ആയുധ സന്നാഹങ്ങളൊരുക്കുന്ന ഇസ്രായേലി സൈനികർ

വംശഹത്യക്ക്‌ ഇന്ത്യ ആയുധം നൽകരുത്

സ്സയിൽ വംശഹത്യ തുടരവെ ഇസ്രായേലിലേക്ക് ഇന്ത്യ നടത്തുന്ന ആയുധ വിതരണം സംബന്ധിച്ച് ‘Made in India: The Supply of Weapons and Ammunition to Israel’ എന്ന പേരിൽ ആംനസ്റ്റി ഇന്റർനാഷണൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന ഷിപ്പ്‌മെന്റുകളെയും വിവേചനരഹിതമായ ആക്രമണങ്ങളിൽ നിന്ന് സിവിലിയന്മാർക്ക് സംരക്ഷണമേകുന്ന ആന്റി-മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയുടെ ഭാഗമായി ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധങ്ങളെയും ഈ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്;അതായത്, ആക്രമണ ആവശ്യങ്ങൾക്കായി ഇസ്രായേൽ ഉപയോഗിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആയുധ ഷിപ്പ്‌മെന്റുകളിൽ ഊന്നിയാണ് ഈ റിപ്പോർട്ട്.

2023 ഒക്ടോബർ 7-നും 2025 നവംബർ 30-നും ഇടയിൽ, ആക്രമണാത്മക ആവശ്യങ്ങൾക്കായി ഇന്ത്യ ഇസ്രായേലിലേക്ക് ലഘു ആയുധങ്ങൾ, പടക്കോപ്പുകൾ, സൈനിക വാഹന ഘടകങ്ങൾ എന്നിവ അടങ്ങിയ 2,596 ഷിപ്പ്‌മെന്റുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 5,64,970 സ്ഫോടകവസ്തു ഭാഗങ്ങൾ (155 എംഎം ഹൈ എക്സ്പ്ലോസീവ് ആർട്ടിലറി ഷെല്ലുകളും ഡ്രോൺ വാർഹെഡുകളും പോലുള്ളവ), 3,90,516 മിലിട്ടറി ഗ്രേഡ് ലഘു ആയുധ ഭാഗങ്ങൾ, 298 സൈനിക വാഹന ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഈ ആയുധങ്ങൾ ഗസ്സയിൽ ഇസ്രായേൽ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഗസ്സയിലെ നുസൈറാത്തിൽ, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ അഭയം പ്രാപിച്ച സ്‌കൂളിൽ 33 പേരെ കൊലപ്പെടുത്തി ഇസ്രായേൽ നടത്തിയ ആക്രമണ ശേഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ നൽകാൻ വിസമ്മതിച്ച ആയുധങ്ങൾ ഇസ്രായേലിന് നൽകുന്നതിലൂടെ, വംശഹത്യാ ക്രൂരതയിൽ ഇന്ത്യയും പങ്കാളിയാവുകയാണ്. ഇസ്രായേലിലേക്ക് 27 ടൺ സ്ഫോടകവസ്തുക്കളുമായി ചെന്നൈയിൽ നിന്ന് പോയ കപ്പലിന് സ്പെയിൻ 2024 മേയിൽ കാർത്തജീന തുറമുഖത്ത് പ്രവേശനം നിഷേധിച്ചിരുന്നു.

എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസ് തുടങ്ങിയ ഇസ്രായേലി ആയുധ നിർമാതാക്കളുമായി സംയുക്ത സംരംഭങ്ങളുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ആണ് ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ആയുധ വിതരണക്കാരിൽ പ്രധാനികൾ. കൂടാതെ, കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളുമുണ്ട്.

ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിനോട് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു വിഷയത്തിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടയിൽ വിദേശകാര്യ മന്ത്രാലയ വക്താവിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഇസ്രായേലുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം തികച്ചും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാണെന്ന് അവകാശപ്പെടുക മാത്രം ചെയ്തു അദ്ദേഹം.

