ഓൺലൈൻ തട്ടിപ്പ്​; റിട്ട. ബാങ്ക്​ ഉദ്യോഗസ്ഥന്‍റെ 5.38 ലക്ഷം സൈബർ മോഷ്ടാക്കൾ കവർന്നു

ആലപ്പുഴ: പെൻഷൻ കാർഡ് ശരിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച സൈബർ മോഷ്ടാക്കൾ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍റെ 5.38 ലക്ഷം രൂപ കവർന്നു. വാട്സ്ആപ്പിലൂടെ ലിങ്ക് നൽകി ആലപ്പുഴ സ്വദേശിയായ 73കാരന്‍റെ പണമാണ് അപഹരിച്ചത്.

സംഭവത്തിൽ കേസെടുത്ത സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ വയോധികൻ ജോലി ചെയ്ത ബാങ്കിൽനിന്ന് പ്രത്യേക പെൻഷൻ കാർഡ് ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

സമൂഹമാധ്യമം വഴിയാണ് തട്ടിപ്പ് സംഘം പരാതിക്കാരനുമായി ബന്ധപ്പെടുന്നത്. ബാങ്കിലെ പെൻഷൻ കാർഡ് ഉണ്ടെങ്കിൽ പ്രത്യേകം ആനുകൂല്യങ്ങൾ കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കാർഡ് സംബന്ധിച്ച പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ അറിയാൻ പരാതിക്കാരൻ പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.

തട്ടിപ്പിനായി സംഘം തയാറാക്കിയ പരസ്യമാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇത്. ഇതിനുശേഷം പരാതിക്കാരന്റെ നമ്പർ വാങ്ങി പിന്നീടുള്ള ബന്ധം ഫോൺ വഴിയാക്കി.

വാട്സ്ആപ്പിലൂടെയായിരുന്നു ആശയവിനിമയം. ഇതിനിടെ, പെൻഷൻ കാർഡ് സംബന്ധിച്ച് കൂടുതൽ സന്ദേശങ്ങൾ വാട്സ്ആപ് വഴി പരാതിക്കാരന് അയച്ചുനൽകി. ഇതിനൊപ്പം വാട്സ്ആപ്പിലൂടെ തട്ടിപ്പുകാർ ലിങ്കും അയച്ചുനൽകി. ഇതിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിലുണ്ടായിരുന്ന പണം നഷ്ടമായത്. ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

തട്ടിപ്പ് ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഏഴ് തവണകളായി 5,38,498 രൂപയാണ് വയോധികന് നഷ്ടമായത്.

വാട്സ്ആപ്പിലൂടെ എത്തിയ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ ഏതെങ്കിലും തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ആയിക്കാണുമെന്നും ഇതിലൂടെയാണ് പണം തട്ടിപ്പുകാരുടെ കൈകളിലെത്തിയതെന്നുമാണ് പ്രാഥമിക നിഗമനം.

അക്കൗണ്ടിൽനിന്ന് പണം അപഹരിച്ചുവെന്ന് മനസ്സിലാക്കിയ വയോധികൻ വിവരം മക്കളെയാണ് ആദ്യം അറിയിച്ചത്.

പിന്നാലെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ മക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Online scam; Rs 5.38 lakh looted from retired bank official.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.