വെഞ്ഞാറമൂട്: നെല്ലനാട്, വാമനപുരം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന കുറ്ററ പമ്പ്ഹൗസിൽ ആവശ്യത്തിന് പമ്പില്ല. കുടിവെള്ളമെത്തുന്നത് നാലു ദിവസത്തിലൊരിക്കൽ മാത്രം. വാമനപുരം നദിയിലെ കുറ്ററ പമ്പ്ഹൗസിൽ നാല് പമ്പുകളുണ്ടെങ്കിലും എല്ലാം 30-40 കുതിരശക്തിയുള്ള പഴക്കം ചെന്നവയാണ്. കാലപ്പഴക്കമുള്ളതിനാൽ ക്ഷമതയും കുറവാണ്. ഒരു സമയം രണ്ടു പമ്പുകൾ പ്രവർത്തിപ്പിച്ച് ഒന്ന് കരിഞ്ചാത്തി ടാങ്കിലേക്കും മറ്റൊന്ന് കൈലാസത്തുകുന്ന് ടാങ്കിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും മൂലം പമ്പിങ് ഇടക്കിടെ മുടങ്ങുന്നത് പതിവാണ്. അതിെൻറ കൂടെ ശക്തി കുറഞ്ഞ പമ്പ് കൂടിയാകുമ്പോൾ മുഴുവൻ സമയം പമ്പ് ചെയ്താലും ടാങ്കുകൾ നിറയില്ല. ഇതുമൂലം ഓരോ പ്രദേശങ്ങളിൽ നാലു ദിവസത്തിലൊരിക്കൽ മാത്രമാണ് കുടിവെള്ളം നൽകുന്നത്. ഇവിടെ ക്ഷമത കൂടിയ പുതിയ പമ്പുകൾ സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പൈപ്പ് ലൈൻ നീട്ടലിന് കോടികൾ ചെലവഴിക്കുമ്പോഴും ആറോ ഏഴോ ലക്ഷം രൂപ മുടക്കി പുതിയ പമ്പ് വാങ്ങി സ്ഥാപിക്കാൻ ജല അതോറിറ്റിയോ പഞ്ചായത്തുകളോ തയാറാകുന്നില്ല. 80 കുതിരശക്തിയുള്ള പമ്പ് സെറ്റ് സ്ഥാപിച്ചാൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സാധിക്കും. പുതിയ പമ്പ്സെറ്റുകൾ സ്ഥാപിക്കുന്നതുമൂലം വൈദ്യുതി ലാഭിക്കാനും ഇടക്കിടെയുള്ള അറ്റകുറ്റപ്പണി ഒഴിവാക്കാനും സാധിക്കും. നാലു ദിവസത്തിലൊരിക്കൽ മാത്രം കുടിവെള്ളം ലഭിക്കുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.