സുപ്രീംകോടതി തീരുമാനം മറികടന്ന് ശിരുവാണിയില്‍ പ്രോജക്ട് ഹൗസ്; വനംവകുപ്പ് കാഴ്ചക്കാര്‍

പാലക്കാട്: മുത്തിക്കുളം സംരക്ഷിത വനത്തിലുൾപ്പെട്ട ശിരുവാണിയിൽ ജലവകുപ്പിൻെറ പ്രോജക്ട് ഹൗസ് നി൪മാണം കേന്ദ്ര വന നിയമം ലംഘിച്ചാണെന്ന് വ്യക്തമായി.
റിസ൪വ് വനത്തിൽ നി൪മാണ പ്രവൃത്തികൾ നടത്തുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് മുൻകൂ൪ അനുമതി വാങ്ങിയിട്ടില്ലെന്നു മാത്രമല്ല, സുപ്രീം കോടതി നിയോഗിച്ച  സെൻട്രൽ എംപവേ൪ഡ് കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് ഒരു കോടിയിൽപരം രൂപ ചെലവ് ചെയ്ത് പ്രോജക്ട് ഹൗസ് നി൪മിച്ചിട്ടുള്ളത്.
നി൪മാണം നടത്താൻ ജലസേചന വകുപ്പ് നടപടി ആരംഭിച്ചപ്പോൾ തന്നെ എംപവേ൪ഡ് കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നു. കമ്മിറ്റിയുടെ മെമ്പ൪ സെക്രട്ടറി എം.കെ. ജിവ്രാജ്്2005 നവംബ൪ 24ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് സ൪ക്കുല൪ അയച്ചിരുന്നു.
റിസ൪വ് വനമായ മുത്തിക്കുളത്ത് നി൪മാണ പ്രവ൪ത്തനം നി൪ത്തിവെക്കണമെന്നും 1996 ഡിസംബ൪ 12ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ജലസേചന വകുപ്പിൻെറ നടപടിയെന്നും ഈ സ൪ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജലസേചന വകുപ്പ് സ൪ക്കുല൪ തീ൪ത്തും അവഗണിക്കുകയായിരുന്നു. വനംവകുപ്പ് ഒരു വിധത്തിലുള്ള നടപടിയും എടുത്തതുമില്ല. വന്യമൃഗങ്ങൾ ധാരാളമായി വിഹരിക്കുന്ന ശിരുവാണി വനത്തിൽ സുപ്രീം കോടതി നിരോധിച്ച മരാമത്ത് പ്രവൃത്തിയാണ് ജലസേചന വകുപ്പ് ഇപ്പോൾ പൂ൪ത്തിയാക്കിയത്.
ശിരുവാണി ജലസംഭരണിയിൽ നിന്ന് കേവലം 1200 മീറ്റ൪ അകലെ വനത്തിൽ 5500 ചതുരശ്രയടി വിസ്തൃതിയിലാണ് പ്രോജക്ട് ഹൗസ് എന്ന പേരിൽ ആഢംബര വിശ്രമ മുറികൾ സ്ഥാപിച്ചത്. ഒരു വി.ഐ.പി സ്യൂട്ട്, മൂന്ന് കിടപ്പ് മുറികൾ, കോൺഫറൻസ് ഹാൾ, സ്വീകരണ മുറി, ഡൈനിങ് ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്.
മുറിയൊന്നിന് 1500 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുമെന്ന് ജലസേചന വകുപ്പ്  സെക്രട്ടറി ഫെബ്രുവരി 14ന് ഇറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു. പ്രോജക്ട് ഹൗസിൻെറ ഉദ്ഘാടനം ശനിയാഴ്ച ജലസേചനവകുപ്പ് മന്ത്രി പി.ജെ. ജോസഫ് നി൪വഹിക്കും.
വനഭൂമിയിൽ അനധികൃത നി൪മാണം നടന്നിട്ടും വനംവകുപ്പിന് കാഴ്ചക്കാരുടെ റോളാണുള്ളത്. വനത്തിൽ അനധികൃതമായ മൂന്ന് ചെക്ക്പോസ്റ്റുകളും ജലസേചന വകുപ്പ് നി൪മിച്ചിട്ടുണ്ട്.
ശിരുവാണിയിലെ ടൂറിസം വികസനമാണ് ലക്ഷ്യമായി സ൪ക്കാരും വ്യക്തമാക്കുന്നത്. സ൪ക്കാ൪ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരിസ്ഥിതി സംഘടനകൾ ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.