വ്യക്തമായ രണ്ട് കാരണങ്ങളാൽ ഇതൊരു അസംബന്ധമായ അവകാശവാദമാണ്. ഒന്നാമതായി, ഇത് ശരിയാണെങ്കിൽ പോലും, ഗസ്സ മുനമ്പിൽ ആയിരക്കണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിൽ പങ്കാളികളായതിന്റെ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞുമാറാനാകില്ല. സ്പെയിൻ അല്ലെങ്കിൽ കാനഡ പോലുള്ള രാജ്യങ്ങൾ ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തിയത് അത് നിയമവിരുദ്ധമായ പ്രവൃത്തിയാണെന്ന് ഭയന്നതുകൊണ്ട് മാത്രമല്ല. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാരുടെ ജീവനെ ബാധിക്കുന്ന കാര്യങ്ങളിൽ ഒരു രാജ്യത്തിന്റെ തീരുമാനത്തിൽ നിയമവശം മാത്രമല്ല പ്രധാന ഘടകം, ചരിത്രത്തിലൊരിക്കലും അങ്ങനെയായിരുന്നിട്ടുമില്ല. മൂന്നാം ലോക ജനതക്കെതിരെയുള്ള മാനുഷികരഹിതമായ അടിച്ചമർത്തലുകൾക്കെതിരെ എപ്പോഴും പ്രതീക്ഷാകേന്ദ്രമായി നിലകൊള്ളുകയും അത്തരം പ്രവൃത്തികളെ എതിർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരുന്ന ഇന്ത്യയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

രണ്ടാമതായി, നിയമപരമായ വീക്ഷണത്തിലും ഇന്ത്യ കുറ്റക്കാരാണ്. ഇസ്രായേൽ തുടരുന്ന ഫലസ്തീനികളുടെ ഈ കൂട്ടക്കൊലയെ നിയമപരമായി ‘വംശഹത്യ’ എന്ന് വിളിക്കാം; കൂടാതെ വംശഹത്യ കൺവെൻഷനിൽ ഒപ്പുവെച്ചിട്ടുള്ള ഏത് രാജ്യവും വംശഹത്യയിൽ പങ്കാളികളാകുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

1948 ഡിസംബർ 9-ന് യു.എൻ പൊതുസഭയുടെ തീരുമാനത്തിലൂടെയാണ് വംശഹത്യ കൺവെൻഷൻ നിലവിൽ വന്നത്. 1949 നവംബർ 29-ന് ഇന്ത്യ വംശഹത്യ കൺവെൻഷനിൽ ഒപ്പുവെക്കുകയും 1959 ആഗസ്റ്റ് 27-ന് അത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇതിൽ വംശഹത്യയിലെ പങ്കാളിത്തം ശിക്ഷാർഹമാണെന്ന് മാത്രമല്ല, ഒപ്പുവെച്ച രാജ്യങ്ങൾ ‘‘സമാധാന കാലത്തും യുദ്ധകാലത്തും വംശഹത്യ തടയുകയും ശിക്ഷിക്കുകയും വേണം’’ എന്ന് നിർദ്ദേശിക്കുന്നുമുണ്ട്.

