ആലപ്പുഴ: എസ്.ഐ.ആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന നേട്ടം ആലപ്പുഴ സ്വന്തമാക്കി. എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002ലെ എസ്.ഐ.ആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്താനായി. 2002ലെ പട്ടികയുമായി ബന്ധപ്പെടുത്താൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടെയും ഹിയറിങ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരിച്ചതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ല കലക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ ബി.എൽ.ഒ.മാർ, ബി.എൽ.ഒ സൂപ്പർവൈസർമാരായ വില്ലേജ് ഓഫിസർമാർ, അഡീ. എ.ഇ.ആർ.ഒമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ, എ.ഇ.ആർ.ഒമാരായ തഹസിൽദാർമാർ, ഇ.ആർ.ഒമാരായ ഡെപ്യൂട്ടി കലക്ടർമാർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയും ദിവസേന പുരോഗതി വിലയിരുത്തിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി എല്ലാ ആഴ്ചയും ജില്ലതലത്തിലും നിയോജക മണ്ഡല തലത്തിലും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. എസ്.ഐ.ആർ നടപടിക്കായി കൂടുതൽ പ്രയത്‌നിച്ച എല്ലാ ഉദ്യോഗസ്ഥരെയും കലക്ടർ അലക്‌സ് വർഗീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.