മംഗളൂരു: അലീഗഢ് മുസ്ലിം സർവകലാശാലയുടെ (എ.എം.യു) 2025ലെ സർ സയ്യിദ് എക്സലൻസ് അവാർഡുകൾ ബിദാറിലെ ഷഹീൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. അബ്ദുൽ ഖദീർ, ഓക്സ്ഫഡ് സർവകലാശാല ബല്ലിയോൾ കോളജിലെ ഗ്ലോബൽ ആൻഡ് ഇംപീരിയൽ ഹിസ്റ്ററി പ്രഫ. ഫൈസൽ ദേവ്ജി എന്നിവർക്ക്.
പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ഷഹീൻ ഗ്രൂപ് ചെയർമാൻ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചാണ് ഖദീറിന് അവാർഡ് നൽകുന്നത്. 1989ൽ സ്ഥാപിതമായ ഷഹീൻ ഗ്രൂപ്പിന് നിലവിൽ 13 സംസ്ഥാനങ്ങളിലായി 500ൽ അധികം ഫാക്കൽറ്റികളുണ്ട്. 20,000ലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. സ്കൂളുകൾ, പി.യു, ഡിഗ്രി കോളജുകൾ എന്നിവക്കുപുറമെ നീറ്റ്, ജെ.ഇ.ഇ, യു.പി.എസ്.സി പരീക്ഷകൾക്കും ഹിഫ്ദ്-ഉൽ-ഖുർആൻ പ്ലസ്, മദ്റസ പ്ലസ് പ്രോഗ്രാമുകൾക്കും പരിശീലനം നൽകുന്നു.
അന്താരാഷ്ട്ര വിഭാഗത്തിന് 2,00,000 രൂപയും ദേശീയ വിഭാഗത്തിന് 1,00,000 രൂപയും കാഷ് അവാർഡുകൾ അടങ്ങുന്നതാണ് അവാർഡുകൾ. ദക്ഷിണേഷ്യൻ പഠനങ്ങൾ, ഇസ്ലാം, ആഗോളവത്കരണം, ധാർമികത എന്നീ വിഷയങ്ങളിലെ പ്രശസ്ത പണ്ഡിതനായ പ്രഫ. ദേവ്ജി, ഷികാഗോ സർവകലാശാലയിൽനിന്ന് ബൗദ്ധിക ചരിത്രത്തിൽ പിഎച്ച്.ഡിയും എം.എയും നേടി, ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽനിന്ന് ചരിത്രത്തിലും നരവംശശാസ്ത്രത്തിലും ബി.എ (ഡബിൾ ഓണേഴ്സ്) നേടി. താൻസാനിയയിൽ ജനിച്ച അദ്ദേഹം യേൽ, കോർണൽ, ഹാർവാർഡ്, ഷികാഗോ സർവകലാശാലകളിൽ പഠിപ്പിച്ചിട്ടുണ്ട്.
പ്രഫ. അസർമി ദുഖ്ത് സഫാവി അധ്യക്ഷനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രഫ. അനിസുർ റഹ്മാൻ, പ്രഫ. എ.ആർ. കിദ്വായ്, പ്രഫ. ഇംതിയാസ് ഹസ്നൈൻ, പ്രഫ. ഷാഫി കിദ്വായ് എന്നിവരായിരുന്നു അംഗങ്ങൾ. എ.എം.യു വൈസ് ചാൻസലർ പ്രഫ. നൈമ ഖാത്തൂൺ അംഗീകാരം നൽകി. 17ന് നടക്കുന്ന സർ സയ്യിദ് ദിന അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.