അമോണിയ ചോർന്നതിനെ തുടർന്ന് നാട്ടുകാർ
ഐസ് പാന്റിൽ എത്തിയപ്പോൾ
അരൂര്‍: ചന്തിരൂര്‍ പാലത്തിന്റെ തെക്കുഭാഗത്തുള്ള ഐസ് പ്ലാന്റില്‍ ഞായറാഴ്ച അർധരാത്രി അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. മൂന്നുപേർക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. അരൂർ പതിമൂന്നാം വാര്‍ഡ് വളവന്തറ ചന്ദ്രന്റ ഭാര്യ ലത (48), വളവന്തറ പുരുഷോത്തമന്‍ (76), വളവന്തറ അനില (30) എന്നിവര്‍ക്കാണ് ശ്വാസം മുട്ടലടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഇതില്‍ ലതക്ക് നെഞ്ചുവേദനയും അനുഭവപ്പെട്ടതിനാല്‍ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു.
തിങ്കളാഴ്ച രാവിലെയാണ് പുരുഷോത്തമനും അനിലക്കും ബുദ്ധിമുട്ടനുഭവപ്പെട്ടത്. അനില എറണാകുളം ജനറല്‍ ആശുപത്രിയിലും പുരുഷോത്തമന്‍ എഴുപുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. രാത്രി വീശിയടിച്ച കാറ്റിലാണ് വാതകം പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
ഐസ് പ്ലാന്റിലെ സുരക്ഷ ജീവനക്കാരും അരൂരില്‍ നിന്നുള്ള അഗ്നിശമന സേനയും എത്തി വെള്ളം ഒഴിച്ച് അമോണിയ വാതകം നിർവീര്യമാക്കി. രാത്രിയായതിനാല്‍ നാട്ടുകാർ കൂടുതലും ഉറക്കത്തിലായിരുന്നു. വാതില്‍, ജനല്‍ എന്നിവ അടച്ചിരുന്നതിനാല്‍ കാര്യമായ പ്രശ്‌നമുണ്ടായില്ല.
വിവരം അറിഞ്ഞ് ഓടിക്കൂടിയവര്‍ക്കും കുട്ടികള്‍ക്കും കണ്ണ് എരിച്ചില്‍ അനുഭവപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് പരിസരത്ത് തന്നെയുള്ള കയറ്റുമതി കമ്പനിയില്‍ അമോണിയ ചോര്‍ന്നപ്പോള്‍ സമീപത്തെ സ്‌കൂളിലെ മുപ്പതോളം വിദ്യാർഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.