പട്ന: എറണാകുളത്തുകാര്‍ക്ക് പെരുമ്പാവൂര്‍ അറിയുമെങ്കിലും അവിടത്തെ വളയന്‍ചിറങ്ങരയും പാത്തിപ്പാലവുമൊന്നും അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, പട്ന-എറണാകുളം എക്സ്പ്രസിന്‍െറ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ തിങ്ങിനിറഞ്ഞ ബിഹാറിലെ ഗ്രാമീണയുവാക്കള്‍ക്ക് പെരുമ്പാവൂരും ചെങ്ങന്നൂരും കോട്ടയവുമെല്ലാം കൈവെള്ളയിലെ രേഖകള്‍പോലെ സുപരിചിതം. ചിലര്‍ വോട്ടുചെയ്യാന്‍വേണ്ടി മാത്രം എത്തിയതാണ് ജന്മനാട്ടില്‍. ഒരുപാട് ജോലികള്‍ ബാക്കിയുള്ളതിനാല്‍ നവരാത്രി ആഘോഷത്തിനുപോലും കാത്തുനില്‍ക്കാതെ കുറെപേര്‍ മടങ്ങുന്നു.
‘സ്വര്‍ഗമാണു ഭായീ കേരളം. പണിയെടുക്കാന്‍ ഞങ്ങള്‍ക്കു മടിയില്ല, ഇവിടെ എല്ലുമുറിയെ പണിയെടുത്താലും 200 രൂപപോലും കിട്ടില്ല. കേരളത്തില്‍ അങ്ങനെയല്ല, 500 രൂപയെങ്കിലും കിട്ടാത്ത ദിവസങ്ങളില്ല’-ചോറ്റാനിക്കരയില്‍ ജോലിചെയ്യുന്ന പവന്‍കുമാര്‍ പറയുന്നു. പണ്ടൊക്കെ ഏജന്‍റുമാര്‍ ഞങ്ങളെ പറ്റിച്ച് കമീഷന്‍ തട്ടിയെടുത്തശേഷമാണ് കൂലി നല്‍കിയിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ നേരിട്ട് പണി തേടിത്തുടങ്ങി. അതോടെ, ചൂഷണം കുറഞ്ഞു. ആറുവര്‍ഷമായി അവിടെ ജോലിനോക്കുന്നു. കെട്ടിടംപണിയും പെയിന്‍റിങ്ങുമാണ് മുഖ്യമായും ചെയ്യുന്നത്. പെങ്ങളുടെ കല്യാണത്തിന് പണം നല്‍കിയതും വീട് പുതുക്കിപ്പണിയാന്‍ വഴിയൊരുക്കിയതുമെല്ലാം കേരളമാണ്.
എന്നാല്‍, ചിലയിടങ്ങളില്‍ നാട്ടുകാരില്‍നിന്ന് മോശം ഇടപെടലാണുണ്ടാകുന്നതെന്ന് മോഹന്‍ദാസ് എന്ന മധ്യവയസ്കന്‍ പറയുന്നു. ബിഹാറിലെ ദുരിതവും ജാതിദ്രോഹങ്ങളും സഹിക്കാനാവാതെയാണ് കേരളത്തിലേക്ക് പോയത്. ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ പൊലീസും നാട്ടുകാരും ഒന്നിലേറെതവണ ബുദ്ധിമുട്ടിച്ച ദുരനുഭവം തനിക്കുണ്ടായിട്ടുണ്ട്. എന്നാലും, മരിക്കുംവരെ കേരളത്തില്‍ പണിയെടുത്ത് ജീവിക്കാന്‍തന്നെയാണ് ഇദ്ദേഹത്തിന്‍െറ തീരുമാനം. തൊഴിലില്ലായ്മ പരിഹരിക്കുന്ന പാര്‍ട്ടിക്കാണ് താന്‍ വോട്ടുചെയ്തതെന്ന് ദിനേശ് പറഞ്ഞത് തീവണ്ടിമുറിക്കുള്ളില്‍ കൂട്ടുകാര്‍ക്കിടയില്‍ ചെറുതര്‍ക്കത്തിനും കാരണമായി.
രണ്ടുലക്ഷത്തില്‍ കുറയാത്ത ബിഹാര്‍ സ്വദേശികള്‍ കേരളത്തിലുണ്ടാവുമെന്നാണ് കണക്ക്. എന്നാല്‍, ഇവര്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നോ എന്തു ജോലിയാണ് ചെയ്യുന്നതെന്നോ വീട്ടുകാര്‍ക്കുപോലും അറിയില്ല. മുസഫര്‍പുര്‍ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍വെച്ചുകണ്ട അശോക് പാസ്വാന്‍െറ മകന്‍ സുനില്‍ കേരളത്തിലാണ് ജോലിചെയ്യുന്നത് എന്നുമാത്രം അറിയാം. ഏതോ ഏജന്‍റ് കൊണ്ടുപോയതാണ്. മകന്‍െറ നമ്പര്‍പോലും ഇദ്ദേഹത്തിന്‍െറ പക്കലില്ല. അവന്‍ ഇടക്ക് വിളിക്കും. എഴുത്തും വായനയുമൊന്നും അറിയാത്തതുകൊണ്ട് നമ്പര്‍ കുറിച്ചുവെച്ചിട്ടില്ല. ഇടക്ക് പണം അയക്കുന്നുണ്ട്. അതുകൊണ്ട് സുഖമായിരിക്കും എന്നു വിശ്വസിക്കുന്നു. തൊഴിലില്ലായ്മയാണ് ബിഹാറിന്‍െറ കൊടുംശാപങ്ങളിലൊന്ന്. അതു മറികടക്കാനും ജീവിതം തിരിച്ചുപിടിക്കാനും തുണയാവുന്ന കേരളത്തെ അവര്‍ സ്വന്തംമണ്ണായി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.