ബംഗളൂരു: ഗ്രേറ്റർ ബംഗളൂരുവിന്റെ ഭാഗമായി പുതുതായി രൂപവത്കരിച്ച അഞ്ചു കോർപറേഷനുകളുടെ മേൽനോട്ടത്തിനായി 75 അംഗങ്ങളുള്ള ഗ്രേറ്റർ ബംഗളൂരു അതോറിറ്റി രൂപവത്കരിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയാവും ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയെ നയിക്കുക. ബംഗളൂരു നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വൈസ് ചെയർമാനാവും. കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയും കേന്ദ്ര മന്ത്രിയുമായ നിർമല സീതാരാമൻ, ബംഗളൂരു നഗരത്തിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ എന്നിവർ അംഗങ്ങളാണ്.
പുതുതായി രൂപവത്കരിച്ച അഞ്ചു കോർപറേഷനുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മേയർമാരും അതോറിറ്റി അംഗങ്ങളാവും. അതേസമയം, ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) ചീഫ് കമീഷണറായ എം. മഹേശ്വർ റാവുവിനെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമീഷണറായി അടിയന്തര പ്രാധാന്യത്തിൽ നിയമിച്ചതായും നഗര വികസന വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.
കഴിഞ്ഞ മേയ് 15ന് നിലവിൽവന്ന 2024ലെ ഗ്രേറ്റർ ബംഗളൂരു ആക്ട് പ്രകാരം, ബംഗളൂരു നഗര ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഏഴ് പുതിയ കോർപറേഷനുകൾ രൂപവത്കരിച്ച് ഭരണ വികേന്ദ്രീകരണമാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പിന്നീട് സർക്കാർ ഇത് അഞ്ചു കോർപറേഷനുകളാക്കി ചുരുക്കുകയായിരുന്നു.
ബംഗളൂരു വെസ്റ്റ് സിറ്റി കോർപറേഷൻ, ബംഗളൂരു സൗത്ത് സിറ്റി കോർപറേഷൻ, ബംഗളൂരു നോർത്ത് സിറ്റി കോർപറേഷൻ, ബംഗളൂരു ഈസ്റ്റ് സിറ്റി കോർപറേഷൻ, ബംഗളൂരു സെൻട്രൽ സിറ്റി കോർപറേഷൻ എന്നിവയാണ് രൂപവത്കരിച്ചത്. ബി.ബി.എം.പി പരിധിയിൽ മാത്രമാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും പ്രവർത്തിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മേയർക്കും ഡെപ്യൂട്ടി മേയർക്കും രണ്ടര വർഷമാണ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.