സുരക്ഷ ഉറപ്പുനല്‍കി വിദേശകാര്യ മന്ത്രി; ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ സമരം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ആക്രമണങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും പൂര്‍ണ സുരക്ഷയും സഹകരണവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്താനുള്ള നീക്കം ആഫ്രിക്കന്‍ വിദ്യാര്‍ഥി കൂട്ടായ്മ ഉപേക്ഷിച്ചു. തലസ്ഥാനത്ത് കോംഗോ സ്വദേശി കൊല്ലപ്പെടുകയും നിരവധി ആഫ്രിക്കന്‍ വംശജര്‍ ആക്രമണത്തിനിരയാവുകയും ചെയ്തതിനെതുടര്‍ന്നാണ് ജന്തര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങിയത്.  
വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട ആഫ്രിക്കന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്തത്.

കൊലപാതകത്തെ അപലപിച്ച മന്ത്രി അത് വംശീയ അതിക്രമമല്ല എന്നും പറഞ്ഞു. ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മസുന്ദാ ഒലിവര്‍ എന്ന 29കാരന്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരം മാത്രമല്ല വേദനാജനകവുമാണെന്ന് സുഷമ പറഞ്ഞു. എന്നാലത് വംശീയ അതിക്രമമല്ല.സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഒലിവറിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് കളങ്കമാവുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദേശകാര്യമന്ത്രാലയം ദേശീയതല ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കും. ആഫ്രിക്കന്‍ സ്വദേശികള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കും. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മൂന്നാഴ്ച ആശുപത്രിയിലായിരുന്ന സുഷമ തിരിച്ചത്തെിയ ശേഷം നടത്തുന്ന ആദ്യ ഇടപെടലായിരുന്നു ചൊവ്വാഴ്ചത്തേത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.