687 റിസോഴ്സ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെ വിദ്യാഭ്യാസവകുപ്പ്

തിരുവമ്പാടി: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാനത്തെ 687 റിസോഴ്സ് അധ്യാപകര്‍ക്ക് രണ്ടുമാസത്തെ ശമ്പളം വിദ്യാഭ്യാസ വകുപ്പ് നല്‍കിയില്ല. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിയോഗിക്കപ്പെട്ട റിസോഴ്സ് അധ്യാപകര്‍ക്കാണ് ഓണം അടുക്കുമ്പോഴും വേതനം ലഭിക്കാത്തത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാത്തത്. കാഴ്ച-ചലന വൈകല്യമുള്ളവരും ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായ അധ്യാപകര്‍ ഉള്‍പ്പെടെയാണ് ദുരിതത്തിലായത്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐ.ഇ.ഡി.എസ്.എസില്‍ (ഇന്‍ക്ളൂസീവ് എജുക്കേഷന്‍ ഓഫ് ഡിസേബ്ള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ്) കാരാറടിസ്ഥാനത്തില്‍ ഹൈസ്കൂളുകളില്‍ നിയമിതരായവരാണ് റിസോഴ്സ് അധ്യാപകര്‍. 16.38 കോടിയാണ് റിസോഴ്സ് അധ്യാപകരുടെ ശമ്പളത്തിന് മാത്രമായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ചത്. 2015-16 വര്‍ഷത്തെ ഫണ്ട് മേയില്‍ സര്‍ക്കാറിന് ലഭിച്ചിരുന്നു. 725 അധ്യാപകര്‍ക്ക് 12 മാസം ശമ്പളം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചത്.

കേന്ദ്രം അനുവദിച്ച പ്രതിമാസ ശമ്പളത്തേക്കാളും 3935 രൂപ കുറച്ചാണ് 2015 ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലെ റിസോഴ്സ് അധ്യാപകര്‍ക്ക് വിതരണം ചെയ്തതെന്ന് വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. എം.എച്ച്.ആര്‍.ഡി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ശമ്പള അലോട്ട്മെന്‍റ് രേഖകള്‍ പ്രകാരം 2015 ഏപ്രില്‍ മുതല്‍ 22,600 രൂപയാണ് സംസ്ഥാനത്തെ റിസോഴ്സ് അധ്യാപകരുടെ വേതനം. എന്നാല്‍, അധ്യാപകര്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിച്ച വേതനം 18,665 രൂപയാണ്.

സംസ്ഥാനത്ത് ഐ.ഇ.ഡി.എസ്.എസ് പദ്ധതിയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. ശമ്പള വിതരണം വൈകിപ്പിക്കുന്നതിനും എം.എച്ച്.ആര്‍.ഡി വര്‍ധിപ്പിച്ച് നല്‍കിയ വേതനം നല്‍കാതിരിക്കുന്നതിനും പിന്നില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പങ്കുണ്ടെന്നാണ് അധ്യാപകരുടെ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.