സ്പീക്കർ യു.ടി. ഖാദർ
മംഗളൂരു: കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ (സി.പി.എ) ഇന്ത്യൻ റീജനൽ സമ്മേളനം സെപ്റ്റംബർ 11 മുതൽ 14 വരെ ബംഗളൂരുവിൽ നടക്കുമെന്ന് നിയമസഭ സ്പീക്കസ്പീക്കർ യു.ടി. ഖാദർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒമ്പത് കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിന് ശേഷം, സെപ്റ്റംബർ 14 ന്, ചാമുണ്ടി ഹിൽസ്, മൈസൂർ കൊട്ടാരം, ബൃന്ദാവൻ ഗാർഡൻസ് എന്നിവിടങ്ങളിലേക്ക് പര്യടനം സംഘടിപ്പിച്ചിട്ടുണ്ട്. ലോക്സഭ സ്പീക്കർ ഓം ബിർളയാണ് സമ്മേളനം നയിക്കുകയെന്നും യു.ടി. ഖാദർ അറിയിച്ചു.
അടുത്ത സംസ്ഥാന മന്ത്രിസഭ യോഗം ബിജാപുരിൽ ചേരുമെന്നും ഒരു സെഷൻ മംഗളൂരുവിൽ സംഘടിപ്പിക്കാന സർക്കാർ താൽപര്യം പ്രകടിപ്പിച്ചതായും സ്പീക്കർ പറഞ്ഞു. മംഗളൂരുവിൽ മന്ത്രിസഭ യോഗം നടത്താനുള്ള നിർദേശത്തെക്കുറിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇതിനകംതന്നെ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ ദീർഘകാലമായി നിലനിൽക്കുന്ന നിരവധി ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ഉയർത്തുന്നു.
തീരദേശ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഖനി, ടൂറിസം വകുപ്പുകളുടെ മന്ത്രിമാരും ജില്ല ചുമതലയുള്ള മന്ത്രിയും ഇതിനകം അവലോകന യോഗം നടത്തി. തദ്ദേശ പ്രതിനിധികൾ അവരുടെ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും വ്യവസായിക വികസന സംരംഭങ്ങളും ആവശ്യമാണ്. കോട്ടേപുര മുതൽ ബൊളാറ വരെയുള്ള ഒന്നര കിലോമീറ്റർ നീളമുള്ള 200 കോടി രൂപയുടെ നിർദിഷ്ഠ ഇരട്ട പാലത്തിന് നബാർഡിന്റെ അനുമതി കാത്തിരിക്കുകയാണ്.
പാലത്തോടൊപ്പം, 33 കോടി രൂപ ചെലവിൽ മൂന്ന് ടൂറിസ്റ്റ് വ്യൂവിങ് ഡെക്കുകളും നിർമിക്കും. സമീപത്തുള്ള ദ്വീപിലേക്ക് പ്രവേശനം നൽകാനുള്ള പദ്ധതികളും ഉണ്ടാകും. ഞായറാഴ്ചകളിൽ, കുടുംബങ്ങൾക്ക് കാഴ്ച ആസ്വദിക്കാൻ പാലത്തിൽ കുറച്ച് മണിക്കൂർ വാഹന ഗതാഗതം നിർത്തിവെക്കും. നബാർഡിന് സാങ്കേതിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ടെൻഡറുകൾ ക്ഷണിക്കും.
മംഗളൂരു നിയോജകമണ്ഡലത്തിൽ, ഏകദേശം 60 കോടി രൂപ ചെലവിൽ ഒരു എ.ഐ അധിഷ്ഠിത സുരക്ഷ സംവിധാനം നടപ്പിലാക്കാൻ പദ്ധതികൾ പുരോഗമിക്കുകയാണ്. ഇൻഫോസിസ് പോലുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക പിന്തുണയോടെ, എ.ഐ-പവർഡ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. പ്രാദേശിക വ്യവസായങ്ങളും ആശുപത്രികളും സഹകരിച്ചാൽ, പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.