മണലെടുപ്പ് നിരോധം: തെരഞ്ഞെടുപ്പ് ആയുധമാക്കി തൊഴിലാളികള്‍

പന്തീരാങ്കാവ്: മാസങ്ങളായി നിരോധം നിലനില്‍ക്കുന്ന മണല്‍ മേഖലയിലെ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലാളി യൂനിയനുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കാനൊരുങ്ങുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നമേറ്റെടുക്കാതിരിക്കുകയും തൊഴിലാളി യൂനിയനുകളുടെ സമരങ്ങള്‍ ചട്ടപ്പടി മാത്രമാവുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ മറ്റു വഴികള്‍ തേടുന്നത്. 
2013 ഡിസംബര്‍ മുതല്‍ മണലെടുപ്പ് നിരോധം നിലനില്‍ക്കുന്ന മേഖലയില്‍ തൊഴില്‍ പുന$സ്ഥാപിക്കാന്‍ ഇടപെടുന്നതിന് തൊഴിലാളികള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും യൂനിയനുകളെയും സമീപിച്ചിരുന്നു. പ്രതീക്ഷിച്ച ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നും കിട്ടാത്തതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലാളികള്‍  ചാലിയാര്‍ മേഖല സംയുക്ത തൊഴിലാളി യൂനിയന്‍ രൂപവത്കരിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ നടത്തിയെങ്കിലും തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
 
ഇതിനിടെ നദികളിലെ മണലെടുപ്പ് സംബന്ധിച്ച് പൂര്‍ത്തിയായ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എടവണ്ണ, മമ്പാട്, വാഴക്കാട്, നിലമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ചാലിയാറില്‍നിന്ന് മണലെടുപ്പിന് അനുമതി നല്‍കിയതോടെ മറ്റിടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. നദികളിലെ മണലിന്‍െറ അളവ് നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ഗൂഢ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അശാസ്ത്രീയമായ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് എംസാന്‍ഡ് നിര്‍മാതാക്കള്‍ക്കുവേണ്ടി നിര്‍മിച്ചവയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ട്രേഡ് യൂനിയനുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മണല്‍പ്രശ്നത്തില്‍ ഇടപെടാനുള്ള പരിമിതിയും ഈ  എംസാന്‍ഡ് ബന്ധമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
 
പ്രമുഖ പാര്‍ട്ടികള്‍ മൗനംപാലിച്ചതോടെയാണ് തൊഴിലാളികള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ സമരസാധ്യത തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം മുന്‍കൈയെടുത്ത് ഞായറാഴ്ച പന്തീരാങ്കാവില്‍ സംഘടിപ്പിച്ച മണല്‍ തൊഴിലാളി കണ്‍വെന്‍ഷനില്‍ വിവിധ യൂനിയനുകളില്‍പെട്ട തൊഴിലാളികളുടെ പങ്കാളിത്തമുണ്ടായിരുന്നു. 700ഓളം പേര്‍ കണ്‍വെന്‍ഷനത്തെിയത് മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് ‘സ്വന്തം’ തൊഴിലാളികളെ വരുതിയില്‍ നിര്‍ത്താന്‍ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.