പൊളിച്ചു നീക്കാൻ അനുമതിയായ ജില്ലാ ആയുർവേദ ആശുപത്രിയുടെ പഴയ കെട്ടിടം
ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രി കെട്ടിടം പൊളിച്ചുനീക്കാൻ ജില്ല പഞ്ചായത്തിന്റെ അനുമതിയായി. പുതിയ കെട്ടിട നിർമാണത്തിനായാണ് പഴയ കെട്ടിടം പൊളിക്കുന്നത്. സർവേ റിപ്പോർട്ട് തയാറായിട്ടുണ്ട്.
ടെൻഡർ ഉടൻ വിളിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. മാർച്ച് ആദ്യവാരം പുതിയ കെട്ടിടത്തിന് തറക്കല്ലിടും. മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. ആറ് കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പുനർനിർമാണത്തിൽ എം.എൽ.എ ഫണ്ടിലെ ഒരുകോടിക്ക് ഭരണാനുമതിയായി. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപക്കായി വിശദ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ല പഞ്ചായത്തിന്റെ രണ്ട് കോടി, ആയുഷിൽനിന്ന് ഒരുകോടി രൂപ എന്നിവ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി. പുനർനിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റോടെ ആശുപത്രിയുടെ പ്രവർത്തനം പഴയ നഗരസഭാ മന്ദിരത്തിലേക്കു മാറ്റിയിരുന്നു. ഇവിടെ നിലവിൽ ഇരുപതോളം രോഗികൾക്ക് കിടത്തി ചികിത്സയും ലാബ് സേവനവും ലഭ്യമാണ്.
എക്സ് റേ യൂനിറ്റ് പഴയ കെട്ടിടത്തിൽ നിന്ന് നഗരസഭ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമായി. ഇതിനായി പഴയ നഗരസഭ കെട്ടിടത്തിലെ ഒരു ഭാഗം കൂടി വിട്ടു നൽകിയിട്ടുണ്ട്. നിലവിൽ പ്രതിദിനം മുന്നൂറോളം പേർ ഒ.പി സേവനം തേടുന്നുണ്ട്.
അഞ്ച് നില മന്ദിരമാണ് പുതുതായി നിർമിക്കുന്നത്. 50 കിടക്കകൾക്കുള്ള സൗകര്യം ഉണ്ടാകും. വിനോദ സഞ്ചാരികൾക്ക് ചികിത്സക്കായി ഒരു നില മുഴുവനും മാറ്റിവെക്കും. പേവാർഡുകൾ, ലാബ്, എക്സ്റേ, ഫിസിയോ തെറപ്പി, സ്പോർട്സ് മെഡിസിൻ, കണ്ണാശുപത്രി, മാനസിക ചികിത്സ തുടങ്ങിയ സ്പെഷാലിറ്റി ക്ലിനിക്കുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.