ഓൾ ഇന്ത്യ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഗൾഫ് മേഖലയിലുൾപ്പെടെ നിലനിൽക്കുന്ന യുദ്ധാന്തരീക്ഷം ഏറെ വേദനാജനകമാണെന്നും അധികാരമോഹങ്ങൾ നടത്തുന്ന പോരാട്ടങ്ങളിൽ എന്നും ഇരയാക്കപ്പെടുന്നത് നിഷ്കളങ്ക മനുഷ്യരാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുദ്ധത്തിന് ഭാഷയോ, വര്‍ണമോ, മതമോ ഇല്ല. യുദ്ധം മതത്തിനതീതമാണ്. യുദ്ധം വിതക്കുന്നവർ തന്നെ അത് അവസാനിപ്പിക്കാൻ മുൻകൈയെടുക്കണം. ലോകം സമാധാനത്തിലേക്ക് എത്രയും വേഗം മടങ്ങിയെത്താൻ നമുക്ക് പ്രാർഥിക്കാം- അദ്ദേഹം ആഹ്വാനം ചെയ്തു.
ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മസംസ്കരണത്തിന്റെയും ക്ഷമയുടെയും മാസമായ റമദാൻ മനുഷ്യനെ സഹജീവികളോട് കൂടുതൽ കരുണയുള്ളവനാക്കി മാറ്റുന്നുവെന്ന് തങ്ങൾ ഓർമിപ്പിച്ചു. വിശപ്പും ദാഹവും അനുഭവിച്ചറിയുന്നതിലൂടെ പാവപ്പെട്ടവന്റെ വേദന തിരിച്ചറിയാനാണ് നോമ്പ് നമ്മെ പഠിപ്പിക്കുന്നത്. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. 5000ത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. സുലൈമാൻ മേല്പത്തൂർ റമദാൻ പ്രഭാഷണവും അനിൽ മുഹമ്മദ് പ്രഭാഷണവും നടത്തി. 50 ലേറെ വ്യതസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കെ.എം.സി.സി പ്രവര്‍ത്തിക്കുന്നു. ബംഗളൂരുവിലെ സേവനം എല്ലാവര്ക്കും മാതൃകയാണ്.
ഖുര്‍ ആനിന്റെ പ്രയോഗങ്ങള്‍ മനോഹരമായി പഠിക്കണം. മനുഷ്യത്വം നഷ്ടപ്പെടരുത്. ലോകത്തിലെ ഏറ്റവും വലിയ സ്ഥാനം മനുഷ്യനായിരിക്കുക എന്നതാണ്. ആത്മാവിനെ ശുദ്ധീകരിച്ചവന് വിജയിച്ചുവെന്നും സുലൈമാൻ മേല്പത്തൂർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ അന്തരിച്ച പ്രമുഖ വ്യവസായി പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം നൽകിയ അത്യാധുനിക ഐ.സി.യു/എൻ.ഐ.സിയു ഡി-ലെവൽ ആംബുലൻസ് ചടങ്ങിൽ സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു. ഇബ്രാഹിം ഹാജിയുടെ മകൻ പി.എ. അബ്ദുള്ള ഇബ്രാഹിം താക്കോൽ കൈമാറി. കാരുണ്യ പ്രവർത്തനങ്ങൾ കേവലം പ്രസംഗത്തിലല്ല മറിച്ച് പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന വലിയ സന്ദേശമാണ് ഇതിലൂടെ എ.ഐ.കെ.എം.സി.സി നൽകുന്നതെന്നും തങ്ങൾ കൂട്ടിച്ചെർത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണവും ചടങ്ങിൽ നടന്നു.
മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി റഹീം ഖാൻ, കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, കർണാടക സർക്കാർ ചീഫ് വിപ് സലീം അഹമ്മദ്, എം.എൽ.സി, ഡോ. പി.സി. ജാഫർ ഐ.എ.എസ്, എന്നിവർ വിശിഷ്ടാതിഥികളായി സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ. വികാസ്, അഡ്വ. ഇല്യാസ്, പി.കെ. ഷക്കീർ, കാഷിഫ് പാഷ, കാസർഗോഡ് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, സോമയ്യ, മധു എന്നിവരെ മെമന്റോ നൽകി ആദരിച്ചു. വിദ്യാര്‍ഥികൾക്കായി സോഷ്യൽ എംപവർമെന്റ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ഫ്യൂഷൻ സ്റ്റുഡന്റ്സ് ക്യാമ്പ് ശ്രദ്ധേയമായി. ഷാജി ഖാലിദ്, എം. ഹനീഫ്, അബ്ദുല്ല ഇബ്രാഹീം, സിറാജ് സേട്ട്, ജാഫര്‍ ഖാന് , നാസര്‍ നീലസാന്ദ്ര, സത്യന് പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ. എം.എ. അമീറലി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.