ശീന ബോറയുടെ കൊല നടത്തിയത് ആസൂത്രിതമായി

മുംബൈ: മകളുടെ കൊല നടത്തും മുമ്പ് ജഡം ഉപേക്ഷിക്കാനുള്ള സ്ഥലം ഇന്ദ്രാണി മുഖര്‍ജി കണ്ടത്തെിയിരുന്നതായി മുംബൈ പൊലീസ് വൃത്തങ്ങള്‍. 2012 ഏപ്രില്‍ 24നാണ് ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാം മനോഹര്‍ റായിയും ചേര്‍ന്ന് ശീനയെ കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിന്‍െറ തലേന്ന് ഡ്രൈവര്‍ക്കൊപ്പം ഇന്ദ്രാണി റായിഗഡിലെ പെന്‍ മേഖലയിലുള്ള ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ ചെന്ന് ജഡം നശിപ്പിക്കാന്‍ വിജനമായ സ്ഥലം കണ്ടത്തെുകയായിരുന്നുവത്രെ. മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയോട് മുംബൈയില്‍ എത്താനും ആവശ്യപ്പെട്ടു. അദ്ദേഹത്തിനായി നഗരത്തിലെ ഹോട്ടലില്‍ ഇന്ദ്രാണി മുറിയും ബുക് ചെയ്തിരുന്നു. കൊല നടന്ന ദിവസമാണ് ഖന്ന നഗരത്തില്‍ എത്തിയത്. അന്ന് വൈകീട്ട് ബാന്ദ്രയിലെ കോളജ് പരിസരത്ത് ശീനയെ എത്തിക്കണമെന്ന് രാഹുല്‍ മുഖര്‍ജിയോട് ഇന്ദ്രാണി ആവശ്യപ്പെടുകയും ചെയ്തു.

അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞാണത്രെ ശീനയെ വിളിപ്പിച്ചത്. സംഭവ ദിവസം വൈകീട്ട് ഏഴിന് രാഹുല്‍ ശീനയെ ബാന്ദ്രയില്‍ കൊണ്ടുവിട്ടു മടങ്ങി. ഇന്ദ്രാണിക്കൊപ്പം ഖന്നയെ കണ്ട ശീന കാറില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇന്ദ്രാണി പിടിച്ചുവലിച്ച് കാറിലിടുകയായിരുന്നു. പിന്നീട്, ഈസ്റ്റേണ്‍ എക്സ്പ്രസ്വേയില്‍വെച്ച് കൊലപ്പെടുത്തി. ഖന്ന ശീനയുടെ കൈകളും ഡ്രൈവര്‍ കാലുകളും പിടിച്ചുവെച്ചു. ഇന്ദ്രാണി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. എന്നാല്‍, കാറില്‍വെച്ച് തന്‍െറ ബോധം നഷ്ടപ്പെട്ടെന്നും ഉണരുമ്പോള്‍ ശീനയുടെ ജഡമാണ് കണ്ടതെന്നുമാണ് സഞ്ജീവ് ഖന്ന മൊഴി നല്‍കിയത്. കൊല നടത്തിയ ശേഷം ജഡം ബാഗിലാക്കി കാറിന്‍െറ ഡിക്കിയില്‍ സൂക്ഷിച്ചു. കാര്‍ പീറ്റര്‍ മുഖര്‍ജിയുടെ ഗാരേജില്‍ പാര്‍ക്ക് ചെയ്തു.

അടുത്ത ദിവസം പുലര്‍ച്ചെ നാലിനാണ് 85 കിലോമീറ്റര്‍ അകലെയുള്ള പെന്നില്‍ ചെന്ന് ജഡം കത്തിച്ചത്. കൃത്യത്തിന് ശേഷം മൂവരും മുംബൈയിലേക്കു മടങ്ങി. അന്നുതന്നെ ഖന്ന കൊല്‍ക്കത്തയിലേക്കും പോയി. ഒരു മാസത്തിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള ജഡം ഗ്രാമീണര്‍ കണ്ടത്തെുന്നത്. ഡി.എന്‍.എ പരിശോധനക്ക് സാമ്പിളുകളയച്ച റായിഗഡ് പൊലീസ് കൊലപാതക കേസിന് പകരം അപകട മരണത്തിനാണ് കേസെടുത്തത്. മൂന്ന് വര്‍ഷമായിട്ടും ഫോറന്‍സിക് റിപ്പോര്‍ട്ട് കൈപ്പറ്റിയുമില്ല. വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.