?????????? ?????? ????? ????????

വരൂ, രണ്ടുചുവട് നടക്കാം; ഒപ്പം മഹാത്മജിയുണ്ട്

ന്യൂഡല്‍ഹി: ചരിത്രമുറങ്ങുന്ന രാഷ്ട്രപതിഭവന്‍ മുറ്റത്ത്  രാഷ്ട്രപിതാവ് ഗാന്ധിജിക്കൊപ്പം രണ്ടുചുവട് നടക്കണമെന്ന് ആഗ്രഹിക്കുന്നുവോ?  അസാധ്യമെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. രാഷ്ട്രപതി ഭവനില്‍  തയാറായ മ്യൂസിയത്തിലേക്ക് വരുക. നമുക്ക് മഹാത്മജിയോടൊപ്പം  നടക്കാം. പടമെടുക്കാം.   
വെര്‍ച്വല്‍ റിയാലിറ്റിയുടെ നവീന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള വിസ്മയം  രാഷ്ട്രപതി ഭവനില്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയ പുതിയ മ്യൂസിയത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് ഗാന്ധി-ഇര്‍വിന്‍ കരാര്‍.  

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വൈസ്രോയി ലോര്‍ഡ് ഇര്‍വിനുമായി കരാര്‍ ഒപ്പുവെച്ചത് 1931 മാര്‍ച്ച് അഞ്ചിന്.  കരാറൊപ്പിട്ട് അന്ന് വൈസ്രോയിയുടെ ബംഗ്ളാവായിരുന്ന ഇന്നത്തെ രാഷ്ട്രപതി ഭവനില്‍നിന്ന് പുറത്തേക്കുവന്ന ഗാന്ധിയെ കാത്ത് അനുയായികള്‍  ഏറെപ്പേരുണ്ടായിരുന്നു  മുറ്റത്ത്.  പ്രസ്തുത സന്ദര്‍ഭമാണ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പുനരവതരിപ്പിക്കുന്നത്. പ്രത്യേകം  തയാറാക്കിയ റൂമിലേക്ക് കടന്നാല്‍  മുന്നിലെ സ്ക്രീനില്‍ രാഷ്ട്രപതി ഭവനില്‍നിന്ന് കൈൂപ്പി  ഇറങ്ങിവരുന്ന ഗാന്ധിജിയെ കാണാം. അദ്ദേഹം പതുക്കെ നടന്നു തുടങ്ങുമ്പോള്‍ റൂമില്‍ കടന്നവരും പതുക്കെ നടക്കണം.  അപ്പോള്‍ മുന്നിലെ സ്ക്രീനില്‍ കാണുക രാഷ്ട്രപതി ഭവന്‍ മുറ്റത്ത് തങ്ങള്‍ ഗാന്ധിജിക്കൊപ്പം നടക്കുന്നതായാണ്.

ഒരുവേള യാഥാര്‍ഥ്യമെന്ന് തോന്നുംവി ധം മികച്ച നിലയിലാണ് ഇത് ഒരുക്കിയത്. രാഷ്ട്രപതി ഭവന്‍ കോംപ്ളക്സില്‍ ഒരുങ്ങിയ മ്യൂസിയത്തിന്‍െറ ഉദ്ഘാടനം ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവരും  പങ്കെടുക്കും.
രാജ്യത്തെ ആദ്യത്തെ ഭൂഗര്‍ഭ മ്യൂസിയം കൂടിയാണിത്.   മ്യൂസിയത്തിന്‍െറ രണ്ടുനില ഭൂമിക്ക് അടിയിലാണ്.  ഹെറിറ്റേജ് പദവിയുള്ള രാഷ്ട്രപതി ഭവന് അകത്ത് പുതിയ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. അതിനാലാണ് മ്യൂസിയത്തിന്‍െറ രണ്ടു നിലകള്‍ താഴേക്ക് പണിയേണ്ടി വന്നത്.

  രാഷ്ട്രപതി ഭവന്‍െറ ചരിത്രത്തിനൊപ്പം സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാള്‍വഴികളും  അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിലെ കാഴ്ചകള്‍. ദണ്ഡിയാത്ര, ജാലിയന്‍ വാലാബാഗ്, നെഹ്റു, പട്ടേല്‍, അംബേദ്കര്‍, അബുല്‍ കാലാം ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ ചര്‍ച്ചകള്‍ എന്നിവയുടെ പുനരാവിഷ്കാരമാണ് മുകള്‍നിലയിലെ കാഴ്ച. ഒന്നാം ബേസ്മെന്‍റ് നിലയില്‍ രാഷ്ട്രപതിമാരുടെ ജീവിതവും സംഭാവനകളും വിവരിക്കുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്  മുതല്‍ പ്രണബ് മുഖര്‍ജി വരെയുള്ളവരുടെ ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ഷന്‍ ഏവരെയും ആകര്‍ഷിക്കും. ഇവരെ അടുത്തുനിന്ന് നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനുഭവമാണ്  ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ നല്‍കുന്നത്.  രാഷ്ട്രപതിമാര്‍ക്ക് വിദേശങ്ങളില്‍നിന്ന് ലഭിച്ച അമൂല്യ സമ്മാനങ്ങളുടെ വലിയ ശേഖരമാണ് രണ്ടാം ബേസ്മെന്‍റിലെ കാഴ്ച.  ഗാന്ധിജയന്തി ദിനം മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.