മംഗളൂരു: ബ്ലൂബെറി ഹിൽസിൽ പുതിയ ടെക്നോളജി പാർക്ക് വികസിപ്പിക്കുന്നതിനുള്ള നിർദേശത്തിന് കർണാടക മന്ത്രിസഭ അംഗീകാരം. മന്ത്രി പ്രിയങ്ക് ഖാർഗെ ‘എക്സ്’ പോസ്റ്റിൽ അറിയിച്ചതാണിത്. ബ്ലൂബെറി ഹിൽസിലെ 3.28 ഏക്കർ സ്ഥലത്ത് 135 കോടി രൂപയുടെ നിക്ഷേപത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് പദ്ധതി ആരംഭിക്കുക. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ 11,000ത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഐ.ടി, ഫിൻടെക്, മറൈൻടെക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സാങ്കേതിക വിദ്യാധിഷ്ഠിത സംരംഭങ്ങളെ ആകർഷിക്കുന്നതിന് ഗ്രേഡ് എ ഓഫിസ് സ്ഥലം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, പ്ലഗ് ആൻഡ് പ്ലേ സൗകര്യങ്ങൾ എന്നിവ നിർദിഷ്ട ടെക്നോളജി പാർക്കിൽ ഉണ്ടാവും. കർണാടകയുടെ ജി.എസ്.ഡി.പിയിൽ മംഗളൂരു ക്ലസ്റ്റർ മാത്രം ഏകദേശം 5.5 ശതമാനം സംഭാവന ചെയ്യുന്നുണ്ട്.
ബംഗളൂരുവിനപ്പുറം കർണാടകയുടെ ഐ.ടി വളർച്ച വികേന്ദ്രീകരിക്കുന്നതിൽ പുതിയ ടെക്നോ പാർക്ക് പ്രധാന പങ്കു വഹിക്കും. സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവന സ്ഥാപനങ്ങൾ, ആഗോള സാങ്കേതിക പങ്കാളികൾ എന്നിവയെ പരിപോഷിപ്പിക്കുന്നതിലൂടെ തീരദേശ കർണാടകയിലെ തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുക എന്ന സർക്കാറിന്റെ വിശാലമായ ലക്ഷ്യവും നടപ്പാവുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.