ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് ഹരജി

ന്യൂഡല്‍ഹി: താഴ്വരയിലെ അക്രമങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ ഹൈകോടതി അടച്ചിട്ട സാഹചര്യത്തിലാണ് ജമ്മു-കശ്മീര്‍ ഭരണഘടനയിലെ വ്യവസ്ഥ അടിസ്ഥാനമാക്കി ജമ്മു-കശ്മീര്‍ നാഷനല്‍ പാന്തേഴ്സ് പാര്‍ട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

സുരക്ഷാസേനയുടെയും പൊലീസിന്‍െറയും കീഴിലായ താഴ്വരയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അരാജകത്വവും കുഴപ്പവുമാണെന്ന് പാന്തേഴ്സ് പാര്‍ട്ടി അഭിഭാഷകന്‍ ജസ്റ്റിസുമാരായ എഫ്.എം. ഖലീഫുല്ല, എ.എം. ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍,  ജമ്മു-കശ്മീര്‍ ഭരണഘടനയുടെ 92ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യമുന്നയിച്ച് എന്തുകൊണ്ട് ജമ്മു-കശ്മീര്‍ ഹൈകോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയില്‍ വന്നുവെന്ന് ബെഞ്ച് ഹരജിക്കാരോട് ചോദിച്ചു. സംഘര്‍ഷം മൂലം ഹൈകോടതിയും അടച്ചിട്ടതുകൊണ്ടാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് വാദം കേള്‍ക്കാന്‍ ബെഞ്ച് സമ്മതിച്ചത്.

ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് സുരക്ഷാസേനയും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചത് പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ചര്‍ച്ച ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.