ന്യൂഡല്‍ഹി: ധീരതക്കുള്ള സൈനിക പുരസ്കാരം നേടിയ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കേണല്‍ മിതാലി മധുമിത സൈന്യത്തില്‍ തുടരാന്‍ പൊരുതുന്നു. 2010 ഫെബ്രുവരിയില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍നിന്ന് 19 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് 39കാരിയായ മിതാലിക്ക് ധീരതക്ക് അവാര്‍ഡ് ലഭിച്ചത്. രാജ്യത്തിന്‍െറ അഭിമാനം കാത്ത വനിതാ ഓഫിസറെ കോടതി കയറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍
അഞ്ചു മുതല്‍ 15 വര്‍ഷം വരെ സൈനിക സേവനത്തിന് അവസരം നല്‍കുന്ന ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ (എസ്.എസ്.സി) വഴി 2000ലാണ് മിതാലി മധുമിത ജോലിയില്‍ പ്രവേശിച്ചത്. 54 വയസ്സുവരെ സേനയില്‍ തുടരാന്‍ കഴിയുന്ന പെര്‍മനന്‍റ് കമീഷനിലേക്ക് (പി.സി) 2010 സെപ്റ്റംബറില്‍ അവസരം ലഭിച്ചെങ്കിലും വ്യക്തിപരമായ കാരണത്താല്‍ മിതാലി ഇത് വേണ്ടെന്നുവെച്ചു. എന്നാല്‍, അഫ്ഗാനില്‍നിന്ന് തിരിച്ചത്തെിയ ശേഷം സൈന്യത്തില്‍ തന്നെ തുടരണമെന്ന ആഗ്രഹത്താല്‍ ഇവര്‍ വീണ്ടും പെര്‍മെനന്‍റ് കമീഷനായി അപേക്ഷ നല്‍കിയെങ്കിലും സൈന്യം നിരസിച്ചു. മികച്ച സേവനം കണക്കിലെടുത്ത് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം മിതാലിക്ക് വേണ്ടി ശിപാര്‍ശ ചെയ്തെങ്കിലും പ്രതിരോധമന്ത്രാലയം അവഗണിച്ചു. ഇതിനെതിരെ സായുധ സേനാ ട്രൈബ്യൂണലില്‍ മിതാലി നല്‍കിയ അപ്പീലില്‍ വിധി അനുകൂലമായിരുന്നു.
മികച്ച സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥക്ക് സൈന്യത്തില്‍ സ്ഥിര നിയമനം നല്‍കണമെന്ന് കാണിച്ച് ട്രൈബ്യൂണല്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഈ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ ഇവരുടെ സേവനം അവസാനിപ്പിച്ചതായി കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ശരിയല്ളെന്ന് വിലയിരുത്തിയ ട്രൈബ്യൂണല്‍ സേനയിലെ പുരുഷ ഓഫിസര്‍മാര്‍ക്ക് തിരിച്ചുവരാന്‍ അവസരം നല്‍കുന്നത് പോലെ മിതാലിക്കും നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിരിച്ചുവിട്ടെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ വിരമിക്കല്‍ ആനുകൂല്യം വിതരണം ചെയ്തതുമില്ല.
ട്രൈബ്യൂണല്‍ ഇടപെട്ടതോടെ 2015 ഡിസംബര്‍വരെ വേതനമില്ലാതെ സേനയില്‍ തുടരാന്‍ മിതാലിക്ക് അവസരം നല്‍കുകയായിരുന്നു. തുടര്‍ന്ന് മിതാലിയെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
അപേക്ഷ ഏറെ വൈകിപ്പോയെന്നും ഈ ബാച്ചില്‍നിന്ന് സ്ഥിരനിയമനം നല്‍കേണ്ടവരുടെ പട്ടിക പൂര്‍ത്തിയായിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെന്നുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇത് കണക്കിലെടുത്ത് സായുധ സേനാ ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ആഗസ്റ്റ് മൂന്നിന് സ്റ്റേ ചെയ്യുകയായിരുന്നു. കൂടുതല്‍ വനിതകളെ സൈന്യത്തില്‍ കൊണ്ടുവരുമെന്ന് നിരന്തരം പ്രഖ്യാപിക്കുന്നതിനിടെയാണ് ധീരതകൊണ്ട് പേരെടുത്ത വനിതയെ സര്‍ക്കാര്‍ ഇടപെട്ട് ഒതുക്കുന്നത്. കേസ് നടപടികളുമായി ഇപ്പോഴും മുന്നോട്ടുപോവുകയാണ് മിതാലി.
യുദ്ധമുഖങ്ങളിലോ പടക്കപ്പലുകളിലോ പോര്‍വിമാനങ്ങളിലോ നിയമനം നല്‍കാത്തതിനാല്‍ വനിതകള്‍ക്ക് സാധാരണ ഗതിയില്‍ ധീരതക്കുള്ള അവാര്‍ഡുകള്‍ ലഭിക്കാറില്ല. എന്നാല്‍, അവിചാരിതമായുണ്ടായ ഭീകരാക്രമണ സാഹചര്യത്തില്‍ സാഹസികമായി നടത്തിയ ഇടപെടലാണ് ഈ അതുല്യ നേട്ടം മിതാലിക്ക് സമ്മാനിച്ചത്. സേനയുടെ അഭിമാനമായി മാറിയ ഒരു ഓഫിസര്‍ സൈന്യത്തിനെതിരത്തെന്നെ നിയമയുദ്ധം നടത്തേണ്ടിവരുന്നത് വലിയ അപമാനമാണെന്ന് മിതാലിയുടെ അഭിഭാഷക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.