കെ.ജി. സുബ്രഹ്മണ്യന്‍ അന്തരിച്ചു

വഡോദര (ഗുജറാത്ത്): ഇന്ത്യന്‍ ചിത്രകലയെ എക്കാലവും ആധുനികമായി നിലനിര്‍ത്തിയ ആചാര്യന്‍ കെ.ജി. സുബ്രഹ്മണ്യന്‍ (93) അന്തരിച്ചു. വഡോദരയിലെ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു നിറപ്പകിട്ടാര്‍ന്ന ആ കലാജീവിതത്തിന്‍െറ അന്ത്യം. മരിക്കുമ്പോള്‍ ഏകമകള്‍ ഉമ അടുത്തുണ്ടായിരുന്നു.

1924ല്‍ കൂത്തുപറമ്പില്‍ ജനിച്ച സുബ്രഹ്മണ്യന്‍ മദ്രാസ് പ്രസിഡന്‍സി കോളജിലെ ബിരുദപഠനകാലത്ത് ക്വിറ്റിന്ത്യാസമരത്തില്‍ ആകൃഷ്ടനായി. ആറുമാസം തടവുശിക്ഷയും അനുഭവിച്ചു. 1944ല്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ കലാപഠനത്തിനുചേര്‍ന്ന അദ്ദേഹം നന്ദലാല്‍ ബോസ്, ബിഹാരി മുഖര്‍ജി, രാം കിങ്കര്‍ ബൈജ് എന്നീ വിഖ്യാതരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് ചിത്രകല അഭ്യസിച്ചത്. ഇന്ത്യന്‍ ചിത്രകലയുടെ ആധുനികതയിലേക്കുള്ള കുതിപ്പില്‍ ഇവര്‍ക്കൊപ്പം നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായി. 1951ല്‍ ബറോഡ എം.എസ് സര്‍വകലാശാലയിലെ ഫൈനാര്‍ട്സ് ഫാക്കല്‍റ്റി അംഗമായി. 2004 വരെ വിശ്വഭാരതിയിലും ബറോഡയിലും ഡീനും പ്രഫസറുമായിരുന്നു. കലാകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന സുശീല ജസ്റയാണ് ഭാര്യ. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു. 1981ല്‍ കാളിദാസ സമ്മാന്‍ ലഭിച്ചു. 2001ല്‍ കേരളം രവിവര്‍മ പുരസ്കാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.