ഒൗറംഗാബാദ് ആയുധവേട്ട കേസ്: അബു ജുന്ദല്‍ കുറ്റക്കാരനെന്ന് മോക്ക കോടതി

മുംബൈ: 2006ലെ ഒൗറംഗാബാദ് ആയുധവേട്ട കേസില്‍ അബൂ ജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരി കുറ്റക്കാരണാണെന്ന് മുംബൈയിലെ മോക്ക കോടതി. മുംബൈ ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനും ലശ്കറെ ത്വയ്ബ തീവ്രവാദിയുമായ അബു ജുന്ദാല്‍ ഉള്‍പ്പെടെ കേസില്‍  12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റക്കാര്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സി നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കേസില്‍ 22 പേരാണ് വിചാരണ നേരിട്ടത്. 10 പേരെ കോടതി കുറ്റവിമുക്തരാക്കി.
2012 ജൂണില്‍ സൗദി അറേബ്യയില്‍ പിടിയിലായ അബൂ ജുന്ദലിനെ ഇന്ത്യക്കു കൈമാറുകയായിരുന്നു. ഇയാള്‍ മുഖ്യപ്രതിയായ ഒൗറംഗാബാദ് ആയുധവേട്ട കേസിന്‍റെ വിചാരണ  2013 മാര്‍ച്ചിലാണ് മുംബൈയിലെ മോക്ക സ്പെഷ്യല്‍ കോടതിയിലേക്ക് മാറ്റിയത്.
2006 മേയ് 8 നാണ് മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സ്ക്വാഡ് കാറില്‍ ആയുധങ്ങളുമായി കടക്കുകയായിരുന്ന മൂന്നംഗ സംഘത്തെ പിടികൂടിയത്. 30 കിലോ ആര്‍.ഡി.എക്സ്, 10 എ.കെ 47 തോക്കുകള്‍, 3200 ഓളം വെടിയുണ്ടകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ മഹാരാഷ്ട്ര എ.ടി.എസ് പിടിച്ചെടുത്തു. എന്നാല്‍ അബു ജിന്ദാലിന്‍്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കടത്തിയ മറ്റൊരു കാര്‍ എ.ടി.എസ് സേനാംഗങ്ങളെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കേസില്‍ 22 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
2006 ലെ കേസുള്‍പ്പെടെ മുംബൈ ഭീകരാക്രമണം, നാസിക് പൊലീസ് ട്രെയ്നിങ് ക്യാമ്പ് ആക്രമണം, ജര്‍മന്‍ ബേക്കറി സ്ഫോടനം തുടങ്ങിയ കേസുകളില്‍ ഇയാളുടെ പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രം 2013 ല്‍ എ.ടി.എസ് സമര്‍പ്പിച്ചു.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലുള്ള ബീഡ് നിവാസിയാണ് അബൂ ജുന്ദല്‍. 2012ല്‍ സൗദി പിടികൂടിയതോടെയാണ് മുംബൈ ഭീകരാക്രമണക്കേസിലെ  പിടികിട്ടാപ്പുള്ളി സാബിഉദ്ദീന്‍ അന്‍സാരിയെന്ന അബൂ ജുന്ദല്‍ ഒൗറംഗാബാദ് കേസിലും പ്രതിയാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വെളിപ്പെടുത്തിയത്.

2006ലെ ഒൗറംഗാബാദ് ആയുധവേട്ടയോടെ ഇയാളെ കാണാതാവുകയായിരുന്നു.  2008ല്‍ മുംബൈ ആക്രമിച്ച കസബ് അടക്കമുള്ള ഭീകരരെ ഹിന്ദി പഠിപ്പിച്ചതും ആക്രമണസമയത്ത് കറാച്ചിയില്‍ ലശ്കറെ ത്വയ്ബയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് അക്രമികള്‍ക്ക് ഫോണിലൂടെ നിര്‍ദേശം നല്‍കിയതും അബൂജുന്ദലാണെന്നാണ് കണ്ടത്തെല്‍. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. മുംബൈയിലെ ഭീകരാക്രമണക്കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.