ഗസ്സയിലെ ഇസ്രായേലിന്റെ നടപടികൾ ഇതുവരെ നിയമപരമായി വംശഹത്യയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്ന ഒഴികഴിവ് പറഞ്ഞ് ഇന്ത്യൻ ഗവൺമെന്റിന് ഒളിക്കാൻ സാധിച്ചേക്കാം; എന്നാലത് അംഗീകരിക്കാനാവില്ല. ഗസ്സയിലെ ഇസ്രായേലിന്റെ നടപടികൾ വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക 2023 ഡിസംബർ 29-ന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പേരിൽ അവരുടെ വിദേശകാര്യ മന്ത്രിയും കുടുംബവും അന്ന് ഭീഷണികളും ഓൺലൈൻ അധിക്ഷേപങ്ങളും നേരിട്ടു. തുടർന്ന്, ബ്രസീൽ, സ്പെയിൻ, മെക്സിക്കോ എന്നിവയുൾപ്പെടെ ഏകദേശം 20-ഓളം രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയെ പിന്തുണച്ച് രംഗത്തുവന്നു. അതേസമയം അമേരിക്ക, ഹംഗറി (ഇതിനുശേഷം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നവ-ഫാഷിസ്റ്റ് വിക്ടർ ഓർബന്റെ കീഴിൽ), ഫിജി എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കയെ പരസ്യമായി എതിർത്തത്.

അന്താരാഷ്ട്ര കോടതിയുടെ അന്തിമ വിധി വരാൻ വർഷങ്ങളെടുക്കും. എന്നാൽ, വംശഹത്യാ പ്രവൃത്തികൾ തടയുന്നതിനും മാനുഷിക സഹായം അനുവദിക്കുന്നതിനുമായി നിയമപരമായി ബാധ്യതയുള്ള താൽക്കാലിക നടപടികൾക്ക് ഉത്തരവിട്ടിട്ടുണ്ട്. നുസൈറാത്തിലെ സ്കൂളിൽ അഭയം പ്രാപിച്ച 33 ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിച്ചു എന്നത് വംശഹത്യയിലെ പങ്കാളിത്തത്തിന് ഇന്ത്യയെ നിയമപരമായി കുറ്റക്കാരാക്കും. അതിനാൽ, ഇന്ത്യൻ ഗവൺമെന്റിന്റെ നിലപാട് ധാർമികമായി അപലപനീയമാണ് എന്ന് മാത്രമല്ല; നിയമപരമായ പരിശോധനയെ അതിജീവിക്കാൻ പോലും അതിന് കഴിയില്ല.

2024 നവംബറിൽ റിപ്പോർട്ട് സമർപ്പിച്ച ‘ഇസ്രായേലിന്റെ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള പ്രത്യേക സമിതി, 2025 സെപ്റ്റംബർ 16-ന് റിപ്പോർട്ട് സമർപ്പിച്ച ‘അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണ കമീഷൻ’ എന്നീ രണ്ട് യു.എൻ സമിതികളും ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.

ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരെ പട്ടിണിയെ ഒരു യുദ്ധ ആയുധമായി ഇസ്രായേൽ മനപ്പൂർവ്വം ഉപയോഗിച്ചതായി പ്രത്യേക സമിതി കുറ്റപ്പെടുത്തി. ഇത് ഉപരോധത്തിലായ ജനങ്ങൾക്ക് മാനുഷിക സഹായം നൽകണമെന്ന അന്താരാഷ്ട്ര കോടതിയുടെ നിർദ്ദേശത്തിന്റെ ലംഘനം കൂടിയാണ്. പ്രമുഖരായ നിയമജ്ഞർ അംഗങ്ങളായ ഈ യു.എൻ സമിതികളുടെ വിധികൾക്ക് നിയമപരമായി വലിയ പ്രാധാന്യമുണ്ട്, അത് തള്ളിക്കളയാനാവില്ല.

ലോകത്തിലെ ഏറ്റവും മികച്ച 500 വംശഹത്യാ പഠന വിദഗ്ധർ അടങ്ങുന്ന ‘ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ്’ പാസാക്കിയ പ്രമേയത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് പറയാനുള്ളത്. അഭിഭാഷകർ, ചരിത്രപണ്ഡിതർ, രാഷ്ട്രീയ ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ അംഗങ്ങളായ ഈ അസോസിയേഷൻ പാസാക്കിയ പ്രമേയത്തിൽ, ഇസ്രായേൽ ഗവൺമെന്റ് മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, വംശഹത്യ എന്നിവയിൽ പെടുന്ന വ്യവസ്ഥാപിതവും വ്യാപകവുമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് പ്രസ്താവിച്ചു.

ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുന്നുണ്ടെന്ന നിഗമനത്തെ പിന്തുണക്കുന്ന നിയമപരമായ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ഈ തെളിവുകളുടെ വെളിച്ചത്തിൽ, വംശഹത്യ കൺവെൻഷനിൽ ഒപ്പുവെച്ചിട്ടുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇസ്രായേലിനെ ‘തടയാനും ശിക്ഷിക്കാനും’ പ്രവർത്തിക്കേണ്ടതുണ്ട്; അതിന് പകരം ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്നത് ഫലസ്തീനികൾക്കെതിരായ വംശഹത്യാപരമായ പ്രവൃത്തികൾ തുടരാൻ അവരെ സഹായിക്കലാവും, ഇത് മാനവികതയോടുള്ള ധാർമികവും നിയമപരവുമായ വെല്ലുവിളിയാണ്.

മാനവികതയെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിലൂടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഈ സർക്കാരിന്റെ ആഭ്യന്തര നയങ്ങളിൽ മാത്രമല്ല, വിദേശനയത്തിന്റെ കേന്ദ്രത്തിലും ധാർമികതയില്ലായ്മയുണ്ട്.

ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ വംശഹത്യാപരമായ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ രാജ്യത്തിന് ആയുധങ്ങൾ നൽകുന്നത്, ഫലസ്തീൻ വിഷയത്തിൽ ഈ സർക്കാരിന്റെ തന്നെ സ്വന്തം നിലപാടുമായി യുക്തിസഹമായി പൊരുത്തപ്പെടുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ‘‘ദ്വിരാഷ്ട്ര’’ പരിഹാരത്തിനുള്ള തന്റെ സർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്രായേൽ ഈ "ദ്വിരാഷ്ട്ര പരിഹാരത്തെ" തള്ളുകയാണ്. പരിമിത അധികാരങ്ങളുള്ള ഫലസ്തീൻ അതോറിറ്റിയെ അംഗീകരിച്ച ഓസ്ലോ കരാറുകളുടെ സമയത്തെ സ്വന്തം നിലപാടിൽ നിന്ന് അവർ പിന്നോട്ട് പോയിരിക്കുന്നു. ഗസ്സ മുഴുവൻ നിയന്ത്രണത്തിലാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് അവരുടെ ആക്രമണം.

വംശഹത്യ നടത്തുന്ന ഇസ്രായേൽ ഭരണകൂടത്തിന് ആയുധങ്ങൾ നൽകുന്നത്, ധാർമികമായി അപലപനീയവും നിയമപരമായി കുറ്റകരവുമാണ് എന്നതിന് പുറമെ, ഫലസ്തീൻ വിഷയത്തിൽ മോദി സർക്കാർ വ്യക്തമായി പറഞ്ഞിട്ടുള്ള സ്വന്തം നിലപാടിന് തന്നെ വിരുദ്ധവുമാണ്; എന്നാൽ ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം അതിൽ വലിയ ആശങ്കയൊന്നുമില്ല.

അവർക്ക് ഡോണൾഡ് ട്രംപുമായി അടുപ്പം സ്ഥാപിക്കുന്നതും, ഇസ്രായേലിലേക്കുള്ള ആയുധ വിൽപ്പനയിൽ നിന്ന് വൻലാഭം കൊയ്യുന്ന അദാനിയെപ്പോലുള്ള കോർപ്പറേറ്റ് സുഹൃത്തുക്കളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ് രാജ്യത്തിന്റെ നിയമപരമായ ബാധ്യതകളെക്കാളും ധാർമിക ഉത്തരവാദിത്തത്തെക്കാളും, ലോകരാഷ്ട്രങ്ങൾക്കിടയിലെ വിശ്വാസ്യതയെക്കാളും പ്രധാനം.

Tags:    
News Summary - India should not provide weapons for genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.