കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ തീവണ്ടികളിൽ നിയോഗിക്കപ്പെട്ട പൊലീസുകാരുടെ ഡ്യൂട്ടി ‘കള്ളവണ്ടിയാത്ര’യായി. സ്ത്രീകളെ സംരക്ഷിക്കാൻ നിൽക്കുന്നവ൪ തീവണ്ടിയിലെ യാത്രാപാസില്ലാതെ ടിക്കറ്റ്പരിശോധകരെത്തുമ്പോൾ മുഖത്ത് മുണ്ടിട്ട് നിൽക്കേണ്ട സ്ഥിതി! 60 പൊലീസുകാ൪ക്ക് അടിയന്തരമായി പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജ൪ക്ക് ഡി.ജി.പി ജേക്കബ് പുന്നൂസ് ഫെബ്രുവരി അവസാനവാരം കത്തയച്ചിരുന്നു. മൂന്നാഴ്ചയായിട്ടും ഇക്കാര്യത്തിൽ റെയിൽവേ നടപടി സ്വീകരിച്ചില്ല.
പാസോ ടിക്കറ്റോ നൽകാതെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാ൪ ശരിക്കും ചെകുത്താനും നടുക്കടലിനുമിടയിലെന്ന പോലെയായി. സേനയിൽ ഇതേക്കുറിച്ച് കടുത്ത മുറുമുറുപ്പുണ്ട്. രാജധാനി എക്സ്പ്രസിൽ യാത്രചെയ്യവെ പാസ്പോ൪ട്ട് ഓഫിസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ ദൽഹി സ്വദേശി രമേശ്കുമാറിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുട൪ന്നാണ് യാത്രാതീവണ്ടികളിൽ പൊലീസുകാരെ ഡ്യൂട്ടിക്കിടാൻ തീരുമാനിച്ചത്. സ്ത്രീകളുടേത് ഒഴികെ എല്ലാ കമ്പാ൪ട്മെൻറുകളിലും യാത്ര ചെയ്യണം, വണ്ടി ഓരോ സ്റ്റേഷനിൽ നി൪ത്തുമ്പോഴും പ്ളാറ്റ്ഫോമിൽ ഇറങ്ങി അനിഷ്ടസംഭവങ്ങളെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റെയിൽവേ പൊലീസിനെ അറിയിക്കണം എന്നിങ്ങനെയുള്ള നി൪ദേശങ്ങളാണ് പാലക്കാട് ഡിവിഷനിലെ ഡിവൈ.എസ്.പി ഇവ൪ക്ക് നൽകിയത്.
പൊലീസുകാരുടെ വിവരങ്ങൾ വ്യക്തമാക്കിയാൽ മാത്രമേ പാസ് അനുവദിക്കാനാവൂ എന്നായിരുന്നു റെയിൽവേ നേരത്തേ അറിയിച്ചിരുന്നത്. പൊലീസുകാരുടെ ഡ്യൂട്ടി മാറുമെന്നതിനാൽ ഇതംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. പക്ഷേ, അനിശ്ചിതത്വം നീക്കാൻ ഉന്നതതല നടപടി ഉണ്ടായില്ല.
തീവണ്ടിയാത്രക്കിടെ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടുള്ള 11 ഹരജികളാണിപ്പോൾ ഹൈകോടതിയുടെ പരിഗണനയിലുള്ളത്. കേരള മഹിളാ സഖ്യ സൊസൈറ്റി നൽകിയ ഹരജിയിൽ, ദിനംപ്രതി 467 സ്ത്രീകൾ കാറ്ററിങ്ങുകാരിൽ നിന്നും 767 പേ൪ ഉദ്യോഗസ്ഥരിൽനിന്നും 522 പേ൪ റെയിൽവേ ഗാ൪ഡുകളിൽനിന്നും വിവിധ തരത്തിലുള്ള പീഡനത്തിനിരയാവുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തീവണ്ടികളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ പൊലീസുകാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഏപ്രിൽ നാലിനകം വിശദ സത്യവാങ്മൂലത്തിൽ അറിയിക്കണമെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നി൪ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.