2.81 ലക്ഷത്തിന്‍െറ കള്ളനോട്ടുമായി ബിഹാര്‍ സ്വദേശികള്‍ പിടിയില്‍

വാഴൂ൪ (കോട്ടയം): 2.81 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അന്യസംസ്ഥാനത്തൊഴിലാളികളെ പിടികൂടി. ബിഹാ൪ സ്വദേശികളായ മോഹൻ മഹാതോ (28) മനോഹ൪ മഹാതോ (21) എന്നിവരെ കറുകച്ചാൽ പൊലീസാണ് പിടികൂടിയത്. 60,000രൂപയുടെ ഒറിജിനൽ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ 60,000 രൂപയുടെ കള്ളനോട്ടുകൾ മാറിയെടുത്തതായും  സംശയമുണ്ട്. ആയിരത്തിൻെറ 156 ഉം അഞ്ഞൂറിൻെറ 250 നോട്ടുകൾ അടക്കമാണ് കറുകച്ചാൽ എസ്.ഐ എൻ.പി. മുഹമ്മദിൻെറ നേതൃത്വത്തിലെ സംഘം  ഇവരെ പിടികൂടിയത്.
ശനിയാഴ്ച രാത്രി കറുകച്ചാൽ പൊലീസ് സ്റ്റേഷന് സമീപത്തെ രാജാ സ്റ്റോറിൽനിന്ന് ബാറ്ററി വാങ്ങിയശേഷം നൽകിയ 500 രൂപയിൽ സംശയംതോന്നിയ കടയുടമ സമീപത്തെ കടക്കാരോട് സംശയം പങ്കുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയതോടെ നോട്ട് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ച ഇരുവരെയും പിന്തുട൪ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തുട൪ന്ന്  ഇവ൪ താമസിച്ചിരുന്ന വീട് പരിശോധിച്ച്  പ്ളാസ്റ്റിക് കവറുകളിൽ നോട്ടുകൾ പൊതിഞ്ഞുസൂക്ഷിച്ചത് കണ്ടെത്തി. കറുകച്ചാലിലെയും നെടുങ്കുന്നത്തെയും എസ്.ബി.ടി ജീവനക്കാരെ വിളിച്ചുവരുത്തി പരിശോധിച്ചാണ് കള്ളനോട്ടാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കറുകച്ചാൽ മേഖല കേന്ദ്രീകരിച്ച് നി൪മാണപ്രവ൪ത്തനങ്ങൾക്കും കൂലിപ്പണിക്കും തൊഴിലാളികളെ എത്തിച്ചുനൽകുകയാണ് ഇവ൪  ചെയ്തിരുന്നത്. ഇവരോടൊപ്പം താമസിക്കുന്ന ഏതാനും തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.
കുറെ നാളായി കറുകച്ചാൽ മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായിരുന്നു. ചെറിയ തുകയുടെ സാധനങ്ങൾ വാങ്ങിയശേഷം അഞ്ഞൂറിൻെറ നോട്ടുകൾ നൽകുകയാണ് പതിവ്.  അഞ്ഞൂറിൻെറ നോട്ടുകൾ കൂലിയായി കിട്ടിയതാണെന്ന് കരുതിയാണ് കച്ചവടക്കാ൪ ഇടപാടുകൾ നടത്തിയത്.
നേപ്പാളിലെ ഇവരുടെ ബന്ധുക്കൾ വഴിയാണ് കള്ളനോട്ടുകൾ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.  കോട്ടയം ജില്ലാ പൊലീസ് ചീഫിൻെറ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. ചങ്ങനാശേരി കോടതി അവധിയായതിനാൽ അറസ്റ്റ് ചെയ്ത പ്രതികളെ കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ളാസ് കോടതി മുമ്പാകെ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.