ചില്ലറയല്ല വോട്ടു ഭാരം...

വോട്ട് ചെയ്യുക എന്നത് ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത നിര്‍ബന്ധ പരിപാടിയാണെന്നാണ് ഉപദേശികള്‍ ഉത്ബോധിക്കുന്നത്. ഭരണത്തില്‍നിന്ന് ലഭിക്കുന്നത് പട്ടിണിയും പരിവട്ടവും മാത്രമാണെങ്കിലും വോട്ട് ചെയ്യല്‍ മുടക്കരുത്. വീട്ടില്‍നിന്ന് കുളിച്ചൊരുങ്ങി ബൂത്തിലെ നിരയുടെ പിന്നില്‍ ചെന്നുനിന്ന് ഊഴമത്തെുമ്പോള്‍ യന്ത്രത്തിലെ ബട്ടണില്‍ അമര്‍ത്തി ഇടത് കൈവിരലിലെ മഷിപ്പാടുമായി തിരിച്ചുവരികയാണ് വോട്ടുകുത്തലെന്ന് ഒരുമാതിരി ആളുകള്‍ക്കെല്ലാം തലമുറകളായി പകര്‍ന്നുകിട്ടിയ അറിവാണ്. എന്നാല്‍, അങ്ങിനെ അല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നാട്ടിലല്ല, കാട്ടില്‍. ഏറെ ഭാരമുണ്ടായിട്ടും ആനന്ദത്തോടെ അവകാശം വിനിയോഗിക്കുന്നവര്‍.

പൂപ്പാറ കോളനിക്കാര്‍ എന്ന പേരിലറിയപ്പെടുന്ന വനമധ്യത്തിലെ താമസക്കാര്‍ക്ക് വോട്ട് യാത്രക്ക് മുട്ടന്‍വടി മാത്രമല്ല, നിര്‍ബന്ധം. പടക്കവും പന്തവും കൈയില്‍ കരുതണം. പൊട്ടിച്ചുരസിക്കാനല്ല പടക്കം. വന്യമൃഗങ്ങളെ ഓടിക്കാനാണ്. രാവിലെ കുളിച്ചൊരുങ്ങിയല്ല, പറമ്പിക്കുളം കാട്ടിനുള്ളിലെ ഈ കോളനിക്കാര്‍ വോട്ട് യാത്ര തുടങ്ങുക. തലേന്ന് ഉച്ചക്ക് നടന്നുതുടങ്ങണം. പറമ്പിക്കുളം കവലയിലെ ബൂത്തിലേക്ക് കൃത്യം 18 കിലോമീറ്റര്‍ താണ്ടണം. വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് പ്രദേശം മുഴുവന്‍. മൃഗങ്ങളാണ് കളിക്കൂട്ടുകാര്‍. ചിലപ്പോള്‍ കൂട്ടുകാര്‍ വിശ്വരൂപം കാണിക്കും. അപ്പോള്‍ പ്രയോഗിക്കാനാണ് തീപന്തവും പടക്കവും. ദൂരം നടന്നുതീര്‍ക്കാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ വേണം. വോട്ടവകാശ നിര്‍വഹണത്തിനായുള്ള ഒരുക്കൂട്ടലിലാണ് കോളനിയിലെ 53 കുടുംബങ്ങളിലായുള്ള 138 വോട്ടര്‍മാര്‍.

യാത്രക്കുമുണ്ട് ഒരു ചേല്. പ്രായമായവരും സ്ത്രീകളുമാണ് തലേന്ന് പുറപ്പെടുക. ആണായി പിറന്ന ഒരുവന്‍ എന്തായാലും സംഘത്തില്‍ നിര്‍ബന്ധമായും ഉണ്ടാവും. കുടിവെള്ളവും മുറുക്കാന്‍ സാധനങ്ങളും കരുതും. പിറ്റേന്ന് കുളിച്ചുടുക്കാനുള്ള വസ്ത്രങ്ങളും മറ്റുമായി ഒരു ഭാണ്ഡവും തലയില്‍ കാണും. കോളനിയിലെ വോട്ടവകാശമുള്ള ചെറുബാല്യക്കാര്‍ പിറ്റേന്ന് പൂണ്ടി എന്നറിയപ്പെടുന്ന ചങ്ങാടത്തിലാണ് ജലയാത്ര പുറപ്പെടുക. തലേന്ന് പോകുന്നവര്‍ എര്‍ത്ത് ഡാം, കടവ് തുടങ്ങിയ കോളനികളിലെ സുഹൃത്വീടുകളില്‍ ഉണ്ടുതാമസിക്കും. കിടപ്പ് സൗകര്യം വനംവകുപ്പിന്‍െറ പറമ്പിക്കുളം കാര്യാലയത്തോടനുബന്ധിച്ചും തരപ്പെടുത്തുന്നവരുണ്ട്.

മറ്റിടങ്ങളില്‍ ബൂത്തിന്‍െറ ഒരു ചുമരിനപ്പുറത്താണ് താമസമെങ്കിലും വോട്ട് ചെയ്യുക എന്നത് കുറച്ചിലും പരിഹാസ ജനകവുമായി കാണുന്ന പുത്തന്‍ തലമുറക്കാര്‍ ഏറെയുള്ള സന്ദര്‍ഭത്തിലാണ്, പറമ്പിക്കുളം വനത്തിലൂടെയുള്ള സര്‍വ സജ്ജ വോട്ടുയാത്ര വേറിട്ടതാവുന്നത്. കന്നിവോട്ട് തിരസ്കരിക്കുന്നതില്‍ പോലും ന്യൂജന്‍ മേമ്പൊടിക്കാര്‍ ആഹ്ളാദിക്കുന്നതും അവരെ അതിന് പ്രേരിപ്പിക്കാന്‍ രാഷ്ട്രീയത്തിലെ ആവര്‍ത്തന വിരസമായ ഫോര്‍മുലകള്‍ മത്സരിക്കുകയും ചെയ്യുന്നത് പ്രചാരണം കൊടുമ്പിരികൊണ്ട സമയത്തെ പുറം കാഴ്ചയാണ്. മടിയേതുമില്ലാതെ വോട്ട് ഭാരം തലയിലേറ്റുന്നവരും ഒരു കാഴ്ചതന്നെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.