ബസ് മുതലാളിയുടെ മോഹഭംഗം

തൃപ്രയാര്‍: സ്ഥാനാര്‍ഥി മോഹം പൂവണിയാന്‍ എത്ര കാശ് ചെലവാക്കാം. പലതാകും ഉത്തരം. എന്നാല്‍, ജില്ലയിലൊരു ബസ് മുതലാളി ഇതിനായി എം.എല്‍.എക്ക് നല്‍കിയത് 30 ലക്ഷം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഈ കാശൊക്കെ വീശിയത്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്തേക്കാള്‍ ഗെറ്റപ്പ് ജില്ലാ പഞ്ചായത്ത് അംഗത്തിനാണെന്ന തിരിച്ചറിവാണ് പ്രേരണ. ചെലവ് അവിടംകൊണ്ട് തീര്‍ന്നെങ്കില്‍ തെറ്റി. ചാവക്കാട്ട് രണ്ടുമാസം മുമ്പ് വന്ന ദേശീയ നേതാവിന്‍െറ യോഗത്തിന് ആളെക്കൂട്ടാന്‍ തന്‍െറ ഉടമസ്ഥതയിലുള്ള 10 ബസുകളും സൗജന്യമായി വിട്ടുകൊടുത്ത് പാര്‍ട്ടിക്കൂറ് വാനോളമുയര്‍ത്തി.

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സീറ്റുചര്‍ച്ചക്കൊടുവില്‍ പട്ടികയില്‍ പേരില്ളെന്നറിഞ്ഞപ്പോള്‍ അതിയാന്‍ നിലവിട്ട് വാവിട്ടുകരഞ്ഞത്രേ. ആരായാലും കരഞ്ഞുപോകില്ളേ. പിച്ചും പേയും പറയുന്നതിനിടെ, എന്‍െറ 30 ലക്ഷം ആരു തരുമെന്ന ചോദ്യം ഗതികിട്ടാതെ അവിടെയെല്ലാം അലഞ്ഞുനടന്നു.

അതേസമയം, 30 ലക്ഷത്തിന്‍െറ കണക്ക് കൃത്യമായി അത് വാങ്ങിയയാള്‍ക്കും പറയാനുണ്ട്. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ ദേശീയപാത 17ലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഷെഡ്യൂളുകള്‍ കഷണം കഷണമായി വെട്ടിച്ചുരുക്കി ലക്ഷങ്ങള്‍ മുതലാക്കാന്‍ സൗകര്യമൊരുക്കിയ കഥയാണത്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്തിന്‍െറ ബോര്‍ഡ് കാറിന്‍െറ മുന്നില്‍വെച്ച് കറങ്ങാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതിന് കാശ് വേറെ തരണമെന്നായി അടുത്ത ന്യായം. പോരെ പൂരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.