നേത്രാവതിക്കരയിൽ ആധാർ കൂമ്പാരം; തപാൽ അധികൃതർ അന്വേഷണം തുടങ്ങി

മംഗളൂരു: പുഡു ഗ്രാമം ഫരംഗിപേട്ട പത്താം മൈൽ കല്ലിന് സമീപം നേത്രാവതി നദിയുടെ തീരത്ത് നിന്ന് ആധാർ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തപാൽ വകുപ്പ് അന്വേഷണം ആരംഭിച്ചു.

മംഗളൂരു തപാൽ അസി. സൂപ്രണ്ടും തപാൽ വകുപ്പിലെ ഇൻസ്പെക്ടർമാരും വെള്ളിയാഴ്ച പുഡു ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പ്രസിഡന്റ് റംലാൻ മാരിപ്പള്ളയുമായും മറ്റുള്ളവരുമായും ചർച്ച നടത്തി. എന്നാൽ ആധാർ കാർഡുകളുമായി ബന്ധപ്പെട്ട രേഖകൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം.

രേഖകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണെന്ന് മംഗളൂരു പോസ്റ്റൽ സൂപ്രണ്ട് രമേശ് പറഞ്ഞു. നദീതീരത്ത് നിന്ന് കണ്ടെത്തിയ കാർഡുകൾ നേരത്തെ പരിശോധിച്ചപ്പോൾ, അവ പുഡു ഗ്രാമത്തിലെ താമസക്കാരുടേതാണെന്ന് പറഞ്ഞിരുന്നു. ഫരംഗിപേട്ടിനടുത്തുള്ള മാരിപ്പള്ളയിലുള്ള പുഡു പോസ്റ്റ് ഓഫിസിൽ ഡെലിവറി ചെയ്യാൻ എത്തിച്ച കാർഡുകൾ വിതരണം ചെയ്യുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചിരുന്നു.

എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ ഇങ്ങനെയുള്ള സംഭവം നടന്നിട്ടില്ലെന്ന് തപാൽ അധികൃതർ പറഞ്ഞു. പുഡു പോസ്റ്റ് ഓഫീസിലെ നിലവിലെ ജീവനക്കാർ രണ്ട് വർഷമായി മാത്രമേ അവിടെ ജോലി ചെയ്യുന്നുള്ളൂ, അവർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സംഭവം നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.

2022 ഡിസംബർ വരെ ജോലി ചെയ്തിരുന്ന ജീവനക്കാർ നിലവിൽ മറ്റ് സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഇടക്ക് പ്രാദേശികമായി യോഗ്യതയുള്ള ഒരാൾ വകുപ്പിൽ സ്റ്റോപ്പ്-ഗ്യാപ് അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പുഡു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം സമർപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം ഫാറൂഖ്, പഞ്ചായത്ത് അംഗങ്ങളായ ഇഖ്ബാൽ സുജീർ, ഹിഷാം ഫറങ്കിപേട്ട്, ബദ്‌റുദ്ദീൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Aadhaar Cards Found Dumped on Netravathi Riverbank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.