കശ്മീരിലേക്ക് കൂടുതല്‍ സേന: സംഘര്‍ഷം തുടരുന്നു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് മൂന്നാം ദിവസവും ശമനമായില്ല. കഴിഞ്ഞ ദിവസം ഒമ്പതുപേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ 300 കടന്നു. തിങ്കളാഴ്ചയും താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും ഏറ്റുമുട്ടി. സോപോറിലെ പൊലീസ് സ്റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 800 സി.ആര്‍.പി.എഫ് ഭടന്മാരെ കൂടുതലായി കശ്മീരിലേക്കയച്ചു. നേരത്തേ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ 1200 ഭടന്മാരെ നല്‍കിയിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതില്‍ ദു$ഖം രേഖപ്പെടുത്തുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.