ബംഗളൂരു: നഗരത്തില്‍ അനധികൃതമായി താമസിച്ച 124 ബംഗ്ലാദേശി പൗരന്മാരെ സെൻട്രൽ ക്രൈം ബ്രാഞ്ചിലെ (സി.സി.ബി) ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യേക ഓപറേഷനിൽ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.
സി.സി.ബി. ഉദ്യോഗസ്ഥരും ജീവനക്കാരും അടങ്ങുന്ന നാല് പ്രത്യേക സംഘങ്ങൾ കടുഗോഡി, വർത്തൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടത്തിയ ഓപറേഷനിലാണ് സംഘത്തെ പിടികൂടിയത്. താൽക്കാലിക ഷെഡുകളിൽ താമസിച്ചു വരികയായിരുന്നു. 48 പുരുഷന്മാരും 42 സ്ത്രീകളും 34 കുട്ടികളുമടക്കം 124 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആര്.ആര്.ഒ) അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അനധികൃതമായി താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള പ്രത്യേക ഓപ്പറേഷൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി ബംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന 200 വിദേശ പൗരന്മാരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, സാമൂഹികക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഓപറേഷന് നടത്തിയത്. ഓപറേഷന് തുടരുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.