കുണിയയിൽ സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ സമാപനസമ്മേളനത്തിന്റെ രാത്രി ദൃശ്യം (photo: പി. സന്ദീപ്)
കുണിയ (കാസർകോട്): സമസ്ത നൂറാം വാർഷികത്തിന് ആവേശോജ്ജ്വല സമാപനം. രാത്രി എട്ടോടെ തുടങ്ങിയ പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്തു. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ബംഗളൂരു വികസന അതോറിറ്റി ചെയര്മാന് എന്‍.എ. ഹാരിസ്, എം.എ. യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദലി, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്. ശിവ എം.എല്‍.എ, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഇബ്രാഹിം അഹമ്മദലി ഹാജി തുടങ്ങിയവർ സംസാരിച്ചു. സമസ്ത ജനറല്‍സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ശതാബ്ദി സന്ദേശം നൽകി. കേരളത്തിനകത്തുനിന്നും പുറത്തും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള 33313 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പും സമാപിച്ചു.
നൂറാണ്ട് തികച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിറവിയാഘോഷം ജനപങ്കാളിത്തം കൊണ്ടും ചരിത്രമായി. കുണിയയിലെ മഹാസമ്മേളന വേദി ലക്ഷ്യമിട്ട് രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. ഉച്ചയോടെ ദേശീയപാത ഉൾപ്പെടെ പ്രധാനപാതകളെല്ലാം പ്രവർത്തകരെകൊണ്ട് നിറഞ്ഞു. വൈകീട്ട് എട്ടോടെ പൊതുസമ്മേളനം തുടങ്ങുംമുമ്പേ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞു.
കുണിയ: സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്ത് സമസ്ത നൂറാം വാർഷിക മഹാസമ്മേളനം. മാതൃസംഘടനയിൽനിന്ന് അകന്നുപോയവർ എല്ലാവരും തിരികെ വരണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സമസ്തയിൽനിന്ന് കുറേ സംഘടനകളും വ്യക്തികളും പുറത്തുപോയിട്ടുണ്ടെന്നും അതിൽ ചിലർ സ്വന്തം നിലക്ക് പോയതാണെന്നും അദ്ദേഹം പറഞ്ഞു. ചില സംഘടനകളെ മാറ്റി നിർത്തിയതാണ്. എല്ലാവരും മാതൃസംഘടനയിൽ വരണമെന്നാണ് മുശാവറ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ ശക്തിയെന്തെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഈശക്തി സമസ്ത എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇവിടെ കൂടിയ ആളുകളെ കണ്ടപ്പോൾ എല്ലാവർക്കും സമസ്തയുടെ വലിപ്പം ഒന്നുകൂടി തിരിച്ചറിയാൻ സാധിച്ചു. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വിട്ടുപോയവർ മുന്നോട്ടുവരണം. ഒത്തൊരുമിച്ചു പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമസ്ത വിളിച്ചപ്പോൾ പലരും ഇവിടെ വന്നു. പലരും വരിക മാത്രമല്ല, സമസ്ത പോകേണ്ടെന്നു പറഞ്ഞാല്‍ പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്തക്ക് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കാൻ സാധിക്കും. പക്ഷേ, എന്തിനാണ് അങ്ങനെയൊരു സംവിധാനമെന്ന് അറിയാത്തതിനാൽ ഇപ്പോഴുള്ളതുതന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദിയുടെ ഭാഗമായി സമസ്തക്ക് അഞ്ചുവര്‍ഷത്തെ പദ്ധതികളുണ്ട്. ദേശീയതലത്തിൽ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. രാജ്യത്തിന്റെ സൗഹൃദവും സഹിഷ്ണുതയും നിലനിര്‍ത്തിയാകും സമസ്തയുടെ പ്രവര്‍ത്തനം. ബിദ്ഈ പ്രസ്ഥാനക്കാരോടും വ്യാജ ത്വരീഖത്തുകാരോടും യോജിപ്പില്ല. സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ വിശദീകരിച്ചു.
കുണിയ (കാസർകോട്): സി.ഐ.സി വിഷയത്തിൽ പരമാവധി ചർച്ച നടത്തിയിട്ടുണ്ടെന്നും സമസ്ത മുന്നോട്ടുവെച്ച മുഴുവൻ നിബന്ധനകളും അംഗീകരിച്ചാൽ ഒരുമിച്ച് മുന്നോട്ട് പോകുന്നതിൽ തടസ്സമില്ലെന്നും സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി. സമസ്ത ശതാബ്ദി സമ്മേളന ക്യാമ്പിൽ ‘സമസ്ത നൂറ്റാണ്ടുകളുടെ വഴി’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഫി സംവിധാനം സമസ്തയുടെ തണലിൽ വളർന്നതാണെന്നും അതിന്റെ ആസ്ഥാനമായിരുന്ന വളാഞ്ചേരി മർക്കസിനുവേണ്ടി താൻ അടക്കമുള്ളവർ പ്രവർത്തിച്ചവരാണെന്നും തെറ്റുതിരുത്തി കടന്നുവന്നാൽ ആരെയും സ്വീകരിക്കുന്ന പാരമ്പര്യമാണ് സമസ്തയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.