ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടല്‍ ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.ഡി.എ സഖ്യകക്ഷി യോഗം അപൂര്‍ണമായി. വിശദ ചര്‍ച്ചകള്‍ക്കുശേഷം ഒരാഴ്ചകൊണ്ട് സീറ്റ് പങ്കുവെക്കല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചാണ് പിരിഞ്ഞത്. അനൗപചാരിക ചര്‍ച്ച മാത്രമാണ് നടന്നതെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയെന്നും മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി പറഞ്ഞു.
ഈ മാസം ആറിനോ ഏഴിനോ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. സംയുക്ത പ്രചാരണതന്ത്രവും ചര്‍ച്ചചെയ്തെന്ന് എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന്‍ പറഞ്ഞു. സീറ്റ് പങ്കുവെക്കല്‍ തന്ത്രം വെളിപ്പെടുത്തരുതെന്ന് അമിത് ഷാ സഖ്യകക്ഷി നേതാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജിതന്‍റാം മാഞ്ചി, രാംവിലാസ് പാസ്വാന്‍ എന്നിവരെ കൂടാതെ ചിരാഗ് പാസ്വാന്‍ (എല്‍.ജെ.പി), ഉപേന്ദ്ര കുശ്വാഹ (രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി), സംസ്ഥാന ബി.ജെ.പി നേതാവ് സുശീല്‍ മോദി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ബിഹാറിലെ 243 സീറ്റുകളാണ് പങ്കിടേണ്ടത്. ബി.ജെ.പിക്കെതിരെ യോജിച്ച നിലപാടെടുത്ത ജനതാദള്‍-യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവ സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതനുസരിച്ച് ആദ്യ രണ്ടു കക്ഷികള്‍ 100 വീതം സീറ്റുകളിലും കോണ്‍ഗ്രസ് 40ലും മത്സരിക്കും. മൂന്നു സീറ്റ് കിട്ടിയ എന്‍.സി.പി തൃപ്തരല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.