നദിക്കരയിൽ ആധാർ കണ്ടെത്തിയ ആധാർകാർഡ് കൂമ്പാരം
മംഗളൂരു: നേത്രാവതി നദിയുടെ തീരത്ത് ആധാർ കാർഡുകളുടെ കൂമ്പാരം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പുഡു ഗ്രാമ പഞ്ചായത്തിലെ ഫറംഗിപേട്ടയിലാണ് ഇവ കിടന്നത്. പുഡു നിവാസികളുടെ വിലാസമുള്ളതാണ് കാർഡുകൾ. തപാൽ അധികൃതർ വിതരണം ചെയ്യാതെ നദിയിൽ തള്ളിയതാണെന്ന് പുഡു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംലാൽ മാരിപ്പള്ള ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റംലാൽ മാരിപ്പള്ള
ആധാർ കാർഡുകൾ നദിക്കരയിൽ കണ്ട പ്രദേശവാസി ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിച്ചു. ആധാർ കാർഡുകളിൽ പുഡു ഗ്രാമത്തിൽ നിന്നുള്ളവരുടെ വിലാസങ്ങൾ കണ്ടെത്തി.
ആധാർ കാർഡുകളിലെ തിരുത്തലുകൾക്കും അപ്ഡേറ്റുകൾക്കുമായി നിരവധി ഗ്രാമീണർ അപേക്ഷിച്ചിട്ടുണ്ടെന്നും പുതുക്കിയ കാർഡുകൾ തപാൽ വഴി എത്തുന്നതുവരെ കാത്തിരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാർഡുകൾ ലഭിക്കാൻ വൈകിയതിനാൽ നിരവധി താമസക്കാർ സൈബർ സെന്ററുകളിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്കായി പ്രിന്റൗട്ടുകൾ എടുക്കുകയാണ്. ആധാർ കാർഡുകൾ വിലാസക്കാർക്ക് വിതരണം ചെയ്യാതെ ഉപേക്ഷിച്ചുവെന്ന് പരോക്ഷമായി തപാൽ വകുപ്പിനെ കുറ്റപ്പെടുത്തി അദ്ദേഹം ആരോപിച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പുഡു ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പിന്തുണയിൽ വിജയിച്ച അംഗങ്ങളുടെ ഭരണ സമിതിയാണ് നിലവിലുള്ളത്. ആകെ 34 അംഗങ്ങളിൽ കോൺഗ്രസ്- 27, ബി.ജെ.പി-ആറ്, എസ്.ഡി.പി.ഐ-ഒന്ന് എന്നിങ്ങിനെയാണ് കക്ഷി നില.
സമഗ്ര അന്വേഷണം വേണം -സ്പീക്കർ
യു.ടി. ഖാദർ
മംഗളൂരു: നേത്രാവതി നദി തീരത്ത് ആധാർ കാർഡുകളുടെ കൂട്ടം കണ്ടെത്തിയതിനെത്തുടർന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. സ്പീക്കർ പ്രതിനിധാനം ചെയ്യുന്ന മംഗളൂരു നിയമസഭ മണ്ഡലത്തിൽ പുഡു ഗ്രാമത്തിലെ ഫരംഗിപേട്ടിൽനിന്നാണ് കാർഡുകൾ കണ്ടെത്തിയത്.
ബംഗളൂരുവിലെ യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പ്രോജക്ട് മാനേജർക്ക് അയച്ച കത്തിൽ ഖാദർ, അടിയന്തര ഇടപെടലും ഉത്തരവാദികൾക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടു.
സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച സ്പീക്കർ ഇത്രയധികം ആധാർ കാർഡുകൾ നദീതീരത്ത് എങ്ങനെ എത്തിയെന്ന് കണ്ടെത്താനും ഉത്തരവാദികളെ തിരിച്ചറിയാനും സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ബന്ധപ്പെട്ട വകുപ്പ് മുഖേന എത്രയും വേഗം ഉചിതമായ നിയമനടപടികൾ ആരംഭിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.