മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ഭരണസഖ്യം വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന ഭീതിയില്‍ ശിവസേന നേതൃത്വം. 63 എം.എല്‍.എമാരുള്ള പാര്‍ട്ടിയെ ബി.ജെ.പി പിളര്‍ത്തുമെന്ന ഭീതിയാണ് സേനാ നേതൃത്വത്തിനുള്ളതെന്നാണ് സൂചന. നിലവില്‍ ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ രണ്ടുതട്ടിലാണ്. അധികാരംവിടാന്‍ സേനയിലെ പ്രമുഖരായ ഒരു വിഭാഗം തയാറല്ല. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്വാധീനമേറുന്നതും സേനയെ അലട്ടുന്നു.
ഭരണസഖ്യം തുടരണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ബിഹാര്‍ നിയമസഭ, മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോമ്പിവലി നഗരസഭാ തെരഞ്ഞെടുപ്പുകളുടെ ഫലംവരെ കാത്തിരിക്കാനാണ് സേനയിലെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. 2014ല്‍ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ വിജയത്തിലത്തെിച്ച നരേന്ദ്ര മോദി തരംഗത്തിന്‍െറ അവസ്ഥയെന്തെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നാണ് സേനയുടെ കണക്കുകൂട്ടല്‍. ബിഹാറില്‍ ബി.ജെ.പിക്ക് പരിക്കേല്‍പിക്കുക എന്ന ലക്ഷ്യത്തോടെ 150ഓളം സ്ഥാനാര്‍ഥികളെയാണ് ശിവസേന നിര്‍ത്തിയത്. ബി.ജെ.പി വിമതരെയോ പ്രാദേശികതലത്തില്‍ പ്രാധാന്യമുള്ളവരെയോ ആണ് സേന അവിടെ സ്ഥാനാര്‍ഥികളാക്കിയത്.
ശിവസേനയുടെ നിലനില്‍പ് മുംബൈ നഗരസഭ ഭരണമാണ്. 2017ല്‍ നടക്കാനിരിക്കുന്ന മുംബൈ നഗരസഭാ തെരഞ്ഞെടുപ്പാണ് ശിവസേനക്ക് ഏറ്റവും പ്രധാനം. നിലവിലെ രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിയുടെ വളര്‍ച്ചയും ശിവസേനയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കല്യാണ്‍-ഡോമ്പിവലി നഗരസഭാ തെരഞ്ഞെടുപ്പ് ഫലം മുംബൈ നഗരസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. നിലവില്‍ കല്യാണ്‍-ഡോമ്പിവലി, മുംബൈ നഗരസഭകളില്‍ ബി.ജെ.പിക്ക് അംഗങ്ങള്‍ കുറവാണ്. ബി.ജെ.പിക്ക് സ്വാധീനമേറുന്ന സാഹചര്യത്തില്‍ അണികളെ പാര്‍ട്ടിയുടെ പരമ്പരാഗത ആക്രമണശൈലിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സേന. പരമാവധി അവസരങ്ങള്‍ മുതലെടുത്ത് ബി.ജെ.പിയെ പ്രഹരിക്കാനാണ് പാര്‍ട്ടിയിലെ തീപ്പൊരികളായ നേതാക്കള്‍ക്ക് മുകളില്‍നിന്നുള്ള നിര്‍ദേശമെന്ന് അറിയുന്നു.
ഭരണത്തിലിരുന്നുകൊണ്ട് പാര്‍ട്ടി മുഖപത്രത്തിലൂടെ കടുത്ത വിമര്‍ശങ്ങള്‍ എയ്ത് ബി.ജെ.പി നേതൃത്വത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വീര്‍പ്പുമുട്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സേനാ നേതൃത്വം. ബി.ജെ.പി സര്‍ക്കാറുകളെയും പാക് അനുകൂല നിലപാടുകളെയും പരിഹസിക്കുന്നതായിരുന്നു വ്യാഴാഴ്ച പാര്‍ട്ടി മുഖപത്രത്തിന്‍െറ മുഖപ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.