ആറ്റിങ്ങല്‍: ചൊവ്വാഴ്ച വരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബുധനാഴ്ച ബി.ജെ.പി സ്ഥാനാര്‍ഥി, വ്യാഴാഴ്ച വീണ്ടും അച്ചടക്കമുള്ള സി.പി.ഐക്കാരന്‍. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വോട്ടര്‍മാര്‍. സി.പി.ഐയുടെ അഴൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ദീര്‍ഘകാലമായി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജെ. സുദേവനാണ് ഒരു ദിവസം കൊണ്ട് കാലുമാറുകയും തൊട്ടടുത്ത ദിവസം തിരിച്ചത്തെുകയും ചെയ്തത്.

സുദേവന്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ സി.പി.ഐക്ക് ലഭിക്കുന്നത് ഒരു ബ്ളോക് ഡിവിഷനാണ്. ഈ വര്‍ഷം വനിതാ സംവരണ ഡിവിഷനാണ് സീറ്റ് നിര്‍ണയിച്ചപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ചത്. ഈ സീറ്റില്‍ പാര്‍ട്ടി വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തു. സുദേവനും ഏറക്കുറെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചിരുന്നു. സി.പി.ഐയെ പ്രതിനിധീകരിച്ച്  2005ല്‍ ബ്ളോക് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുദേവനെ ഇതിനുശേഷം ബി.ജെ.പി നേതൃത്വം സമീപിക്കുകയും സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്യുകയും ചെയ്തു.

സുഹൃത്ത് വഴിയുള്ള പരിശ്രമത്തില്‍ സുദേവന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ബുധനാഴ്ച നാമനിര്‍ദേശപത്രികയും നല്‍കി. പോത്തന്‍കോട് ബ്ളോക് പഞ്ചായത്തിലേക്ക് മുട്ടപ്പലം ഡിവിഷനില്‍നിന്നുള്ള സ്ഥാനാര്‍ഥിയായാണ് പത്രിക നല്‍കിയത്. നീക്കങ്ങളെല്ലാം രഹസ്യമായിരുന്നു. പത്രിക സമര്‍പ്പിച്ചതിനു ശേഷമാണ് സുദേവന്‍ പാര്‍ട്ടി മാറിയ വിവരം പുറത്തറിഞ്ഞത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്നെ ബി.ജെ.പിയില്‍ പോയത് സി.പി.ഐ നേതൃത്വത്തെ ഞെട്ടിച്ചു.

ഇരുട്ടി വെളുക്കുന്നതിനു മുമ്പ് സി.പി.ഐ ചിറയിന്‍കീഴ് മണ്ഡലം നേതൃത്വം സുദേവനെ കൈയിലെടുത്തു. ബുധനാഴ്ച രാത്രി തന്നെ താന്‍ സി.പി.ഐക്കാരനാണെന്നും പത്രിക പിന്‍വലിക്കുമെന്നും അറിയിച്ചു. പിന്നെ വ്യാഴാഴ്ച സി.പി.ഐ ഓഫിസിലത്തെി പാര്‍ട്ടി പരിപാടികളിലും ഉത്തരവാദിത്തങ്ങളിലും സജീവമാവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.