കൊച്ചി: കേരളം ഉറ്റുനോക്കിയ പിറവം ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്. 86.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മണ്ഡലം രൂപവത്കരിച്ചതിനു ശേഷം ചരിത്രത്തിൽ ഇതുവരെ കാണാത്ത ആവേശത്തോടെ വോട്ട൪മാ൪ ബൂത്തിലെത്തിയപ്പോൾ ഓരോ മിനിറ്റിലും പോളിങ് ശതമാനം കുതിച്ചുയ൪ന്നു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിന് പോളിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ മണ്ഡലത്തിലെ മിക്ക ബൂത്തിലും വോട്ട൪മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സ്ത്രീകളും വൃദ്ധരും യുവാക്കളും അടക്കമുള്ള വോട്ട൪മാ൪ ആവേശത്തോടെയാണ് ബൂത്തിലെത്തിയത്. ഇരുമുന്നണിയും ഒരുമാസമായി മണ്ഡലത്തിൻെറ മുക്കും മൂലയും ഇളക്കിമറിച്ച് നടത്തിയ പ്രചാരണത്തിൻെറ പ്രതിഫലനമാണ് ബൂത്തുകളിൽ കാണപ്പെട്ടത്.
1987 ലെ തെരഞ്ഞെടുപ്പിൽ നടന്ന 85.45 ശതമാനം പോളിങ്ങിൻെറ റെക്കോഡാണ് ഉപതെരഞ്ഞെടുപ്പിൽ മറികടന്നത്. 1977 ൽ 82.37 ശതമാനവും 1991 ൽ 80.54 ശതമാനവുമായിരുന്നു പോളിങ്. ഏറ്റവും കുറഞ്ഞ പോളിങ് 2006 ലെ തെരഞ്ഞെടുപ്പിലായിരുന്നു 74.08 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിങ് 79.12 ശതമാനവും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ഇക്കുറി 18,000 ത്തോളം വോട്ടുകൾ അധികമായി രേഖപ്പെടുത്തിയിട്ടുണ്ട്. മണീട് പഞ്ചായത്തിലാണ് ഏറ്റവും ഉയ൪ന്ന പോളിങ്. 89.05 ശതമാനം. കുറവ് ഇലഞ്ഞി പഞ്ചായത്തിൽ 82.5 ശതമാനം. ഇരുമ്പനം ട്രാക്കോ ക്ളബ്, ഇരുമ്പനം എസ്.എൻ.ഡി.പി സ്കൂൾ, മണീട് യു.പി സ്കൂൾ, മണീട് ഉദയ ലൈബ്രറി, ഓണക്കൂ൪ ഗവ.യു.പി.എസ്,തിരുമാറാടി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ 90 ശതമാനത്തിന് മുകളിൽ പോളിങ് നടന്നു. തെരഞ്ഞെടുപ്പ് തീ൪ത്തും സമാധാനപരമായിരുന്നു. എങ്ങും അനിഷ്ട സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് സുഗമമാക്കാൻ വൻസുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. ഉയ൪ന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാണെന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഇരുസ്ഥാനാ൪ഥികളും അവകാശപ്പെട്ടു. 21 നാണ് ഫലപ്രഖ്യാപനം.
വോട്ടെടുപ്പിൻെറ ആദ്യമണിക്കൂറിൽ 20 ശതമാനവും രണ്ടുമണിക്കൂ൪ പിന്നിട്ടപ്പോൾ 33 ശതമാനവും പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യ രണ്ടുമണിക്കൂറിൽ 17.04 ശതമാനമായിരുന്നു പോളിങ്. ഒരുമണിയോടെ 58 ശതമാനത്തിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 ശതമാനമായിരുന്നു ഇത്. 4.30 ഓടെ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 70 ശതമാനമായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന അഞ്ചുമണിക്ക് മുമ്പുതന്നെ ബൂത്തിൽ എത്തിയവ൪ക്കും വോട്ടുചെയ്യാൻ അവസരം നൽകിയതിനാൽ രണ്ടിടത്ത് 6.20 നാണ് പോളിങ് അവസാനിച്ചത്. രണ്ട് ബൂത്തിൽ വോട്ടിങ് സമയം അവസാനിച്ചശേഷം 100 പേ൪ക്ക് വോട്ട് ചെയ്യാൻ അവസരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.