന വ്യാപാര കരാറുകളിലൂടെ രാജ്യം പ്രതിരോധശേഷിയുള്ള സാമ്പത്തിക പാലങ്ങൾ നിർമ്മിക്കുകയാണ്. ഇത് പുതിയ അവസരങ്ങൾ തുറക്കുകയും ആഗോള വളർച്ചയുടെ പ്രധാന ചാലകശക്തിയായി രാജ്യത്തെ മാറ്റുകയും ചെയ്യുന്നു. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, സേവനങ്ങൾ, സാമ്പത്തിക സഹകരണം എന്നിവയ്ക്കായി പുതിയ പാതകൾ തുറന്നുനൽകുകയും ചെയ്യുന്നു. ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ വിപണി പ്രവേശനവും അവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ, കൂടുതൽ പരസ്പരബന്ധിതവും സമാധാനപരവും സമൃദ്ധവുമായ ഭാവിയെക്കുറിച്ചുള്ള ഇന്ത്യയുടെയും ഒമാന്റെയും പങ്കുവെച്ച കാഴ്ചപ്പാടിനെ ഈ കരാർ അടിവരയിടുന്നു.

ഇന്ത്യയുടെ ബഹിരാകാശ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒറ്റസംഖ്യയിൽ ഒതുങ്ങിയിരുന്നതിൽ നിന്നും ഇന്ന് ഏതാണ്ട് 400 ഓളമായി വളർന്നു കഴിഞ്ഞു. ഇതിൽ ഒരു സ്റ്റാർട്ടപ്പ് അടുത്തിടെ യൂണികോൺ പദവി കൈവരിക്കുകയും ചെയ്തു. നിലവിൽ ഏകദേശം ഒമ്പത് ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ അടുത്ത ഘട്ട വളർച്ച, അടുത്ത ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ ഏകദേശം 45 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നത്. ഈ വളർച്ചയുടെ പ്രധാന കേന്ദ്രം ഗ്ലോബൽ സൗത്തിന്റെ ഉന്നമനത്തിനായുള്ള ഇന്ത്യയുടെ സജീവമായ നേതൃത്വമാണ്. ജി20-ൽ ആഫ്രിക്കൻ യൂണിയന് സ്ഥിര അംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ നടത്തിയ വിജയകരമായ വാദങ്ങൾ ഇതിന് മികച്ച തെളിവാണ്. ഈ നയതന്ത്ര മുന്നേറ്റത്തിനൊപ്പം മനുഷ്യകേന്ദ്രീകൃതമായ വിദേശനയ സമീപനവും കൂടിയായപ്പോൾ, കോവിഡ്-19 മഹാമാരിയുടെ സമയത്ത് വലിയ തോതിലുള്ള വാക്സിൻ നയതന്ത്രത്തിലൂടെ ഇന്ത്യ ‘ലോകത്തിന്റെ ഫാർമസി’ ആയി മാറി. കൂടാതെ ലോകമെമ്പാടുമുള്ള മുപ്പതോളം പ്രകൃതിദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ വിശ്വസനീയമായ ഫസ്റ്റ് റെസ്​പോണ്ടറായി നിലകൊള്ളാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

ഒമാനുമായുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്

പരമ്പരാഗത നയതന്ത്രത്തിനപ്പുറം, സുസ്ഥിരവും ഡിജിറ്റലുമായ വികസനത്തിന്റെ മുൻനിരക്കാരായി ഇന്ത്യ ഇന്ന് മാറിയിരിക്കുന്നു. ഇന്റർനാഷണൽ സോളാർ അലയൻസ് സഹ-സ്ഥാപക രാജ്യമെന്ന നിലയിലും, ‘മിഷൻ ലൈഫ്’, അന്താരാഷ്ട്ര ചെറുധാന്യ വർഷം തുടങ്ങിയ ആഗോള ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കും ഭക്ഷ്യസുരക്ഷയ്ക്കും ആഗോളതലത്തിൽ മുൻഗണന നൽകാൻ ഇന്ത്യക്ക് സാധിച്ചു. ഇതിനൊപ്പം തന്നെ, തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഒരു ആഗോള ഡിജിറ്റൽ മാനദണ്ഡമായി കയറ്റുമതി ചെയ്യാനും രാജ്യത്തിന് കഴിഞ്ഞു.

സാംസ്കാരിക വ്യാപനം, അടിസ്ഥാന സൗകര്യ വികസനം, നവീകരണം, സുസ്ഥിര വികസനം എന്നിവയിലെല്ലാം വ്യാപിച്ചുകിടക്കുന്ന ഈ സംരംഭങ്ങൾ, ആഗോള ക്രമത്തെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയെ ഒരു സുപ്രധാന ശക്തിയായി ഉറപ്പിച്ചുനിർത്തുന്ന സമഗ്രമായ തന്ത്രത്തെയാണ് വ്യക്തമാക്കുന്നത്. സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു ഭാവിക്കായി പരസ്പര പ്രതിബദ്ധതയുള്ള പങ്കാളികളായാണ് ഇന്ത്യയും ഒമാനും നിലകൊള്ളുന്നത്. നാം കൈവരിക്കുന്ന ഓരോ നാഴികക്കല്ലും അത്രമേൽ ദൃഢവും ഊർജസ്വലവുമായ ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണ്.

നൂറ്റാണ്ടുകളായി ആഴത്തിലുള്ള സൗഹൃദത്തിന്റെ തകർക്കാനാവാത്ത ബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിൽ പങ്കിടുന്നത്. നമ്മുടെ പരസ്പരമുള്ള അടുപ്പം കേവലം ഭൂമിശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആയിരക്കണക്കിന് വർഷ പഴക്കമുള്ള നമ്മുടെ വ്യാപാരത്തിലും സംസ്‌കാരത്തിലും പൊതുവായ മുൻഗണനകളിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ പശ്ചിമേഷ്യൻ നയതന്ത്രത്തിന്റെ സുപ്രധാന തൂണും മേഖലയിലെ ഏറ്റവും പഴയ തന്ത്രപ്രധാന പങ്കാളിയുമാണ് ഒമാൻ. ഒമാന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ രൂപപ്പെടുത്തുന്നതിൽ ഒമാനിലെ ഇന്ത്യൻ സമൂഹം അവിഭാജ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക ബന്ധങ്ങളെ കൂടുതൽ തഴച്ചുവളരാൻ സഹായിച്ചു. ഇന്ത്യയുടെ 80 ആമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ, നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങൾ മാത്രമല്ല, ഇന്ത്യയും ഒമാനും തമ്മിൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെക്കൂടിയാണ് നാം ആഘോഷിക്കുന്നത്. നമ്മുടെ പങ്കിട്ട ചരിത്രവും ഇന്നത്തെ സംയുക്ത ശ്രമങ്ങളും നമ്മുടെ പങ്കാളിത്തത്തെ പുതിയതും മികച്ചതുമായ ചക്രവാളങ്ങളിലേക്ക് നയിക്കുന്നത് തുടരുകയാണ്. ഇന്ത്യ-ഒമാൻ സൗഹൃദം നീണാൽ വാഴട്ടെ!

Tags:    
News Summary - Freedom India Celebrating the spirit of freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.